ദുർബലമായ തുടക്കം, പിന്നീട് ചാഞ്ചാടി വിപണി
രൂപയ്ക്കു നേട്ടം. ആഷിയാന ഹൗസിംഗ് ഓഹരി വില 15 ശതമാനം കയറി
ഇന്ത്യൻ വിപണി ഇന്നു ദുർബലമായ തുടക്കം കുറിച്ചു. കുറേ സമയം ചാഞ്ചാടിയ ശേഷം ഓഹരികൾ ഉയർന്നു. ബാങ്ക്, ധനകാര്യ, വാഹന കമ്പനികൾ ഒഴികെ എല്ലാ വ്യവസായ മേഖലകളും കയറ്റത്തിലാണ്.
കോൾ ഇന്ത്യ ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) വഴി മൂന്നു ശതമാനം ഓഹരി വിൽപന ആരംഭിച്ചു. 225 രൂപയാണ് തറവില. ഓഹരിവില അഞ്ചു ശതമാനത്തോളം താണു.
ബജാജ് ഓട്ടോയുടെ മേയ് മാസത്തെ വിൽപന 29 ശതമാനം വർധിച്ച് 3.55 ലക്ഷമായി. ആഭ്യന്തര വിൽപന 103 ശതമാനം വർധിച്ച് 2.28 ലക്ഷത്തിൽ എത്തി. ബജാജ് ഓട്ടോ ഓഹരി രണ്ടു ശതമാനത്താേളം ഉയർന്നു.
മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വലിയ നേട്ടമുണ്ടാക്കിയ ന്യൂക്ലിയസ് സോഫ്റ്റ്വെയർ ഇന്ന് എട്ടു ശതമാനം കുതിച്ചു. ഒരാഴ്ച കൊണ്ട് 61 ശതമാനം ഉയർന്ന ഈ ഓഹരി ആറുമാസം കൊണ്ട് 178 ശതമാനം കയറി.
ആഷിയാന ഹൗസിംഗ് മാർച്ച് പാദത്തിൽ വിറ്റുവരവ് 48 ശതമാനം വർധിപ്പിച്ചപ്പാേൾ ലാഭം 65 ശതമാനം ഉയർന്നു. ഓഹരി വില 15 ശതമാനം കയറി.
സൗദി അരാംകോ പ്രാെപ്പെയ്ൻ വാതകത്തിന്റെ വില കുറച്ചത് ഗുജറാത്ത് ഗ്യാസിനും ഗെയിലിനും തിരിച്ചടിയായി. രൂപ ഇന്ന് നല്ല നേട്ടം കുറിച്ചു. ഡോളർ ഇന്നു 0.32 ശതമാനം താഴ്ന്ന് 82.47 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 82.37 രൂപയായി. ഇന്നലെ 82.72 രൂപയായിരുന്നു.
സ്വർണം ലോക വിപണിയിൽ 1964 ഡോളറിലാണ്. കേരളത്തിൽ പവനു 120 രൂപ കുറഞ്ഞ് 44,560 രൂപയായി. അമേരിക്കയിൽ കടപരിധി വിഷയം തീർന്നതോടെ ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. ബ്രെന്റ് ഇനം 73.15 ഡോളറിലേക്കു കയറി.