വീണ്ടും നോവിച്ച് പണപ്പെരുപ്പം; വിപണിയിൽ തകർച്ച, കുതിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും സൗത്ത് ഇന്ത്യന്‍ ബാങ്കും
തിരിച്ചുകയറി പേയ്ടിഎം, മിഡ്ക്യാപ്പ് ഓഹരികളില്‍ വീണ്ടും സമ്മര്‍ദ്ദം, നിക്ഷേപക സമ്പത്തില്‍ നിന്ന് 1.5 ലക്ഷം കോടി കൊഴിഞ്ഞു
ഒരിടവേളയ്ക്ക് ശേഷം വീണ്ടും നോവിച്ച് അമേരിക്കന്‍ പണപ്പെരുപ്പം, ആശ്വാസത്തിന് ഒരു ദിവസത്തെ മാത്രം ആയുസ് നല്‍കി വീണ്ടും കൂപ്പുകുത്തിയ മിഡ്ക്യാപ്പ് ഓഹരികള്‍, ഇന്ധനവില കുറച്ച നടപടിയില്‍ തെന്നിവീണ എണ്ണക്കമ്പനി ഓഹരികള്‍, ഇലക്ടറല്‍ ബോണ്ടുവഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കി വെട്ടിലായ കമ്പനികള്‍... ഇന്ത്യന്‍ ഓഹരി സൂചികകളെ ഇന്ന് കാത്തിരുന്നത് ഇത്തരം ആഭ്യന്തര-വിദേശ വെല്ലുവിളികളായിരുന്നു.
ഇന്നൊരുവട്ടം പോലും ഇന്നലത്തെ ക്ലോസിംഗ് പോയിന്റിന് മുകളിലേക്കുയരാന്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് കഴിഞ്ഞില്ല. തുടക്കം മുതല്‍ യാത്ര നഷ്ടപാതയില്‍ തന്നെയായിരുന്നു. ഓഹരി വിപണികളുടെ ഭാവി സമീപകാലത്തെങ്ങും അത്ര ശോഭനമല്ലെന്ന് ചിന്തിക്കുന്നവര്‍ (ഇവരെ 'കരടികള്‍' എന്നാണ് വിശേഷിപ്പിക്കാറുള്ളത്) വില്‍പനസമ്മര്‍ദ്ദം കനപ്പിച്ചതും ഇന്ന് വിപണിയെ ഉലച്ചു.
സെന്‍സെക്‌സ് 453.85 പോയിന്റിടിഞ്ഞ് (-0.62%) 72,643.43ലും നിഫ്റ്റി 123.30 പോയിന്റ് (-0.56%) നഷ്ടവുമായി 22,023.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നൊരുവേള സെന്‍സെക്‌സ് 72,484 വരെയും നിഫ്റ്റി 21,931 വരെയും താഴ്ന്നിരുന്നു.
വീഴ്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍
ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം കുറഞ്ഞത് മൂന്നുതവണയെങ്കിലും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞമാസം അമേരിക്കയുടെ റീറ്റെയ്ല്‍ പണപ്പെരുപ്പം ജനുവരിയേക്കാള്‍ 0.4 ശതമാനം ഉയര്‍ന്ന് 3.2 ശതമാനത്തിലെത്തി. മൊത്തവില (wholesale) പണപ്പെരുപ്പം 0.3 ശതമാനമേ കൂടുകയുള്ളൂ എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കേ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഇത് 0.6 ശതമാനം ഉയര്‍ന്നു.
ഇതോടെ, അടുത്തകാലത്തെങ്ങും പലിശഭാരം കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വ് തയ്യാറാവില്ലെന്ന വിലയിരുത്തലുകള്‍ ശക്തമായിട്ടുണ്ട്. ഇതുമൂലം ആഗോള ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ച ഇന്ത്യന്‍ ഓഹരികളിലും ആഞ്ഞടിച്ചു.
എസ്.എം.ഇ ശ്രേണിയില്‍ തിരിമറികള്‍ നടക്കുന്നുണ്ടെന്ന സെബി മേധാവി മാധബി പുരി ബുചിന്റെ അഭിപ്രായം കഴിഞ്ഞദിവസങ്ങളില്‍ മിഡ്-സ്‌മോള്‍ക്യാപ്പ് ഓഹരികളെ ചോരപ്പുഴയാക്കി മാറ്റിയിരുന്നു. ഏതാണ്ട് നാല് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപമാണ് ഇതോടെ ഈ ശ്രേണിയിലെ ഓഹരികളില്‍ നിന്ന് കൊഴിഞ്ഞത്.
എന്നാല്‍, ഇന്നലെ വീഴ്ചകളൊക്കെ മറന്ന് മിഡ്-സ്‌മോള്‍ക്യാപ്പ് ഓഹരികള്‍ നേട്ടത്തിലേറിയിരുന്നു. ഇന്നുപക്ഷേ, സെബി നിര്‍ദേശിച്ച പ്രകാരം മിഡ്-ക്യാപ്പ് ഓഹരികളുടെ മൂല്യപരിശോധനാ നടപടികളുടെ വിവരങ്ങള്‍ മ്യൂച്വല്‍ഫണ്ടുകള്‍ പുറത്തുവിട്ടതോടെ ശ്രേണി വീണ്ടും ചുവന്നു. മിഡ്ക്യാപ്പ് ഓഹരികളിലാണ് വില്‍പനസമ്മര്‍ദ്ദം അലയടിച്ചത്.
പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ടുരൂപ കുറച്ച നടപടി പൊതുമേഖലാ എണ്ണവിതരണ കമ്പനികളുടെ ഓഹരികള്‍ക്ക് തിരിച്ചടിയായി. ഇലക്ടറല്‍ ബോണ്ടുവഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയ കമ്പനികളുടെ വിവരങ്ങള്‍ എസ്.ബി.ഐ വെളിപ്പെടുത്തിയിരുന്നു. ചില കമ്പനികളുടെ ഓഹരികളെ ഇതും വലച്ചു.
നിരാശപ്പെടുത്തിയവര്‍
സെന്‍സെക്‌സില്‍ ടാറ്റാ മോട്ടോഴ്‌സ്, എന്‍.ടി.പി.സി., മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക് എന്നിവ 2-5 ശതമാനം ഇടിഞ്ഞു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (HPCL), അപ്പോളോ ടയേഴ്‌സ്, ബയോകോണ്‍, ഇന്ത്യന്‍ ഓയില്‍ (IOCL), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റി 200ല്‍ 5-6.36 ശതമാനം നഷ്ടവുമായി ഏറ്റവുമധികം വീഴ്ച നേരിട്ടവ.
ഇന്ധനവില പരിഷ്‌കരണം എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയായി. ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച് എസ്.ബി.ഐ പുറത്തുവിട്ട പട്ടികയില്‍ അപ്പോളോ ടയേഴ്‌സുമുണ്ട്.
നേട്ടത്തിലേറിയവര്‍
തുടര്‍ച്ചയായ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ വിലക്ക് നേരിടുന്ന പേയ്ടിഎമ്മിന്റെ ഓഹരികള്‍ ഇന്ന് 5 ശതമാനം കുതിച്ച് അപ്പര്‍-സര്‍കീട്ടില്‍ തട്ടി. യു.പി.ഐ സേവനങ്ങള്‍ തുടരാന്‍ എന്‍.പി.സി.ഐയില്‍ നിന്ന് ലൈസന്‍സ് കിട്ടിയ പശ്ചാത്തലത്തിലാണ് ഈ മുന്നേറ്റം.
ഒഡീഷ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ (OCAC) 113.46 കോടി രൂപയുടെ കരാര്‍ ലഭിച്ച റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഹരി ഇന്ന് 9 ശതമാനം വരെ കുതിച്ചുയര്‍ന്നു. സെന്‍സെക്‌സില്‍ ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടി.സി.എസ് എന്നിവ നേട്ടത്തില്‍ മുന്നിലെത്തി.
പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്), സൊമാറ്റോ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, ആദിത്യ ബിര്‍ള ഫാഷന്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് 3.38 മുതല്‍ 5 ശതമാനം വരെ ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തിയത്. കോട്ടക്, എച്ച്.എസ്.ബി.സി എന്നീ ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ നിന്ന് 'വാങ്ങല്‍' (buy) സ്റ്റാറ്റസ് കിട്ടിയ പശ്ചാത്തലത്തിലാണ് സൊമാറ്റോ ഓഹരികളുടെ നേട്ടം.
വിപണിയുടെ ട്രെന്‍ഡ്
ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ വരുമാനത്തിന്റെ മുഖ്യപങ്കും നേടുന്നത് അമേരിക്കയിലാണ്. അമേരിക്ക വീണ്ടും പണപ്പെരുപ്പത്തിന്റെ പിടിയിലായെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന് ഐ.ടി ഓഹരികളെ ഉലച്ചു. നിഫ്റ്റി ഐ.ടി സൂചിക 0.47 ശതമാനം ഇടിഞ്ഞു.
ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 1.98 ശതമാനം, ഫാര്‍മ 0.95 ശതമാനം, ഓട്ടോ 1.57 ശതമാനം എന്നിങ്ങനെയും ഇടിഞ്ഞു. 0.42 ശതമാനം നഷ്ടത്തിലാണ് ബാങ്ക് നിഫ്റ്റിയുള്ളത്. എഫ്.എം.സി.ജി., മെറ്റല്‍ എന്നിവ 0.02-0.03 ശതമാനം ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.46 ശതമാനം ഇടിഞ്ഞപ്പോള്‍ സ്‌മോള്‍ക്യാപ്പ് 0.39 ശതമാനം കയറി.
നിഫ്റ്റി 50ല്‍ 11 കമ്പനികള്‍ നേട്ടത്തിലും 39 എണ്ണം നഷ്ടത്തിലുമായിരുന്നു. യു.പി.എല്‍, ഭാരതി എയര്‍ടെല്‍, എച്ച്.ഡി.എഫ്.സി ലൈഫ് എന്നിവ 1.5-3.18 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. 5 ശതമാനം താഴ്ന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് ഏറ്റവുമധികം ഇടിഞ്ഞ ഓഹരി. 4.15 ശതമാനം ഇടിഞ്ഞ് ബി.പി.സി.എല്‍ തൊട്ടുപിന്നാലെയുണ്ട്.
ബി.എസ്.ഇയില്‍ 1,275 ഓഹരികള്‍ നേട്ടത്തിലും 2,106 എണ്ണം നഷ്ടത്തിലുമായിരുന്നു. 105 ഓഹരികളുടെ വില മാറിയില്ല. 74 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 58 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് ശൂന്യമായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ രണ്ട് കമ്പനികളുണ്ടായിരുന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്തില്‍ നിന്ന് 1.50 ലക്ഷം കോടി രൂപ നഷ്ടമായി. 378.49 ലക്ഷം കോടി രൂപയായാണ് മൂല്യം താഴ്ന്നത്.
മിന്നിത്തിളങ്ങി കൊച്ചി കപ്പല്‍ശാലയും സൗത്ത് ഇന്ത്യന്‍ ബാങ്കും
പൊതുമേഖലാ ഓഹരികള്‍ കഴിഞ്ഞദിവസം നേരിട്ട കനത്ത തകര്‍ച്ച, നിരവധി പേരെ ആ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിലേക്ക് നയിച്ചിരുന്നു. ഇതേ ട്രെന്‍ഡ് ചില ഓഹരികളില്‍ ഇന്നും കണ്ടു.
ഇന്നലെ 10 ശതമാനം കുതിച്ചുയര്‍ന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഇന്ന് 10.54 ശതമാനം മുന്നേറി. കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് വിഷയത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കിട്ടിയ തിരിച്ചടി മറികടക്കാന്‍ അതിവേഗം നടപടികളെടുത്ത ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും ഇന്ന് മികച്ച പ്രകടനം ഓഹരി വിപണിയില്‍ കാഴ്ചവച്ചു. അവകാശ ഓഹരി വില്‍പനയ്ക്ക് കിട്ടിയ പ്രതികരണവും സൗത്ത് ഇന്ത്യന്‍ ബാങ്കിനെ തുണച്ചു; ഓഹരി ഇന്ന് കുതിച്ചത് 8.56 ശതമാനം.
ഫെഡറല്‍ ബാങ്ക് 3.01 ശതമാനം ഉയര്‍ന്നു. മുത്തൂറ്റ് കാപ്പിറ്റല്‍ (3.75%), ടി.സി.എം (3.48%), വെര്‍ട്ടെക്‌സ് (2.40%), ധനലക്ഷ്മി ബാങ്ക് (2.47%), സെല്ല സ്‌പേസ് (4.4%) എന്നിവയും ഇനന് തിളങ്ങി. അതേസമയം അപ്പോളോ ടയേഴ്‌സ് 5.93 ശതമാനം ഇടിഞ്ഞു. സി.എസ്.ബി ബാങ്ക് (-2.24%), ഫാക്ട് (-3.12%), കല്യാണ്‍ ജുവലേഴ്‌സ് (-3.75%), കേരള ആയുര്‍വേദ (-4.47%), കെ.എസ്.ഇ (-2.93%), ഈസ്റ്റേണ്‍ (-6.21%), സഫ സിസ്റ്റംസ് (-4.97%), ഡബ്ല്യു.ഐ.പി.എല്‍ (-4.98%), യൂണിറോയല്‍ (-4.70%) എന്നിവ നിരാശപ്പെടുത്തി.