വിപണി ചാഞ്ചാട്ടത്തില്‍; ലിസ്റ്റിംഗ് പ്രതീക്ഷയില്‍ ഉയര്‍ന്ന് എ.ബി ഫാഷന്‍, നിരാശയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്

ഐടി, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, ധനകാര്യ ഓഹരികള്‍ ഇന്നു രാവിലെ നഷ്ടത്തില്‍

Update:2024-04-02 11:15 IST

Image : Canva

ഇന്ത്യന്‍ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങി. കൂടുതല്‍ താഴ്ന്ന ശേഷം തിരിച്ചു കയറി നേട്ടത്തിലായി. വീണ്ടും നഷ്ടത്തിലേക്കു മാറി.

ഐടി, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, ധനകാര്യ ഓഹരികള്‍ ഇന്നു രാവിലെ നഷ്ടത്തിലാണ്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍-ഗ്യാസ്, റിയല്‍റ്റി എന്നിവ ഉയര്‍ന്നു. പ്രതിരോധ ഓഹരികള്‍ ഇന്നും കയറ്റത്തിലാണ്.
എച്ച്.ഡി.എഫ്.സി ബാങ്ക് ഒന്നര ശതമാനം ഉയര്‍ന്നപ്പോള്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഒരു ശതമാനത്തിലധികം താഴ്ന്നു.
ആദിത്യ ബിര്‍ല ഫാഷന്‍ തങ്ങളുടെ മധുര ഫാഷന്‍ ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ വിഭാഗത്തെ വേര്‍പെടുത്തി ലിസ്റ്റ് ചെയ്യാന്‍ നടപടി തുടങ്ങി. ഇതേ തുടര്‍ന്ന് എ.ബി ഫാഷന്‍ ഓഹരി വില 15 ശതമാനം വര്‍ധിച്ചു. ലൂയി ഫിലിപ്പ്, വാന്‍ ഹ്യൂസന്‍, അലന്‍ സോളി, പീറ്റര്‍ ഇംഗ്ലണ്ട്, അമേരിക്കന്‍ ഈഗിള്‍, ഫൊറെവര്‍ 21 തുടങ്ങിയ ബ്രാന്‍ഡുകള്‍ മധുര ഫാഷന്റെ കീഴിലാണ്. എ.ബി ഫാഷന്റെ 1.4 ശതമാനം ഓഹരി ബള്‍ക്ക് ആയി കൈമാറി.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഇന്നു നാലു ശതമാനത്തിലധികം ഇടിഞ്ഞു. നാലാം പാദത്തിലെ വായ്പ, നിക്ഷേപ വര്‍ധന പ്രതീക്ഷ പോലെ വരാത്തതാണു കാരണം.
സി.എസ്.ബി ബാങ്കിന്റെ നാലാം പാദ ബിസിനസ് മികച്ച വളര്‍ച്ച കാണിച്ചതിനാല്‍ ഓഹരി നാലു ശതമാനം ഉയര്‍ന്നു. ധനലക്ഷ്മി ബാങ്ക് ഓഹരി മൂന്നു ശതമാനത്തിലധികം കയറി.
രൂപ ഇന്നു ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ മൂന്നു പൈസ താഴ്ന്ന് 83.37 രൂപയിലാണ് ആരംഭിച്ചത്. പിന്നീട്ട് 83.35 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ 2,253 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 50,680 രൂപയായി.
ക്രൂഡ് ഓയില്‍ ഉയര്‍ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം 87.82 ഡോളറിലായി.


Tags:    

Similar News