നാലാം നാളിലും ഓഹരികളില്‍ നേട്ടം; 17,550 കടന്ന് നിഫ്റ്റി
സെന്‍സെക്‌സ് 582 പോയിന്റ് ഉയര്‍ന്നു; 18 കേരള കമ്പനി ഓഹരികളും നേട്ടത്തില്‍
തുടര്‍ച്ചയായ നാലാംനാളിലും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ആഗോളതലത്തില്‍ നിന്ന് നിരവധി വെല്ലുവിളികള്‍ ആഞ്ഞടിച്ചെങ്കിലും ആഭ്യന്തരതലത്തിലെ അനുകൂല ഘടകങ്ങളുടെ പിന്‍ബലത്തില്‍ സൂചികകള്‍ ഇന്നും നേട്ടം കുറിക്കുകയായിരുന്നു.
സെന്‍സെക്‌സ് 582 പോയിന്റുയര്‍ന്ന് (0.99%) 59,689ലും നിഫ്റ്റി 159 പോയിന്റ് (0.91%) നേട്ടവുമായി 17,557ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്‍ ആന്‍ഡ് ടി, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, എച്ച്.ഡി.എഫ്.സി., ഹീറോ മോട്ടോകോര്‍പ്പ്, എച്ച്.യു.എല്‍., ഐ.ടി.സി, ടൈറ്റന്‍, ഇന്‍ഫോസിസ് എന്നിവയിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യം ഓഹരിവിപണിക്ക് നേട്ടമായി.
നേട്ടത്തിന് പിന്നില്‍
ക്രൂഡോയില്‍ വിലവര്‍ദ്ധന, ആഗോള ഓഹരി സൂചികകളുടെ നിര്‍ജീവ പ്രകടനം തുടങ്ങി നിരവധി വെല്ലുവിളികള്‍ ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേരിട്ടു. എന്നാല്‍, ആഭ്യന്തരതലത്തില്‍ നിന്ന് ലഭിച്ച അനുകൂല ഘടകങ്ങളെ കരുത്താക്കി ഓഹരിവിപണി മുന്നേറുകയായിരുന്നു.
ബാങ്കുകള്‍ പുറത്തുവിട്ട വായ്പകളും നിക്ഷേപങ്ങളും സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടാണ് കൂടുതല്‍ ഗുണകരമായത്. ഇക്കുറി ജനുവരി-മാര്‍ച്ച് പാദത്തിലെ കോര്‍പ്പറേറ്റ് പ്രവര്‍ത്തനഫലങ്ങള്‍ ശോഭനമായിരിക്കുമെന്ന വിലയിരുത്തലുകളും നേട്ടമായി. രൂപയുടെ മൂല്യവളര്‍ച്ചയും ആവേശം പകര്‍ന്നു.
ഡോളറിനെതിരെ 0.41 ശതമാനം നേട്ടവുമായി, മൂന്നാഴ്ചത്തെ ഉയരമായ 82ലാണ് രൂപ വ്യാപാരം പൂര്‍ത്തിയാക്കിയത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്.ഐ.ഐ) മാര്‍ച്ചില്‍ 7,900 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിയിരുന്നു. എഫ്.ഐ.ഐ നിക്ഷേപം ഉയരുന്നുവെന്നതും വിപണിക്ക് ആവേശമായി.
റിസര്‍വ് ബാങ്ക് നാളെ പണനയം പ്രഖ്യാപിക്കുമെങ്കിലും നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയില്ല. കാരണം, റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ദ്ധിപ്പിച്ചേക്കുമെന്ന വിലയിരുത്തല്‍ നേരത്തേയുണ്ട്. അതേസമയം, സാമ്പത്തികരംഗത്തെ പ്രവണതകള്‍ സംബന്ധിച്ച് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ നാളെ വിപണിയെ സ്വാധീനിച്ചേക്കാം.
കേരള ഓഹരികളില്‍ സമ്മിശ്രനേട്ടം
കേരളം ആസ്ഥാനമായ കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഫാക്ട്, കിറ്റെക്‌സ്, റബ്ഫില ഇന്റര്‍നാഷണല്‍, സ്‌കൂബീഡേ എന്നിവ മികച്ച നേട്ടം നേടി. അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍, ഫെഡറല്‍ ബാങ്ക്, വണ്ടര്‍ല ഹോളിഡെയ്‌സ് എന്നിവ നഷ്ടത്തിലേക്ക് വീണു.