ഓഹരികള്‍ മുന്നോട്ട്, നിഫ്റ്റി 19,750 കടന്നു; ബി.എസ്.ഇയുടെ മൂല്യം ₹306 ലക്ഷം കോടിയായി
ധനലക്ഷ്മി ബാങ്ക് 5.9% കുതിച്ചു; ബാങ്ക് നിഫ്റ്റിക്ക് നേട്ടം 0.40%
രണ്ട് ദിവസത്തെ നഷ്ടയാത്ര അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് കുതിച്ചുകയറിയത് മികച്ച നേട്ടത്തിലേക്ക്. ആദ്യ സെഷനില്‍ തന്നെ നേട്ടത്തിലേറിയ സൂചികകള്‍ പരിക്കേല്‍ക്കാതെ, വൈകിട്ടുവരെ പിടിച്ചുനിന്നു.
367.47 പോയിന്റ് (0.56%) നേട്ടവുമായി 66,527ലാണ് വ്യാപാരാന്ത്യം സെന്‍സെക്‌സുള്ളത്. നിഫ്റ്റി 107.75 പോയിന്റ് (0.55%) മെച്ചപ്പെടുത്തി 19,753.80ലുമെത്തി. ബി.എസ്.ഇയുടെ നിക്ഷേപകമൂല്യം ആദ്യമായി 306 ലക്ഷം കോടി രൂപയും കടന്നു. 306.66 ലക്ഷം കോടി രൂപയാണ് ഇന്ന് വ്യാപാരാന്ത്യം മൂല്യം. ഇന്ന് ഒറ്റദിവസത്തെ നേട്ടം 2.50 ലക്ഷം കോടി രൂപയാണ്.
നേട്ടത്തിന് പിന്നില്‍
ആഗോളതലത്തില്‍ പണപ്പെരുപ്പം കുറയുന്ന സൂചനകളാണ് ഓഹരികള്‍ക്ക് ആവേശമാകുന്നത്. പണപ്പെരുപ്പം കുറഞ്ഞാല്‍ സ്വാഭാവികമായും അടിസ്ഥാന പലിശനിരക്ക് വര്‍ദ്ധിപ്പിക്കുന്ന ട്രെന്‍ഡിന് പൂട്ടിടാന്‍ കേന്ദ്ര ബാങ്കുകള്‍ നിര്‍ബന്ധിതരാകും. ഇത് കമ്പനികളുടെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കും.
അമേരിക്കയ്ക്ക് പിന്നാലെ യൂറോ മേഖലയിലും പണപ്പെരുപ്പം താഴ്ചയുടെ പാതയിലാണ്. യൂറോപ്യന്‍ ഓഹരികള്‍ ഇന്ന് സമ്മിശ്രമായിരുന്നെങ്കിലും ഏഷ്യന്‍ ഓഹരികള്‍ നേട്ടത്തിലേറി. ജപ്പാനിലെ നിക്കേയ് 1.34 ശതമാനവും ചൈനയിലെ ഷാങ്ഹായ് 0.46 ശതമാനവും ഉയര്‍ന്നു.
മുന്നേറിയവര്‍
വാഹനം, ബാങ്കിംഗ്, ലോഹം, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി, ഐ.ടി ഓഹരികളാണ് ഇന്ന് നേട്ടത്തിന് ചുക്കാന്‍ പിടിച്ചത്. നിഫ്റ്റി ഐ.ടി സൂചിക 1.49 ശതമാനവും ലോഹം 1.77 ശതമാനവും വാഹനം 1.10 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 1.03 ശതമാനവും നേട്ടമുണ്ടാക്കി.
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ കയറ്റവും പണപ്പെരുപ്പത്തിന്റെ കുറവും ഐ.ടി ഓഹരികള്‍ ഊര്‍ജ്ജമാക്കിയപ്പോള്‍ നാളെ മുതല്‍ പുറത്തുവരുന്ന ജൂലൈയിലെ വില്‍പനക്കണക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വാഹന ഓഹരികളുടെ മുന്നേറ്റം.
ബാങ്ക് നിഫ്റ്റി 0.40 ശതമാനം ഉയര്‍ന്ന് 45,651.10ലെത്തി. നിഫ്റ്റി മിഡ്ക്യാപ്പ് 0.97 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.88 ശതമാനവും ഉയര്‍ന്നു.
എന്‍.ടി.പി.സി., പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, ടി.സി.എസ്., വിപ്രോ, മാരുതി സുസുക്കി, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിന്റെ കുതിപ്പിന് കളമൊരുക്കിയത്. മാരുതിയുടെ പ്രവര്‍ത്തനഫലം ഇന്ന് പുറത്തുവന്നു. ജൂണ്‍പാദ ലാഭം 2022-23 ജൂണ്‍പാദത്തേക്കാള്‍ രണ്ടിരട്ടി വര്‍ദ്ധിച്ച് 2,485 കോടി രൂപയായിട്ടുണ്ട്. നിരീക്ഷകര്‍ വിലയിരുത്തിയതിനേക്കാള്‍ കൂടുതലാണിത്. പ്രവര്‍ത്തന വരുമാനം 22 ശതമാനം ഉയര്‍ന്ന് 32,327 കോടി രൂപയുമായി.
ഇന്ത്യന്‍ റെയില്‍വേ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.ആര്‍.എഫ്.സി/IRFC), അദാനി പവര്‍, കോറോമാണ്ഡല്‍ ഇന്റര്‍നാഷണല്‍, വണ്‍97 കമ്മ്യൂണിക്കേഷന്‍സ് (പേയ്ടിഎം), ആര്‍.ഇ.സി ലിമിറ്റഡ് എന്നിവയാണ് ഇന്ന് നിഫ്റ്റിയില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
റൈറ്റ്‌സുമായി (RITES) (പഴയ റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ്) വിവിധ റെയില്‍വേ പദ്ധതികള്‍ക്കായുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ച പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ (IRFC) ഓഹരി ഇന്ന് 9 ശതമാനം മുന്നേറി.
അദാനിയുടെ നേട്ടം
അദാനി ഗ്രീന്‍ എനര്‍ജി ഒഴികെയുള്ള അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ഇന്ന് നേട്ടമുണ്ടാക്കി. അദാനി പവറാണ് 5.70 ശതമാനം നേട്ടവുമായി മുന്നില്‍. അദാനി ഗ്രീന്‍ 51 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 323 കോടി രൂപയുടെ ലാഭം ജൂണ്‍പാദത്തില്‍ നേടിയെന്ന പ്രവര്‍ത്തനഫലം ഇന്ന് പുറത്തുവിട്ടു. അദാനി എനര്‍ജി സൊല്യൂഷന്‍സ് (അദാനി ട്രാന്‍സ്മിഷന്‍) 175 കോടി രൂപയുടെ ലാഭമാണ് നേടിയത്. മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 6 ശതമാനം കുറവാണിത്. എന്നാല്‍, ഓഹരി ഇന്ന് 0.53 ശതമാനം നേട്ടത്തിലാണ്. അദാനി ഗ്രീന്‍ എനര്‍ജി 0.22 ശതമാനം നഷ്ടം നേരിട്ടു.
നിരാശപ്പെടുത്തിയവര്‍
എഫ്.എം.സി.ജി., ഹെല്‍ത്ത്‌കെയര്‍ ഓഹരികളാണ് ഇന്ന് നിരാശപ്പെടുത്തിയത്. നിഫ്റ്റി എഫ്.എം.സി.ജി സൂചിക 0.62 ശതമാനവും ഹെല്‍ത്ത്‌കെയര്‍ 0.42 ശതമാനവും ഇടിഞ്ഞു.
പിരാമല്‍ എന്റര്‍പ്രൈസസ്, മാന്‍കൈന്‍ഡ് ഫാര്‍മ, സിന്‍ജീന്‍ ഇന്റര്‍നാഷണല്‍, സൊമാറ്റോ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
സെന്‍സെക്‌സില്‍ ബജാജ് ഫൈനാന്‍സ്, കോട്ടക് ബാങ്ക്, എച്ച്.യു.എല്‍., ഐ.ടി.സി., ഭാരതി എര്‍ടെല്‍ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട മുന്‍നിര ഓഹരികള്‍. ജൂണ്‍പാദ ലാഭം 855 കോടി രൂപയില്‍ നിന്ന് 508 കോടി രൂപയായി കുറഞ്ഞതാണ് പിരാമല്‍ എന്റര്‍പ്രൈസസിന് തിരിച്ചടിയായത്. അതേസമയം 1750 കോടി രൂപയുടെ ഓഹരി ബൈബാക്ക് പദ്ധതി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
നേട്ടത്തോടെ ധനലക്ഷ്മി ബാങ്ക്
കേരള ഓഹരികളില്‍ ഇന്ന് ഏറ്റവുമധികം മുന്നേറിയത് സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സാണ്. ഓഹരി ഒരുവേള 17 ശതമാനത്തിലേറെ മുന്നേറി 52-ആഴ്ചത്തെ ഉയരം തൊട്ടു.
വ്യാപാരത്തിന്റെ അവസാന സെഷന്‍ പുരോഗമിക്കവേ പ്രവര്‍ത്തനഫലം പുറത്തുവിട്ട ധനലക്ഷ്മി ബാങ്കിന്റെ ഓഹരി 11 ശതമാനം മുന്നേറി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 26.43 കോടി രൂപയുടെ നഷ്ടത്തില്‍ നിന്ന് 28.30 കോടി രൂപയുടെ ലാഭത്തിലേക്ക് ബാങ്ക് പ്രവര്‍ത്തനഫലം മെച്ചപ്പെടുത്തിയിട്ടുണ്ട്. വ്യാപാരാന്ത്യം ഓഹരികളുടെ നേട്ടം 5.93 ശതമാനമാണ്.
ടി.സി.എം., ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ എന്നിവയാണ് നാല് ശതമാനത്തിലധികം മുന്നേറി നേട്ടത്തില്‍ മുന്നിലെത്തിയ മറ്റ് കമ്പനികള്‍.
സെല്ല സ്‌പേസ് (4.02 ശതമാനം), സ്‌കൂബിഡേ (3.45 ശതമാനം), പി.ടി.എല്‍ എന്റര്‍പ്രൈസസ് (2.23 ശതമാനം), ജിയോജിത് (2.10 ശതമാനം), വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് (1.98 ശതമാനം) എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.