ലാഭമെടുപ്പിൽ റെക്കോഡ് കൈവിട്ട് വിപണി, കുതിച്ചുയര്‍ന്ന് മുത്തൂറ്റ് ക്യാപിറ്റല്‍, റേറ്റിംഗിൽ ഉയർന്ന് പേയ്ടിഎം

നിഫ്റ്റി മിഡ് ക്യാപ് 0.23 ശതമാനത്തിന്റെ നേട്ടവും സ്മാള്‍ ക്യാപ് 0.56 ശതമാനത്തിന്റെ നഷ്ടവും രേഖപ്പെടുത്തി

Update:2024-09-24 18:44 IST
വിപണി രാവിലെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ അര മണിക്കൂറിനു ശേഷം നേട്ടത്തിലേക്കു മാറി ഇന്‍ട്രാഡേ റെക്കോഡുകൾ തിരുത്തുന്ന പ്രകടനം കാഴ്ചവെച്ചു. ഇന്‍ട്രാഡേയില്‍ സെൻസെക്സും നിഫ്റ്റിയും യഥാക്രമം 85,163.23, 26,011.55 എന്നിങ്ങനെ പുതിയ ഉയരത്തിലെത്തി.
തുടര്‍ന്ന് വിപണി ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. സെൻസെക്സ് 0.02 ശതമാനം താഴ്ന്ന് 84,914.04 ലും നിഫ്റ്റി 0.01 ശതമാനം ഉയർന്ന് 25,940.40 ലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 14.57 പോയിന്റിന്റെ നഷ്ടവും നിഫ്റ്റി 1.40 പോയിന്റിന്റെ നേട്ടവും രേഖപ്പെടുത്തി.

സെന്‍സെക്‌സ് 84,928.61 പോയിന്റിന്റെയും നിഫ്റ്റി 25,939.05 പോയിന്റിന്റെയും റെക്കോഡ് നിലവാരത്തിലാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്. എന്നാല്‍, ഇന്നലത്തെ മികച്ച പ്രകടനം നില നിര്‍ത്താന്‍ വിപണിക്ക് കഴിഞ്ഞില്ല. സെൻസെക്സും നിഫ്റ്റിയും ഇൻട്രാഡേയിൽ യഥാക്രമം 85,000, 26,000 പോയിന്റുകള്‍ കടന്നെങ്കിലും നേട്ടം നിലനിര്‍ത്താന്‍ സാധിച്ചില്ല.

ബി.എസ്.ഇയിൽ ആദിത്യ ബിർള ഫാഷൻ, അപ്പോളോ ഹോസ്പിറ്റൽസ്, ആസ്ട്രസെനെക്ക ഫാർമ, അവന്യൂ സൂപ്പർമാർട്ട്‌സ്, ബജാജ് ഓട്ടോ, ബൽറാംപൂർ ചീനി മിൽസ്, ഭാരതി എയർടെൽ, ബ്ലൂ സ്റ്റാർ, ബോഷ്, സിജി പവർ, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയവയുൾപ്പെടെ 300 ഓളം ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി.

വിവിധ സൂചികകളുടെ പ്രകടനം

നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.23 ശതമാനത്തിന്റെ നേട്ടവും നിഫ്റ്റി സ്മാള്‍ ക്യാപ് 0.56 ശതമാനത്തിന്റെ നഷ്ടവും രേഖപ്പെടുത്തി.
2.97 ശതമാനത്തിന്റെ ഉയര്‍ച്ചയുമായി നിഫ്റ്റി മെറ്റല്‍ നേട്ട പട്ടികയില്‍ മുന്നിട്ടു നിന്നു. നിഫ്റ്റി ഐ.ടി 0.61 ശതമാനത്തിന്റെയും നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് 0.38 ശതമാനത്തിന്റെയും നിഫ്റ്റി ഓട്ടോ 0.43 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
വിവിധ സൂചികകളുടെ പ്രകടനം

 

0.86 ശതമാനത്തിന്റെ ഇടിവുമായി നിഫ്റ്റി പി.എസ്.യു ബാങ്കിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. നിഫ്റ്റി എഫ്.എം.സി.ജി 0.77 ശതമാനത്തിന്റെയും നിഫ്റ്റി റിയാലിറ്റി 0.30 ശതമാനത്തിന്റെയും നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 0.28 ശതമാനത്തിന്റെയും നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 0.28 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
ബിഎസ്ഇയിൽ വ്യാപാരം നടത്തിയ 4,053 ഓഹരികളില്‍ 1,937 ഓഹരികള്‍ നേട്ടത്തിലായിരുന്നപ്പോള്‍ 2,013 ഓഹരികൾ നഷ്ടത്തിലായിരുന്നു. 103 ഓഹരികള്‍ മാറ്റമില്ലാതെ തുടർന്നു. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ ഓഹരികളുടെ എണ്ണം 296 ഉം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയവ 29 ഉം ആയിരുന്നു. അപ്പർ സർക്യൂട്ടിൽ 365 ഓഹരികളും ലോവർ സർക്യൂട്ടിൽ 233 ഓഹരികളും വ്യാപാരം നടത്തി.

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ചൈനീസ് സെൻട്രൽ ബാങ്ക് അവരുടെ ദുർബലമായ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് നടപടികൾ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മെറ്റൽ ഓഹരികൾ 6 ശതമാനം വരെ ഉയർന്നു. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (PBOC) കരുതൽ ആവശ്യകത അനുപാതം കുറയ്ക്കുക, പോളിസി പലിശ നിരക്ക് കുറയ്ക്കുക, വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന് മാർക്കറ്റ് ബെഞ്ച്മാർക്ക് പലിശ നിരക്ക് കുറയ്ക്കുക തുടങ്ങിയ പ്രധാന നടപടികളാണ് പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മെറ്റല്‍ ഇറക്കുമതിക്കാരായ ചൈനയില്‍ ഡിമാൻഡ് വര്‍ധിക്കുമെന്ന പ്രത്യാശ മെറ്റല്‍ ഓഹരികൾക്ക് പ്രയോജനകരമായി.

നേട്ടത്തിലായവര്‍

പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഓഹരികൾ 4.90 ശതമാനം നേട്ടമുണ്ടാക്കി. വൺ97 കമ്മ്യൂണിക്കേഷൻസിന്റെ റേറ്റിംഗ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ഉയർത്തിയതിന് പിന്നാലെയാണ് ഓഹരികള്‍ നേട്ടത്തിലായത്. കമ്പനിയുടെ ചെലവ് ചുരുക്കൽ നടപടികളിലുളള പ്രതീക്ഷയാണ് ബ്രോക്കറേജ് സ്ഥാപനം റേറ്റിംഗ് ഉയര്‍ത്തുന്നതിനുളള കാരണം.

ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, പവർ ഗ്രിഡ് കോർപ്പറേഷൻ, ടെക് മഹീന്ദ്ര, അദാനി എന്റർപ്രൈസസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ നിന്ന് ഓർഡർ നേടിയതിന് ശേഷം സീൽമാറ്റിക് ഇന്ത്യ ഓഹരികൾ ഏകദേശം 3 ശതമാനം ഉയർന്നു. ഡി.വി.സി രഘുനാഥ്പൂർ തെർമൽ പവർ സ്റ്റേഷനായുളള സൂപ്പർ ക്രിട്ടിക്കൽ പവർ പ്ലാന്റിനായി എൻജിനീയേര്‍ഡ് മെക്കാനിക്കൽ സീലുകൾക്കാണ് ഓർഡർ ലഭിച്ചത്. സീൽമാറ്റിക് ഇന്ത്യ 620 ലാണ് ക്ലോസ് ചെയ്തത്.

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് പവര്‍ 1,524.60 കോടി രൂപ വിലമതിക്കുന്ന 46.2 കോടി ഓഹരികളുടെ മുൻഗണന ഇഷ്യു പ്രഖ്യാപിച്ചതിനെത്തുടർന്ന് ഓഹരി 5 ശതമാനം ഉയര്‍ന്ന് അപ്പർ സർക്യൂട്ടിലെത്തി. പ്രൊമോട്ടർ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, നോൺ പ്രൊമോട്ടർമാരായ ഓതം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, സനാതൻ ഫിനാൻഷ്യൽ അഡൈ്വസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് ഓഹരി നൽകാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. റിലയന്‍സ് പവര്‍ ഓഹരി 40.05 ലാണ് ക്ലോസ് ചെയ്തത്.

പഞ്ചാബ് നാഷണൽ ബാങ്ക് ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലെയ്‌സ്‌മെന്റ് (ക്യു.ഐ.പി) ആരംഭിച്ചതിന് ശേഷം ഓഹരികൾ 3.2 ശതമാനം ഇടിഞ്ഞു. പി.എന്‍.ബി ഓഹരി 107.89 ലാണ് ക്ലോസ് ചെയ്തത്.

നഷ്ടത്തിലായവര്‍

വൈദ്യുതി ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ ഐ.ഇ.എക്സ് കമ്പനിയുടെ ഓഹരികൾ 11.5 ശതമാനം ഇടിഞ്ഞു. പവർ എക്‌സ്‌ചേഞ്ചുകൾക്കായി മാർക്കറ്റ് കപ്ലിംഗ് നടപ്പിലാക്കാൻ കേന്ദ്രം പദ്ധതിയിടുന്നതായുളള വാർത്തകളെ തുടര്‍ന്നാണ് ഓഹരിക്ക് ഇടിവ് നേരിട്ടത്. ഏകീകൃത മാർക്കറ്റ് ക്ലിയറിംഗ് വില (എംസിപി) കണ്ടെത്തുന്നതിനായി ഇന്ത്യയിലെ എല്ലാ പവർ എക്സ്ചേഞ്ചുകളിൽ നിന്നും ബിഡുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മോഡലിനെയാണ് മാർക്കറ്റ് കപ്ലിംഗ് എന്നു പറയുന്നത്. ഐ.ഇ.എക്സ് 211.80 ലാണ് ക്ലോസ് ചെയ്തത്.

എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ്, എച്ച്.യു.എൽ, ഗ്രാസിം ഇൻഡസ്ട്രീസ്, അൾട്രാടെക് സിമന്റ്, ശ്രീറാം ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു.

മികച്ച പ്രകടനത്തിന് ശേഷം നിക്ഷേപകർ ലാഭ ബുക്കിംഗിന് തിരക്കുകൂട്ടിയതിനാൽ പി.ബി ഫിൻടെകിന്റെ ഓഹരികൾ 4 ശതമാനത്തിലധികം ഇടിഞ്ഞു. ഈ വർഷം ഓഹരി 128 ശതമാനത്തിന്റെ ഉയർച്ചയാണ് കാഴ്ചവെച്ചത്. ഇത് നിക്ഷേപകരുടെ മൂലധനം ഇരട്ടിയാക്കിയിരുന്നു. പി.ബി ഫിൻടെക് 1,840.20 ലാണ് ക്ലോസ് ചെയ്തത്.

മികച്ച പ്രകടനവുമായി മുത്തൂറ്റ് ക്യാപിറ്റല്‍

കേരളാ ഓഹരികള്‍ ചൊവാഴ്ച സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 9.23 ശതമാനത്തിന്റെ ഉയര്‍ച്ചയുമായി നേട്ടപട്ടികയില്‍ മുന്നിട്ടു നിന്നു. മൂത്തൂറ്റ് ക്യാപിറ്റല്‍ ഓഹരി 389.9 ലാണ് ക്ലോസ് ചെയ്തത്.
ആഡ്ടെക് സിസ്റ്റംസ് 3.10 ശതമാനത്തിന്റെയും സ്കൂബി ഡേ ഗാര്‍മെന്റ്സ് 2.85 ശതമാനത്തിന്റെയും ഹാരിസണ്‍സ് മലയാളം 1.97 ശതമാനത്തിന്റെയും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
കേരളാ ഓഹരികളുടെ പ്രകടനം

 

ടോളിന്‍ ടയേഴ്സ് 2.33 ശതമാനം നഷ്ടത്തില്‍ 202 ലാണ് ക്ലോസ് ചെയ്തത്. കൊച്ചിന്‍ മിനറല്‍സ് 2.09 ശതമാനത്തിന്റെയും കിറ്റക്സ് ഗാര്‍മെന്റ്സ് 2.33 ശതമാനത്തിന്റെയും മണപ്പുറം ഫിനാന്‍സ് 1.94 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 1.25 ശതമാനം നേട്ടത്തില്‍ 1802 ലാണ് ക്ലോസ് ചെയ്തത്. ഫാക്ട് ഓഹരി 0.02 ശതമാനം നഷ്ടത്തില്‍ 983 ലാണ് ക്ലോസ് ചെയ്തത്.
ആസ്പിന്‍വാള്‍, ബി.പി.എല്‍, സി.എസ്.ബി ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍സ്, കേരളാ ആയുര്‍വേദ, കിങ്സ് ഇന്‍ഫ്രാ, കെ.എസ്.ഇ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, പോപ്പീസ് കെയര്‍, പോപ്പുലര്‍ വെഹിക്കിള്‍സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
Tags:    

Similar News