വിപണി കയറിയിറങ്ങി; ജിയോഫിൻ അൽപം താഴ്ന്നു
എക്സ് ഡിവിഡൻഡ് ആയതിനെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഒന്നര ശതമാനം താഴ്ചയിലായി
ഓഹരിവിപണി ഇന്നു നാമമാത്രമായ താഴ്ചയിൽ തുടങ്ങിയിട്ട് പെട്ടെന്നു തന്നെ നല്ല നേട്ടത്തിലേക്കു കയറി. എന്നാൽ വ്യാപാരം ഒരു മണിക്കൂർ പിന്നിടും മുമ്പേ മുഖ്യ സൂചികകൾ വീണ്ടും നഷ്ടത്തിലായി. പിന്നീടു ചാഞ്ചാട്ടമായി.
സെൻസെക്സ് 65,137 വരെയും നിഫ്റ്റി 19,368 വരെയും കയറിയിട്ടാണു നഷ്ടത്തിലേക്കു മാറിയത്.
ജിയോ ഫിനാൻഷ്യൽ സർവീസസ് 262 രൂപയിൽ ലിസ്റ്റ് ചെയ്തു. പിന്നീട് ഓഹരി അഞ്ചു ശതമാനം വരെ താഴ്ന്നു.
എക്സ് ഡിവിഡൻഡ് ആയതിനെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഒന്നര ശതമാനം താഴ്ചയിലായി.
784 കോടി രൂപയുടെ ഒരു കിട്ടാക്കടം തിരിച്ചു പിടിച്ചത്. പി.എൻ.ബി ഹൗസിംഗ് ഫിനാൻസിന്റെ ഓഹരി ഏഴു ശതമാനം വരെ ഉയരാൻ സഹായിച്ചു.
1007 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചത് കെ.ഇ.സി ഇന്റർനാഷണൽ ഓഹരിയെ അഞ്ചു ശതമാനം ഉയർത്തി.
മുരുഗപ്പ ഗ്രൂപ്പിലെ പ്രശ്നങ്ങൾ ഒത്തു തീർപ്പായത് ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ നാലു ശതമാനം വരെ കയറാൻ സഹായിച്ചു. പത്തു ലിസ്റ്റഡ് കമ്പനികൾ ഉണ്ട് ഗ്രൂപ്പിൽ.
രൂപ ഇന്ന് അൽപം നേട്ടം കാണിച്ചിട്ട് വീണ്ടും താണു. ഡോളർ അഞ്ചു പൈസ താണ് 83.05 രൂപയിൽ വ്യാപാരം തുടങ്ങി. ഡോളർ പിന്നീട് 83.11 രൂപയിലേക്കു കയറി.
ലോകവിപണിയിൽ സ്വർണം 1,893 ഡോളറിൽ എത്തി. കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ 43,280 രൂപയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില ഉയർന്നു പോകുകയാണ്. ബ്രെന്റ് ഇനം 85.5 ഡോളർ കടന്നു.