ചുവപ്പിലേക്ക് വീണ് വിപണി; ഓയില്‍ ഇന്ത്യ, ബജാജ് ഓട്ടോ ഓഹരികള്‍ നഷ്ടത്തില്‍, കൊച്ചിൻ ഷിപ്പ്‌യാർഡിന് മുന്നേറ്റം

വിശാല വിപണിയില്‍ ഇന്ന് സൂചികകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്

Update:2024-10-15 18:34 IST
കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി ചൊവ്വാഴ്ച നഷ്ടത്തിലേക്ക് കൂപ്പുകുത്തി. വിപണി ആദ്യ സെഷനില്‍ ഇന്ന് ചാഞ്ചാട്ടത്തിന്റെ പാതയാണ് സ്വീകരിച്ചത്. നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ശേഷം കൂടുതൽ ഉയർന്ന ശേഷം വിപണി നഷ്ടത്തിലേക്കു മാറി. സെൻസെക്സ് 81,900 നും നിഫ്റ്റി 25,100 നും താഴെ എത്തിയിട്ട് അൽപം കയറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.
തുടര്‍ന്ന് വീണ്ടും ഇടിഞ്ഞ വിപണി നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 0.19 ശതമാനം താഴ്ന്നും നിഫ്റ്റി 0.28 ശതമാനം ഇടിഞ്ഞുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 152.93 പോയിന്റ് നഷ്ടത്തില്‍ 81,820.12ലും നിഫ്റ്റി 70.70 പോയിന്റ് നഷ്ടത്തില്‍ 25,057.30 ലുമാണ് ക്ലോസ് ചെയ്തത്.
ഇന്നലെ (ഒക്‌ടോബർ 14) പുറത്തുവന്ന പണപ്പെരുപ്പ റിപ്പോർട്ടിലെ മോശം പ്രകടനം മൂലം ഡിസംബറിൽ ആര്‍.ബി.ഐ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റത് നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതാണ് വിപണി നഷ്ടത്തിലാകാനുളള പ്രധാന കാരണം.
ബി.പി.സി.എല്‍ (2.52 %), ഐ.സി.ഐ.സി.ഐ ബാങ്ക് (1.97%), ഭാരതി എയർടെൽ (1.32%), ബ്രിട്ടാനിയ (1.22%), ഏഷ്യൻ പെയിന്റ്സ് (1.18%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എച്ച്.ഡി.എഫ്.സി ലൈഫ് (-3.58%), വിപ്രോ (-3.07%), ബജാജ് ഓട്ടോ (-3.04%), ബജാജ് ഫിനാൻസ് (-2.48%), ഹിൻഡാൽകോ (-2.19%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

വിവിധ സൂചികകളുടെ പ്രകടനം

വിശാല വിപണിയില്‍ ഇന്ന് സൂചികകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. നിഫ്റ്റി മിഡ് ക്യാപ്, സ്മാള്‍ ക്യാപ് സൂചികകള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി സ്മാള്‍ ക്യാപ് 1.11 ശതമാനത്തിന്റെ നേട്ടം കാഴ്ചവെച്ചപ്പോള്‍ മിഡ് ക്യാപ് 0.21 ശതമാനത്തിന്റെ ഉയര്‍ച്ച രേഖപ്പെടുത്തി.
നിഫ്റ്റി റിയാലിറ്റി 2.05 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി മീഡിയ 0.62 ശതമാനത്തിന്റെയും നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സും 0.43 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
വിവിധ സൂചികകളുടെ പ്രകടനം

 

നിഫ്റ്റി മെറ്റലാണ് ഇന്ന് നഷ്ടകണക്കില്‍ മുന്നിട്ടു നിന്നത്. മെറ്റല്‍ സൂചിക 1.44 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ 0.83 ശതമാനത്തിന്റെയും ഫാര്‍മ 0.52 ശതമാനത്തിന്റെയും ഐ.ടി 0.33 ശതമാനത്തിന്റെയും നഷ്ടത്തോടെ ചുവപ്പിലേക്ക് വീണു.
ബി.എസ്.ഇ യിൽ വ്യാപാരം നടത്തിയ 4,035 ഓഹരികളില്‍ 1,958 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1,975 ഓഹരികൾ നഷ്ടത്തിലായിരുന്നു. 102 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ രേഖപ്പെടുത്തിയ ഓഹരികളുടെ എണ്ണം 253 ആയിരുന്നു, 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയില്‍ 34 ഓഹരികളും എത്തി. 338 ഓഹരികൾ അപ്പർ സർക്യൂട്ടിലും 201 എണ്ണം ലോവർ സർക്യൂട്ടിലും വ്യാപാരം നടത്തി.

നേട്ടത്തിലായവരും നഷ്ടത്തിലായവരും

2024 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ മികച്ച പ്രകടനം രേഖപ്പെടുത്തിയതോടെ ഏഞ്ചൽ വണ്ണിന്റെ ഓഹരികൾ 8 ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനം ഉയർന്ന് 423 കോടി രൂപയായി. വരുമാനം 45 ശതമാനം ഉയർന്ന് 1,515 രൂപയായി. ഏഞ്ചല്‍ വണ്‍ ഓഹരി 3,210 രൂപയിലാണ് ക്ലോസ് ചെയ്തത്.
രാമകൃഷ്ണ ഫോർജിംഗ്സ് 46 ശതമാനം ഉയർച്ച കൈവരിക്കുമെന്നാണ് അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ യു.ബി.എസിന്റെ പ്രവചനമുളളത്. ആഗോള വിപണിയിൽ രാമകൃഷ്ണ ഫോർജിംഗ്സിന് ഒറ്റ അക്ക വിഹിതമാണ് ഉളളത്. ഇത് കമ്പനിക്ക് നീണ്ട വളർച്ചയുണ്ടാകാനുളള സാധ്യതയാണ് തുറന്നിടുന്നതെന്ന് യു.ബി.എസ് പറയുന്നു. രാമകൃഷ്ണ ഫോർജിംഗ്സ് 1,048 രൂപയിലാണ് ക്ലോസ് ചെയ്തത്.
നേട്ടത്തിലായവര്‍

 

2024 സെപ്റ്റംബര്‍ പാദത്തില്‍ ആരോഗ്യകരമായ പ്രകടനം കാഴ്ചവച്ചതിന് ശേഷം സൺടെക്ക് റിയൽറ്റിയുടെ ഓഹരികൾ 7 ശതമാനത്തിലധികം ഉയർന്നു. സൺടെക്ക് റിയൽറ്റി 596.8 രൂപയിലാണ് ക്ലോസ് ചെയ്തത്.
5 മില്യൺ ഡോളറിന് രണ്ട് പണയ കരാര്‍ കൂടി ഒത്തുതീർപ്പില്‍ എത്തിയതായി സ്‌പൈസ് ജെറ്റ് അറിയിച്ചതിനെ തുടര്‍ന്ന് ഓഹരികൾ 3 ശതമാനം വരെ നേട്ടമുണ്ടാക്കി. സ്‌പൈസ്‌ജെറ്റിനെ കൂടുതൽ നിരീക്ഷണത്തിൽ നിന്ന് ഡി.ജി.സി.എ ഒഴിവാക്കിയതും ഓഹരിക്ക് നേട്ടമായി. സ്‌പൈസ് ജെറ്റ് 66.4 രൂപയിലാണ് ക്ലോസ് ചെയ്തത്.
സജ്ജൻ ജിൻഡാലിന്റെ നേതൃത്വത്തിലുള്ള ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ പുതുതായി ലിസ്റ്റുചെയ്തിരിക്കുന്ന സ്ഥാപനമായ ജെ.എസ്.ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ 3 ശതമാനം വരെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബ്രോക്കറേജ് സ്ഥാപനമായ നുവാമ ഇൻസ്റ്റിറ്റ്യുഷണൽ ഓഹരിക്ക് 390 രൂപ എന്ന ലക്ഷ്യവിലയാണ് കാണുന്നത്. ജെ.എസ്.ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ 323.3 രൂപയിലാണ് ക്ലോസ് ചെയ്തത്.
ലാഭമെടുപ്പില്‍ വിപ്രോയുടെ ഓഹരികൾ ഇടിഞ്ഞു. വിപ്രോ രണ്ടാം പാദ വരുമാനം ഒക്ടോബർ 17 ന് പുറത്തിറക്കുമെന്നാണ് കരുതുന്നത്. വിപ്രോയുടെ വരുമാനത്തില്‍ 3 ശതമാനം കുറവുണ്ടാകുമെന്ന് വിലയിരുത്തലുകള്‍ ഉണ്ട്. വിപ്രോ 532.7 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഡി.ബി കോർപ്പറേഷന്റെ അറ്റാദായം 17.6 ശതമാനം വർധിച്ച് 82.6 കോടി രൂപയിലെത്തി. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ വരുമാനം 4.6 ശതമാനം ഉയർന്ന് 559 കോടി രൂപയായി. എങ്കിലും ഓഹരി ഏകദേശം 7 ശതമാനം ഇടിഞ്ഞു. ഡി.ബി കോർപ്പറേഷന്‍ 315.5 രൂപയിലാണ് ക്ലോസ് ചെയ്തത്.
എച്ച്‌.ഡി.എഫ്‌.സി ലൈഫിന്റെ അറ്റാദായം രണ്ടാം പാദത്തില്‍ 15 ശതമാനം ഉയർന്ന് 433 കോടി രൂപയായി. 2024 ജൂലൈ-സെപ്റ്റംബർ കാലയളവിൽ ആകെ ​​പ്രീമിയം വരുമാനത്തില്‍ 12 ശതമാനം വർധനയും രേഖപ്പെടുത്തി. എന്നിട്ടും ഓഹരി ഏകദേശം 4 ശതമാനം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്‌.ഡി.എഫ്‌.സി ലൈഫ് 714.1 രൂപയിലാണ് ക്ലോസ് ചെയ്തത്.
നഷ്ടത്തിലായവര്‍

 

ക്രൂഡ് വിലയിലെ 4 ശതമാനം ഇടിവ് ഓയിൽ ഇന്ത്യ പോലുള്ള ഓയിൽ ഡ്രില്ലിംഗ് കമ്പനികളുടെ ഓഹരികളെ പ്രതികൂലമായി ബാധിച്ചു. അവരുടെ ലാഭവിഹിതത്തെ നേരിട്ട് ബാധിക്കുന്നതിനാലാണ് ഇത്. ശുദ്ധീകരിച്ച എണ്ണ ഉൽപ്പന്നങ്ങളുടെ വിലയില്‍ ആനുപാതികമായി ഉടനെ കുറവ് സംഭവിക്കില്ല. അതിനാൽ, ഉയർന്ന വിലയ്ക്ക് വാങ്ങിയ എണ്ണ കൈവശം വച്ചിരിക്കുന്ന റിഫൈനറികൾക്ക് വില്‍പ്പനയില്‍ നഷ്ടം നേരിടേണ്ടി വരും. ഓയിൽ ഇന്ത്യ ഓഹരി 557.7 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ചിൻ്റെ ഓഹരികൾ 3 ശതമാനം ഇടിഞ്ഞു. പവർ കപ്ലിംഗ് മെക്കാനിസത്തില്‍ വീണ്ടും ആശങ്കകള്‍ ഉയര്‍ന്നതാണ് ഓഹരിയെ പ്രതികൂലമായി ബാധിച്ചത്. പവർ കപ്ലിംഗ് സംവിധാനത്തിന്റെ ജോലികൾ പുരോഗമിക്കുകയാണെന്നും അതിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര ഊര്‍ജ സെക്രട്ടറി പങ്കജ് അഗർവാൾ വ്യക്തമാക്കിയിരുന്നു.

മികച്ച പ്രകടനവുമായി പോപ്പീസ് കെയര്‍

കേരളാ ഓഹരികളും ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. പോപ്പീസ് കെയര്‍ 5 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ വ്യാപാരം നടത്തി. പോപ്പീസ് കെയര്‍ 241.70 രൂപയിലാണ് ക്ലോസ് ചെയ്തത്. ബി.പി.എല്‍ ഓഹരി 4.52 ശതമാനം നേട്ടത്തില്‍ 115 രൂപയിലാണ് ക്ലോസ് ചെയ്തത്.
അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍, നിറ്റ ജെലാറ്റിന്‍, എസ്.ടി.ഇ.എല്‍ ഹോള്‍ഡിംഗ്സ്, ടി.സി.എം തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
കേരളാ ഓഹരികളുടെ പ്രകടനം

 

കൊച്ചിൻ ഷിപ്പ്‌യാർഡ് മികച്ച മുന്നേറ്റമാണ് ചൊവാഴ്ച കാഴ്ചവെച്ചത്. ഓഹരി 2.99 ശതമാനം ഉയര്‍ന്ന് 1673 ലാണ് ക്ലോസ് ചെയ്തത്. അതേസമയം, ഫാക്ട് ഓഹരി 0.08 ശതമാനം നഷ്ടത്തില്‍ 918 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടോളിന്‍ ടയേഴ്സ് 2.56 ശതമാനം നഷ്ടത്തില്‍ 183 ലാണ് ക്ലോസ് ചെയ്തത്. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ് 2.50 ശതമാനം ഇടിഞ്ഞ് 113 ല്‍ ക്ലോസ് ചെയ്തു.
കിറ്റക്സ് ഗാര്‍മെന്റ്സ്, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്, ആഡ്ടെക് സിസ്റ്റംസ്, പ്രൈമാ ഇന്‍ഡസ്ട്രീസ്, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, കെ.എസ്.ഇ തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
Tags:    

Similar News