ഓഹരിക്ക് ദുഃഖവെള്ളി; ഇന്‍ഫിയില്‍ തട്ടി സൂചികകള്‍ തകര്‍ന്നു, സെന്‍സെക്‌സിന് നഷ്ടം 887 പോയിന്റ്
നിഫ്റ്റി 234 പോയിന്റും ബാങ്ക് നിഫ്റ്റി 111 പോയിന്റും കൂപ്പുകുത്തി; നിഫ്റ്റി ഐ.ടിയുടെ ഇടിവ് 4%, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളില്‍ ഇന്നും നഷ്ടം
ഇന്‍ഫോസിസ് തൊടുത്തുവിട്ട ആശങ്കയുടെ ബ്രഹ്‌മാസ്ത്രം ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളെ തച്ചുലച്ചു. തുടര്‍ച്ചയായി ആറുദിവസം റെക്കോഡുകള്‍ തിരുത്തിയെഴുതി മുന്നേറിയ സെന്‍സെക്‌സിനും നിഫ്റ്റിക്കും ഇന്ന് കാലിടറുന്ന കാഴ്ചയാണ് തുടക്കംമുതല്‍ കണ്ടത്.
നിരീക്ഷകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മോശം ജൂണ്‍പാദ പ്രവര്‍ത്തനഫലം പുറത്തുവിട്ട പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസ്, നടപ്പുവര്‍ഷത്തെ വരുമാന വളര്‍ച്ചാപ്രതീക്ഷ കുത്തനെ വെട്ടിക്കുറയ്ക്കുക കൂടി ചെയ്തത് മറ്റ് ഓഹരികളെയും നിലംപരിചാക്കി. ഇതോടെ, സെന്‍സെക്‌സും നിഫ്റ്റിയും തകര്‍ന്നടിയുകയായിരുന്നു.
ഇന്നൊരുവേള 66,533.74 വരെ ഇടിഞ്ഞ സെന്‍സെക്‌സ് വ്യാപാരാന്ത്യമുള്ളത് 887.64 പോയിന്റ് (1.31%) നഷ്ടവുമായി 66,907.52ല്‍. ഒരുവേള 19,700 വരെ തകര്‍ന്നടിഞ്ഞ നിഫ്റ്റി 19,745 പോയിന്റിലാണ് ഇപ്പോഴുള്ളത്; ഇന്നത്തെ നഷ്ടം 234.15 പോയിന്റ് (1.17%).
ഇടിവിന് പിന്നില്‍
അമേരിക്കയിലെ നാസ്ഡാക് (Nasdaq) അടക്കം വിദേശ വിപണികളുടെ മോശം പ്രകടനവും ഇന്ന് ഇന്ത്യന്‍ ഓഹരികളുടെ നഷ്ടത്തിന്റെ ആക്കം കൂട്ടി. ഇന്‍ഫോസിസ് ഇന്നലെ പ്രവര്‍ത്തനഫലം പുറത്തുവിട്ടപ്പോഴേ ഇന്ന് തകര്‍ച്ചയുണ്ടാകുമെന്ന് പൊതുവേ ഉറപ്പിക്കപ്പെട്ടിരുന്നു. അത് യാഥാര്‍ത്ഥ്യവുമായി.
ബി.എസ്.ഇയുടെ നിക്ഷേപക മൂല്യത്തില്‍ നിന്ന് ഇന്ന് ഒറ്റയടിക്ക് കൊഴിഞ്ഞത് 1.92 ലക്ഷം കോടി രൂപയാണ്. മൂല്യം 302.09 ലക്ഷം കോടി രൂപയായി കുറഞ്ഞു.
വന്‍കിട കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (3.1% നഷ്ടം), എച്ച്.യു.എല്‍ (3.65%) എന്നിവ നേരിട്ട തളര്‍ച്ചയും ഇന്ന് ഓഹരികളെ വലച്ചു. ജൂണ്‍പാദ ലാഭം എട്ട് ശതമാനം ഉയര്‍ന്നെങ്കിലും പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞതാണ് എച്ച്.യു.എല്ലിന് തിരിച്ചടിയായത്. ഇന്ന് പ്രവര്‍ത്തനഫലം പുറത്തുവിടാനിരിക്കേയാണ് റിലയന്‍സിന്റെ വീഴ്ച. റിലയന്‍സിന്റെ ലാഭവും കുറയുമെന്നാണ് പ്രവചനങ്ങള്‍.
ഇന്‍ഫോസിസിന്റെ തളര്‍ച്ച മറ്റ് ഐ.ടി ഓഹരികളിലും ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദമുണ്ടാക്കി. നിഫ്റ്റി ഐ.ടി സൂചിക 4.09 ശതമാനം ഇടിഞ്ഞു. പെഴ്‌സിസ്റ്റന്റ് ഓഹരി 5 ശതമാനത്തിനുമേലും എച്ച്.സി.എല്‍ ടെക്, വിപ്രോ എന്നിവ മൂന്ന് ശതമാനം വരെയും ടി.സി.എസ്., ടെക് മഹീന്ദ്ര എന്നിവ 2-2.6 ശതമാനവും നഷ്ടത്തിലാണ്.
കഴിഞ്ഞ ആറ് ദിവസമായുള്ള മുന്നേറ്റം മുതലെടുത്ത് നിരവധി നിക്ഷേപകര്‍ ലാഭമെടുപ്പ് തകൃതിയാക്കിയതും ഓഹരി വിപണിയുടെ തകര്‍ച്ചയ്ക്ക് ഇന്ന് വഴിയൊരുക്കി.
നിരാശപ്പെടുത്തിയവര്‍
നിഫ്റ്റിയില്‍ ഓട്ടോ, മീഡിയ, പി.എസ്.യു ബാങ്ക് എന്നിവയൊഴികെയുള്ളവ ഇന്ന് വില്‍പന സമ്മര്‍ദ്ദത്തിലായിരുന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.36 ശതമാനം ഇടിഞ്ഞു. എന്നാല്‍ സ്‌മോള്‍ക്യാപ്പ് 0.72 ശതമാനം നേട്ടത്തിലാണ്.
0.24 ശതമാനം താഴ്ന്ന് 46,075.20ലാണ് ബാങ്ക് നിഫ്റ്റി. നിഫ്റ്റി ഐ.ടി സൂചിക 4.09 ശതമാനവും എഫ്.എം.സി.ജി., കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ ഒരു ശതമാനത്തിലധികവും നഷ്ടം നേരിട്ടു.
ഇന്‍ഫോസിസാണ് (7.73%) നിഫ്റ്റിയിലും ഏറ്റവുമധികം ഇടിവ് നേരിട്ട ഓഹരി. പെഴ്‌സിസ്റ്റന്റ് സിസ്റ്റംസ്, ഡാല്‍മിയ ഭാരത്, കൊഫോര്‍ജ്, എച്ച്.യു.എല്‍ എന്നിവയാണ് ഇന്‍ഫോസിസിന് തൊട്ടുപിന്നാലെയുള്ളത്.
സെന്‍സെക്‌സില്‍ ഇന്ന് 1,772 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 1,615 ഓഹരികള്‍ നേട്ടമുണ്ടാക്കി. 127 ഓഹരികളുടെ വില മാറിയില്ല. 196 കമ്പനികള്‍ 52-ആഴ്ചത്തെ ഉയരത്തിലായിരുന്നെങ്കിലും ഓഹരി വിപണിയുടെ മൊത്തത്തിലുള്ള തകര്‍ച്ചയ്ക്ക് തടയിടാനായില്ല. വന്‍കിട ഓഹരികളാണ് പ്രധാനമായും ഇടിഞ്ഞതെന്നതാണ് ഇതിന് കാരണം. 28 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ താഴ്ചയിലെത്തി. 15 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും രണ്ടെണ്ണം ലോവര്‍ സര്‍ക്യൂട്ടിലും തട്ടി.
നേട്ടത്തിലേറിയവര്‍
ജൂണ്‍പാദ ലാഭം 82 ശതമാനം ഉയര്‍ന്ന് 477 കോടി രൂപയായതിന്റെ കരുത്തില്‍ മദ്യ നിര്‍മ്മാണ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ഓഹരികള്‍ ഇന്ന് 6 ശതമാനം മുന്നേറെ റെക്കോഡ് ഉയരമായ 1,038 രൂപയിലെത്തി.
ഐ.സി.ഐ.സി.ഐ ബാങ്ക്, സംവര്‍ദ്ധന മദേഴ്‌സണ്‍, പൂനാവാല ഫിന്‍കോര്‍പ്പ്, എല്‍ ആന്‍ഡ് ടി., ബി.പി.സി.എല്‍., ഒ.എന്‍.ജി.സി., എസ്.ബി.ഐ, ഗ്ലെന്‍ഫാര്‍മ, അശോക് ലെയ്‌ലാന്‍ഡ് എന്നിവയും ഇന്ന് നേട്ടമുണ്ടാക്കി.
നിഫ്റ്റിയില്‍ യുണൈറ്റഡ് സ്പിരിറ്റ്‌സ്, ഇന്ത്യന്‍ റെയില്‍വേ ഫൈനാന്‍സ് കോര്‍പ്പറേഷന്‍, എംഫസിസ്, വൊഡാഫോണ്‍-ഐഡിയ, എല്‍ ആന്‍ഡ് ടി എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
സമ്മിശ്രം കേരള കമ്പനികള്‍
പ്രവര്‍ത്തന ഫലാനന്തരമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കോഹരികളുടെ നഷ്ടം ഇന്നും തുടര്‍ന്നു. 5.49 ശതമാനമാണ് ഇന്നത്തെ നഷ്ടം. പ്രൈമ ഇന്‍ഡസ്ട്രീസ് (5 ശതമാനം), സെല്ല സ്‌പേസ് (4.37 ശതമാനം), റബ്ഫില (3.13 ശതമാനം), സ്‌കൂബീഡേ (2.79 ശതമാനം) എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ട മറ്റ് കേരള ഓഹരികള്‍.
സ്‌റ്റെല്‍ ഹോള്‍ഡിംസ് ഇന്നും 1.24 ശതമാനം ഇടിവുമായി നഷ്ടയാത്ര തുടര്‍ന്നു. ഹാരിയണ്‍സ് മലയാളം (4.99 ശതമാനം), ധനലക്ഷ്മി ബാങ്ക് (3.56 ശതമാനം), കേരള ആയുര്‍വേദ (2.92 ശതമാനം), മണപ്പുറം ഫൈനാന്‍സ് (1.94 ശതമാനം), കല്യാണ്‍ ജുവലേഴ്‌സ് (1.73 ശതമാനം) എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.