ആവേശത്തുടക്കത്തില്‍ പുതുവര്‍ഷം, റെക്കോഡ് കടന്ന് നിഫ്റ്റി; കസറി മുത്തൂറ്റും മണപ്പുറവും
റേറ്റിംഗില്‍ കുതിച്ചുയര്‍ന്ന് പി.എന്‍.ബി ഫിനാന്‍സിംഗ്, അദാനിക്കമ്പനികളും മുന്നോട്ട്
ഇന്ത്യന്‍ ഓഹരിവിപണി ഇന്നു വലിയ കുതിപ്പോടെ വ്യാപാരം തുടങ്ങി. മിനിറ്റുകള്‍ക്കകം നിഫ്റ്റി 22,500 കടന്നു. താമസിയാതെ 22,529.95ലെത്തി റെക്കോഡ് തിരുത്തി. പിന്നീട് താഴ്ന്നു. സെന്‍സെക്‌സ് 500ലേറെ പോയിന്റ് ഉയര്‍ന്ന ശേഷം താഴ്ന്നു. പുതിയ ധനകാര്യ വര്‍ഷത്തിനു ലഭിച്ചത് ആവേശത്തുടക്കം.
മിഡ്ക്യാപ് സൂചിക 1.35 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക രണ്ടും ശതമാനവും ഉയര്‍ന്നു. മെറ്റല്‍, റിയല്‍റ്റി, ബാങ്ക്, ധനകാര്യ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയവ ഒരു ശതമാനത്തിലധികം കുതിച്ചു.
ടാറ്റാ സ്റ്റീല്‍, ജെ.എസ്.ഡബ്‌ള്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, നാല്‍കോ തുടങ്ങിയ ഓഹരികള്‍ രണ്ടു ശതമാനം കയറി. ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി തുടങ്ങിയവയും നല്ല നേട്ടത്തിലാണ്.
മുത്തൂറ്റ് ഫിനാന്‍സ് ഓഹരി ഏഴു ശതമാനം കയറി 1,585 രൂപ വരെയും മണപ്പുറം ഫിനാന്‍സ് ഓഹരി അഞ്ചു ശതമാനം ഉയര്‍ന്ന് 182 രൂപ വരെയും എത്തി.
അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയവ ഇന്നു നല്ല ഉയര്‍ച്ച കാണിച്ചു.
റേറ്റിംഗ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സ് 13 ശതമാനം കുതിച്ചു.
സ്വര്‍ണം അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 2265 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 680 രൂപ കൂടി 50,880 രൂപയായി. ഇതു റെക്കോഡ് വിലയാണ്.
ക്രൂഡ് ഓയില്‍ വില വീണ്ടും കയറി. ബ്രെന്റ് ഇനം വീപ്പയ്ക്ക് 87.32 ഡോളര്‍ ആയി.