ഓഹരിവിപണിയില്‍ വീണ്ടും ചാഞ്ചാട്ടം; റെയില്‍വേ ഓഹരികള്‍ താഴ്ചയില്‍

മെറ്റല്‍ ഓഹരികള്‍ ഇടിവില്‍

Update:2023-09-06 10:44 IST

ആഗോള തലത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ വിപണി ഇന്നു ചാഞ്ചാട്ടത്തിലായി. തുടക്കത്തില്‍ താഴ്ന്ന ശേഷം കുറേ സമയം ഉയര്‍ന്നു. വീണ്ടും താണു. പിന്നെ ചാഞ്ചാടി.

ബാങ്ക്, ധനകാര്യ കമ്പനികള്‍ തുടക്കം മുതല്‍ ചാഞ്ചാട്ടത്തിലായിരുന്നു. മെറ്റല്‍ ഓഹരികള്‍ ഇടിവിലാണ്. സ്റ്റീല്‍, അലൂമിനിയം കമ്പനികള്‍ക്കാണു കൂടുതല്‍ ദൗര്‍ബല്യം.

യുഎസ് കടപ്പത്രങ്ങളുടെ പിന്നാലെ ഇന്ത്യന്‍ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ക്കും വില താണു. പത്തു വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 7.226 ശതമാനത്തിലേക്കു കയറി.

റെയില്‍വേ ഓഹരികള്‍ക്ക് ക്ഷീണം

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുതിപ്പിലായിരുന്ന റെയില്‍വേ ഓഹരികള്‍ ഇന്നു താഴ്ചയിലായി. ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍ അഞ്ചു ശതമാനം ഇടിഞ്ഞു. ആര്‍വിഎന്‍എല്‍ നാലു ശതമാനം താണു.

രൂപ, ഡോളർ, സ്വർണം 

രൂപ ഇന്നു നേരിയ നേട്ടത്തില്‍ തുടങ്ങിയിട്ട് ഇടിവിലായി. ഡോളര്‍ രണ്ടു പൈസ നഷ്ടപ്പെടുത്തി 83.02 രൂപയില്‍ വ്യാപാരം ആരംഭിച്ചു. പിന്നീടു ഡോളര്‍ 83.08 രൂപയായി ഉയര്‍ന്നു.

ഡോളര്‍ സൂചിക 104.8 നു സമീപത്താണ്. ചൈനീസ് യുവാന്‍ അടക്കം മിക്ക ഏഷ്യന്‍ കറന്‍സികളും താഴ്ന്നു.

സ്വര്‍ണം ലോകവിപണിയില്‍ 1,926 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 44,000 രൂപയായി.


മോണിംഗ് ബിസിനസ് ന്യൂസ് & സ്റ്റോക്ക് മാർക്കറ്റ് അപ്ഡേറ്റ് മിസ് ചെയ്തോ, ഇവിടെ ക്ലിക്ക് ചെയ്തു വായിക്കൂ.

Tags:    

Similar News