വിപണി കൂടുതല്‍ താഴ്ചയിലേക്ക്; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്നും ഇടിവില്‍
രണ്ടാം പാദ ലാഭമാര്‍ജിന്‍ കുറവാകുമെന്ന വിലയിരുത്തലില്‍ വാഹന കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു
വിപണി താഴോട്ടു യാത്ര തുടരുകയാണ്. രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ മുഖ്യ സൂചികകള്‍ പിന്നീട് കൂടുതല്‍ താണു. സെന്‍സെക്‌സ് 64,978 വരെയും നിഫ്റ്റി 19,375 വരെയും താഴ്ന്നിട്ട് കുറച്ചു കയറി. ആഗോള വിപണികളുടെ വഴിയേ നീങ്ങുകയാണ് ഇന്ത്യന്‍ വിപണി.
ബാങ്കുകളും ധനകാര്യ കമ്പനികളും ഇന്നു താഴ്ചയ്ക്കു മുന്നില്‍ നില്‍ക്കുന്നു. ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം താഴ്ന്നു. ഐ.സി.ഐ.സി.ഐ ബാങ്കും ആക്‌സിസ് ബാങ്കുമാണു ബാങ്ക് നിഫ്റ്റിയുടെ താഴ്ചയില്‍ 60 ശതമാനം പങ്കു വഹിച്ചത്. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് നിക്ഷേപത്തില്‍ 13.6 ശതമാനം വളര്‍ച്ച കാണിച്ച എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി രാവിലെ ഉയര്‍ന്നു.
നിക്ഷേപങ്ങളും വായ്പയും വര്‍ധിച്ച ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങിയവ നാലു ശതമാനത്തിലധികം കയറി. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സി.എസ്.ബി ബാങ്ക് ഓഹരികള്‍ രാവിലെ താഴ്ന്നു. ധനലക്ഷ്മി ബാങ്ക് അഞ്ചു ശതമാനം ഉയര്‍ന്ന് 34.10 രൂപ വരെ എത്തി. പിന്നീട് താഴ്ന്നു.
രണ്ടാം പാദത്തിലെ ലാഭമാര്‍ജിന്‍ കുറവാകുമെന്ന വിലയിരുത്തലില്‍ വാഹന കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു. മാരുതി, മഹീന്ദ്ര, ഐഷര്‍, ടാറ്റാ തുടങ്ങിയവ രണ്ടു ശതമാനത്തോളം താഴ്ന്നു.
ഹെല്‍ത്ത് കെയര്‍, റിയല്‍റ്റി, ഐടി, മെറ്റല്‍, മീഡിയ, ഫാര്‍മ ഓഹരികളും താഴ്ചയിലാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്നും ഇടിവിലാണ്.
രൂപ, ഡോളര്‍, ക്രൂഡ് ഓയില്‍, സ്വര്‍ണം
രൂപ ഇന്നും താഴ്ന്നു. ഡോളര്‍ ഒരു പൈസ കയറി 83.22 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.24 രൂപ വരെ കയറി.
സ്വര്‍ണം ലോകവിപണിയില്‍ 1820 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ സ്വര്‍ണം പവന് 42,080 രൂപയില്‍ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ 90.83 ഡോളറിലേക്കു താഴ്ന്നു.
പത്തു വര്‍ഷ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ വില 7.3 ശതമാനം നിക്ഷേപ നേട്ടം കിട്ടത്തക്ക വിധം താഴ്ന്നു.
Read This Also:
വിപണികൾ ചുവപ്പിൽ; ഓഹരികൾ തിരുത്തൽ തുടരും; കേരളത്തിലെ ബാങ്കുകള്‍ നേട്ടത്തില്‍