പലിശ കുറയ്ക്കല്‍ ആവേശത്തില്‍ പുതുഉയരം തൊട്ട് വിപണി, അപ്പര്‍സര്‍ക്യൂട്ടില്‍ കൊച്ചിന്‍ഷിപ്പ്‌യാര്‍ഡും കിറ്റെക്‌സും

സെന്‍സെക്‌സിന് 84,000ത്തിന്റെ മാധുര്യം, നിഫ്റ്റിക്കും റെക്കോഡ് ഉയരം

Update:2024-09-20 18:35 IST

അമേരിക്കയില്‍ പലിശ നിരക്ക് കുറച്ചതിന്റെ ഉത്സാഹം ഇന്നും നിലനിറുത്തി ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍. തുടര്‍ച്ചയായ രണ്ടാം ദിനവും റെക്കോഡ് തൊട്ട സെന്‍സെക്‌സ് ആദ്യമായി 84,000 പോയിന്റെന്ന നേട്ടം സ്വന്തമാക്കി. വ്യാപാരം അവസാനിക്കുമ്പോള്‍ 1,359.51 പോയിന്റുയര്‍ന്ന് (1.63 ശതമാനം) 84,544.31 പോയിന്റിലാണ് സെന്‍സെക്‌സുള്ളത്. ഒരുവേള 84,694.46 പോയിന്റ് വരെ ഉയരുകയും ചെയ്തു.

നിഫ്റ്റി 375.15 പോയിന്റ് (1.48 ശതമാനം) ഉയര്‍ന്ന് 25,790.95 എന്ന റെക്കോഡ് നിലവാരത്തിലാണ് അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ ഒരു സമയത്ത് 25,849.25 വരെയെത്തിയിരുന്നു.

ഇന്ത്യന്‍ രൂപ ഇന്ന് കരുത്താര്‍ജിച്ച് 83.57ലത്തി. 11 പൈസയുടെ നേട്ടമാണുണ്ടായത്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് രൂപ ഉയരുന്നത്. സെഷന്റെ തുടക്കത്തില്‍ രൂപ രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 83.4850ലേക്ക് ഉയരുകയും കഴിഞ്ഞ ആഴ്ചയേക്കാള്‍ ഏകദേശം 0.4 ശതമാനം നേട്ടം കൈവരിക്കുകയും ചെയ്തു. ബുധനാഴ്ച ഫെഡറല്‍ റിസര്‍വ് പതിവില്‍ നിന്ന് വ്യത്യസ്തമായി അര ശതമാനം നിരക്ക് കുറച്ചത് പ്രാദേശിക ഓഹരികളിലേക്കും ബോണ്ടുകളിലേക്കുമുള്ള ഒഴുക്കു കൂടിയതാണ് രൂപയെ ഉയര്‍ത്തിയത്.

പലിശ നിരക്ക് കുറച്ചതിന്റെ ആവേശം അന്താരാഷ്ട്ര സ്വര്‍ണ വിലയിലും കണ്ടു. ഇന്ന് ഔണ്‍സിന് 2,614 ഡോളറെന്ന റെക്കോഡ് തൊട്ടു.

വിവിധ മേഖലകളുടെ പ്രകടനം 
വിശാല വിപണിയില്‍ നിഫ്റ്റി മിഡ്ക്യാപ് സൂചികകള്‍ ഇന്ന് 1.44 ശതമാനം നേട്ടത്തോടെ മികച്ച പ്രകടനം കാഴ്ചവച്ചു. സ്‌മോള്‍ക്യാപ് സൂചികയും 0.98 ശതമാനം നേട്ടത്തിലാണ്. വിവിധ സൂചികകളുടെ പ്രകടനം നോക്കിയാല്‍ നിഫ്റ്റി പി.എസ്.യു ബാങ്ക് ഒഴികെയുള്ള എല്ലാം തന്നെ ഇന്ന് പച്ചക്കര പിടിച്ചു. മൂന്ന് ശതമാനം മുന്നേറ്റം കാഴ്ചവച്ച റിയല്‍റ്റിയാണ് ഇന്ന് ശ്രദ്ധനേടിയത്.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

ബി.എസ്.ഇയില്‍ ഇന്ന് 4,059 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,442 ഓഹരികളും മുന്നേറി. 1,502 ഓഹരികള്‍ക്ക് നഷ്ടം സംഭവിച്ചു. 115 ഓഹരകള്‍ക്ക് വില മാറ്റമില്ല.

ഇന്ന് 265 ഓഹരികള്‍ 52 ആഴ്ചയിലെ പുതുവില തൊട്ടു. 45 ഓഹരികള്‍ വിലതാഴ്ചയിലേക്ക് പോയി. 14 ഓഹരികളാണ് അപ്പര്‍ സര്‍ക്യൂട്ടിലുള്ളത്. നാല് ഓഹരികളെ ലോവര്‍ സര്‍ക്യൂട്ടിലും കണ്ടു.

ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം 6.5 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി.

മുന്നേറ്റം കണ്ട ഓഹരികൾ 

സെന്‍സെക്‌സ് ഓഹരികളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇന്ന് അഞ്ച് ശതമാനം ഉയര്‍ന്നു. ജെ.എസ് ഡബ്ല്യു സ്റ്റീല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, ഭാരതി എയര്‍ടെല്‍, നെസ്‌ലെ, അദാനി പോര്‍ട്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, ടെക് മഹീന്ദ്ര, മാരുതി, കോട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍ എന്നിവയൊക്കെ മികച്ച നേട്ടം കൊയ്തു. 

പ്രതിരോധ മേഖലയിലെ ഓഹരികളായ കൊച്ചിന്‍ ഷിപ്പായാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ്, മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് എന്നിവ ഇന്ന് 10 ശതമാനം വരെ  മുന്നേറി.  ഈ മേഖലയിലെ മറ്റ് ഓഹരികളായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ്, ബെമല്‍ എന്നിവയും നാല് ശതമാനത്തോളം ഉയര്‍ന്നു.

നേട്ടം കുറിച്ചവര്‍

മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഹരികളാണ് ഇന്ന് 10.25 ശതമാനം നേട്ടത്തോടെ നിഫ്റ്റി 200ല്‍ താരമായത്. മസഗണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് ഓഹരി 7.42 ശതമാനം ഉയര്‍ച്ചയുമായി രണ്ടാം സ്ഥാനത്താണ്. പ്രതിരോധ ഓഹരികളില്‍ മൊത്തത്തിലുണ്ടായ മുന്നേറ്റമാണ് മസഗണ്‍ ഓഹരികളിലും കണ്ടത്. എസ്‌കോര്‍ട്‌സ് കുബോട്ട ഓഹരി 7.35 ശതമാനം ഉയര്‍ന്ന് വില 4,097.40 രൂപയിലെത്തി.
മാക്രോടെക് ഡെവലപ്പേഴ്‌സ് 7.02 ശതമാനം ഉയരത്തിലായിരുന്നു. റെയില്‍ വികാസ് നിഗം ലിമിറ്റഡ് 6.82 ശതമാനം ഉയര്‍ന്ന് 545 രൂപയിലെത്തി. 

എ.ജി.ആര്‍ കുടിശികയില്‍ സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട വോഡഫോണ്‍ ഐഡിയ ഓഹരികള്‍ക്ക് ഇന്ന് നേരിയ മുന്നേറ്റം കാഴ്ചവയ്ക്കാനായി. ഇന്നലെ 20 ശതമാനം ഇടിവ് നേരിട്ടിരുന്നു. ബ്രോക്കറേജായ നോമുറ ഓഹരിയുടെ റേറ്റിംഗ് 'ന്യൂട്രലി'ല്‍ നിന്ന് 'വാങ്ങുക' എന്നതിലേക്ക് ഉയര്‍ത്തി. മറ്റൊരു ബ്രോക്കറേജായ യു.ബി.എസ് 12 മുതല്‍ 24 രൂപ വരെയാണ് ഓഹരിക്ക് ടാര്‍ഗറ്റ് നിശ്ചയിച്ചിരിക്കുന്നത്. അതേ സമയം നുവാമ ഓഹരിയുടെ ലക്ഷ്യ വില 16.50 രൂപയില്‍ നിന്ന് 11.50 ആക്കി കുറച്ചു.

നഷ്ടം രേഖപ്പെടുത്തി ഇവർ 

എസ്.ബി.ഐ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടി.സി.എസ് എന്നിവയാണ് ഇന്നത്തെ സെന്‍സെക്‌സിന്റെ മുഖ്യ നഷ്ടക്കാര്‍.

നഷ്ടം കുറിച്ചവര്‍

എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഗ്രാംസിം ഇന്‍ഡസ്ട്രീസ്, ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, അരബിന്ദോ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് ഇന്ന് നിഫ്റ്റി 200 ൽ രണ്ട് ശതമാനത്തിലധികം നഷ്ടവുമായി മുന്നില്‍.

കുതിച്ചുയർന്നു കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്

കേരള ഓഹരികളില്‍ ഇന്ന് വലിയ മുന്നേറ്റം കാഴ്ചവച്ചത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളാണ്. നാലു ദിവസത്തെ നഷ്ടം തിരിച്ചു പിടിച്ചാണ് ഇന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ മുന്നേറ്റം. 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരി വില 1,846.55 രൂപയിലെത്തി. ഈ വില വച്ചു നോക്കുമ്പോള്‍ ഈ വര്‍ഷം ഇതുവരെ 170 ശതമാനം നേട്ടമാണ്  ഓഹരി നൽകിയത്. 
എഫ്.ടി.എസ്.ഇ ഓള്‍വേള്‍ഡ് ഇന്‍ഡെക്‌സില്‍ ഓഹരി ഇടം പിടിക്കുന്നതാണ് മുന്നേറ്റത്തിനിടയാക്കിയത്.

 എന്നാല്‍ ജൂലൈ എട്ടില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയായ 2,977 രൂപയുമായി നോക്കുമ്പോള്‍ ഓഹരി വില  37.98 ശതമാനം താഴെയാണ്. കഴിഞ്ഞ രണ്ടര മാസത്തോളമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഉള്‍പ്പെടെയുള്ള പ്രതിരോധ ഓഹരികള്‍ കണ്‍സോളിഡേഷന്‍ ഘട്ടത്തിലായിരുന്നു. കഴിഞ്ഞ നാല് വ്യാപാര ദിനങ്ങളില്‍ മാത്രം 8 ശതമാനത്തോഴം വീഴ്ചയാണ് ഈ ഓഹരിയിലുണ്ടായത്.

കേരള ഓഹരികളുടെ പ്രകടനം

ബി.പി.എല്‍ ഓഹരികള്‍ 5 ശതമാനം ഉയര്‍ന്ന് 112 രൂപയിലെത്തി. കിറ്റെക്‌സ് ഓഹരികളും ഇന്ന് അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. വ്യാപാരാന്ത്യത്തില്‍ 4.66 ശതമാനം ഉയര്‍ച്ചയിലാണ്. ബംഗ്ലാദേശിലെ രാഷ്ട്രിയ അനിശ്ചിതത്വങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വസ്ത്രവ്യാപാര രംഗത്തിന് ഗുണകരമാകുമെന്നതാണ് കിറ്റെക്‌സ് ഓഹരികളില്‍ മുന്നേറ്റമുണ്ടാക്കുന്നത്. കേരള ആയുര്‍വേദ ഓഹരികള്‍ 3.35 ശതമാനം ഉയര്‍ന്നു. കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളും ഇന്ന് മിന്നിത്തിളങ്ങി. ഓഹരി വില  മൂന്ന് ശതമാനം ഉയര്‍ന്ന് 728.80 രൂപയിലെത്തി.

ഭുവനേശ്വറിലെ പാര്‍ക്ക് ഉദ്ഘാടത്തിന് സജ്ജമായത് വണ്ടര്‍ലാ ഹോളിഡേയ്‌സ് ഓഹരികളെ ഇന്ന് ശ്രദ്ധയിലേക്ക് കൊണ്ടു വന്നിരുന്നു. ഓഹരികളിന്ന് 0.79 ശതമാനം ഉയര്‍ന്നു.

Also Read : ചിറകുകളില്ലാതെ പറക്കാം, വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് ഇനി ഭുവനേശ്വറിലും

പ്രൈമ ഇന്‍ഡസ്ട്രീസാണ് ഇന്ന് കേരള കമ്പനി ഓഹരികളിലെ മുഖ്യ നഷ്ടക്കാര്‍. 5.88 ശതമാനം ഇടിവാണുണ്ടായത്. പ്രൈമ ഗ്രോ 4.99 ശതമാനം ഇടിവിലാണ്. അടുത്തിടെ ഓഹരി വിപണിയിലെക്ക് എത്തിയ ടയര്‍ നിര്‍മാണ കമ്പനിയായ ടോളിന്‍സ് ഇന്നും ഇടിവ് തുടര്‍ന്നു. 2.74 ശതമാനം താഴ്ന്ന് ഓഹരി വില 200 രൂപയായി. വിഗാര്‍ഡ് ഇന്‍ഡ്‌സ്ട്രീസ് ഓഹരി വില 2.74 ശതമാനം താഴെയാണ്. കാലിത്തീറ്റ കമ്പനിയായ കെ.എസ്.ഇ ഓഹരികള്‍ ഇന്ന് മൂന്ന് ശതമാനം ഇടിഞ്ഞു.

Tags:    

Similar News