വിപണി കയറ്റത്തില്‍, അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്നു നേട്ടത്തില്‍

ടൂ വീലര്‍ വില്‍പന 22 ശതമാനം വര്‍ധിച്ചു, ടിവിഎസ് മോട്ടോര്‍ ഓഹരി ഉയര്‍ന്നു

Update:2023-06-02 11:21 IST

ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. പിന്നീടു കൂടുതല്‍ കയറി. ഐടി ഒഴികെ എല്ലാ വ്യവസായ മേഖലകളും രാവിലെ ഉയര്‍ന്നു. റിയൽറ്റി, മെറ്റല്‍, എഫ്എംസിജി, ബാങ്ക്, ധനകാര്യ സേവന, വാഹന മേഖലകള്‍ മികച്ച നേട്ടത്തിലാണ്. എക്‌സ് ഡിവിഡന്‍ഡ് ആയതിനെ തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരി ഇന്ന് ഒരു ശതമാനത്തിലധികം താണു.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കയറ്റം ഉണ്ടായ ന്യൂക്ലിയസ് സോഫ്റ്റ് വേര്‍, സീയന്റ് എന്നീ ഐടി സേവന കമ്പനികള്‍ ഇന്നും നേട്ടത്തിലാണ്. മേയിലെ ടൂവീലര്‍ വില്‍പന 22 ശതമാനം വര്‍ധിച്ചതിനെ തുടര്‍ന്ന് ടിവിഎസ് മോട്ടോര്‍ ഓഹരി രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു. ഹീറോ മോട്ടോ കോര്‍പ് മൂന്നു ശതമാനം കയറി.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി  ഉയർന്നു 

കഴിഞ്ഞ ദിവസം 10 ശതമാനം ഉയര്‍ന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഇന്നു രാവിലെ രണ്ടു ശതമാനത്തോളം ഉയര്‍ന്നു. ഇനിയും നിക്ഷേപ യോഗ്യമാണ് ഓഹരി എന്ന് കൊട്ടക് സെക്യൂരിറ്റീസ് വിലയിരുത്തി. ബാങ്കിന്റെ എംഡിയും സിഇഒയുമായി നിയമിക്കേണ്ട ആളുടെ പേര് ഉടനെ റിസര്‍വ് ബാങ്കിനു സമര്‍പ്പിക്കും എന്നാണു റിപ്പോര്‍ട്ട് .

അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്നു പൊതുവേ നേട്ടത്തിലാണ്. രൂപ ഇന്നും നേട്ടം ഉണ്ടാക്കി. ഡോളര്‍ രാവിലെ ഒന്‍പതു പൈസ താണ് 82.32 രൂപയിലാണു വ്യാപാരം തുടങ്ങിയത്. സ്വര്‍ണം ലോകവിപണിയില്‍ 1982 ഡോളറിലേക്കു കയറി. കേരളത്തില്‍ പവന് 240 രൂപ വര്‍ധിച്ച് 44,800 രൂപയായി.

Tags:    

Similar News