പ്രതീക്ഷ പോലെ പണനയം; നിരക്കുകളിൽ മാറ്റമില്ല; ഓഹരികൾ നഷ്ടം കുറച്ചു; രൂപ കയറി

ക്രൂഡ് ഓയിൽ വില ഉയർന്നു തുടരുന്നു

Update:2024-04-05 11:24 IST

Image by Canva

മാറ്റങ്ങൾ ഇല്ലാത്ത പണനയം റിസർവ് ബാങ്ക് ഇന്നു പ്രഖ്യാപിച്ചു. ഓഹരിവിപണി നയത്തോട് അനുകൂലമായി പ്രതികരിച്ചു. നയപ്രഖ്യാപനത്തിനു ശേഷം ഓഹരി സൂചികകൾ അൽപം ഉയർന്നു. രൂപയും ഉയർന്നു.

നിരക്കുകളിലും സമീപനത്തിലും മാറ്റം വേണ്ട എന്ന് പണനയ കമ്മിറ്റി തീരുമാനിച്ചു. ഒന്നിനെതിരേ അഞ്ചു വോട്ടിനാണു തീരുമാനം. റീപോ നിരക്ക് (വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഏകദിന വായ്പയുടെ പലിശ) 6.5 ശതമാനത്തിൽ തുടരും. മറ്റു താക്കോൽ നിരക്കുകളിലും മാറ്റമില്ല.

പണലഭ്യത സംബന്ധിച്ച സമീപനത്തിലും മാറ്റമില്ല എന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. 2024-25 വർഷം ജി.ഡി.പി വളർച്ച എഴു ശതമാനമാകും എന്നു റിസർവ് ബാങ്ക് വിലയിരുത്തുന്നു. ഒന്നാം പാദത്തിൽ 7.1 (നേരത്തേ കണക്കാക്കിയത് 7.2), രണ്ടാം പാദത്തിൽ 7.1(72), മൂന്നാം പാദത്തിൽ 7.0 (7.0), നാലാം പാദത്തിൽ 7.0(6.9) എന്നിങ്ങനെയാകും വളർച്ച.

ഈ ധനകാര്യ വർഷം ചില്ലറ വിലക്കയറ്റം 4.5 ശതമാനമാകുമെന്നാണ് നിഗമനം. നാലു ശതമാനം എന്ന ലക്ഷ്യം ഇക്കൊല്ലവും സാധിക്കില്ല എന്നു ചുരുക്കം. വിപണി പ്രതീക്ഷിച്ചതുപോലെയാണു പണനയം വന്നത്. തന്മൂലം എതിർ പ്രതികരണം ഉണ്ടായില്ല. നയപ്രഖ്യാപനത്തിനു മുൻപ് 83.42 രൂപയിലായിരുന്ന ഡോളർ പിന്നീട് 83.40 ഡോളറിലേക്കു താഴ്ന്നു.

സ്വർണപ്പണയ കമ്പനികളായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവ ഇന്നു രണ്ടര ശതമാനത്തോളം താഴ്ന്നു. നാലാം പാദത്തിൽ വിൽപന കുറഞ്ഞതിനെ തുടർന്ന് ശോഭ ഡെവലപ്പേഴ്സ് മൂന്നു ശതമാനം താഴ്ന്നു. വിൽപന വർധിപ്പിച്ച പുറവങ്കര ഓഹരി നാലു ശതമാനം ഉയർന്നു.

നാലാം പാദത്തിൽ വിൽപന ഗണ്യമായി വർധിച്ചതിനെ തുടർന്ന് കല്യാൺ ജ്വല്ലേഴ്സ് ഓഹരി ഒന്നര ശതമാനം ഉയർന്നു. എൻ.എം.ഡി.സിയിൽ നിന്ന് 1500 കോടിയുടെ കരാർ ലഭിച്ചതിനെ തുടർന്ന് രാശി പെരിഫെറൽസ് ഓഹരി എട്ടു ശതമാനം കയറി.

ക്രൂഡ് ഓയിൽ വില കയറുന്നതിനെ തുടർന്ന് ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ ഓഹരികൾ മൂന്നു ശതമാനം വരെ താഴ്ന്നു. രൂപ ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളർ ഒരു പൈസ താഴ്ന്നു 83.43 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.41 രൂപയായി.

സ്വർണം ലോക വിപണിയിൽ 2276 ഡോളറിലാണ്. കേരളത്തിൽ പവനു 360 രൂപ കുറഞ്ഞ് 51,320 രൂപയായി. ക്രൂഡ് ഓയിൽ വില ഉയർന്നു തുടരുന്നു. ബ്രെൻ്റ് ഇനം 91.06 ഡോളറിലാണ്.

Tags:    

Similar News