കുതിപ്പ് തുടരുന്നു; ₹400 ലക്ഷം കോടി കടന്ന് ബി.എസ്.ഇ യുടെ വിപണിമൂല്യം, കത്തുന്ന ചൂടില്‍ ഉയര്‍ന്ന് വോള്‍ട്ടാസ്

നേതൃമാറ്റത്തില്‍ ഉലഞ്ഞ് ബന്ധന്‍ ബാങ്ക്, വിപ്രോ ഓഹരികള്‍

Update:2024-04-08 10:36 IST

Image by Canva

വിപണി കുതിപ്പ് തുടരുകയാണ്. രാവിലെ ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് നല്ല നേട്ടത്തിലായി. രാവിലെ സെന്‍സെക്‌സ് 74,658.95 വരെയും നിഫ്റ്റി 22,623.90 വരെയും എത്തി റെക്കോഡ് തിരുത്തി. പിന്നീട് അല്‍പം താഴ്ന്നു.

ഓഹരികള്‍ കുതിപ്പ് തുടര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഓഹരിവിപണിയുടെ മൊത്തം വിപണി മൂല്യം 400 ലക്ഷം കോടി രൂപ കടന്നു. രാവിലെ വ്യാപാരം തുടങ്ങി താമസിയാതെബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണിമൂല്യം 401.43 ലക്ഷം കോടി രൂപ അഥവാ 4.8 ലക്ഷം കോടി ഡോളറിലേക്കു കയറി. പിന്നീട് അല്‍പം താഴ്ന്നു.

പി.എസ്.യു ബാങ്കും ഐ.ടിയും ഒഴികെ എല്ലാ മേഖലകളും കയറ്റത്തിലാണ്. റിയല്‍റ്റിയാണ് കുതിപ്പിനു മുന്നില്‍.

ബന്ധന്‍ ബാങ്ക് സ്ഥാപക സി.ഇ.ഒയും എം.ഡിയുമായ ചന്ദ്രശേഖര്‍ ഘോഷ് വിരമിക്കുന്നതായ പ്രഖ്യാപനം ബാങ്ക് ഓഹരിയെ 10 ശതമാനം വരെ താഴ്ത്തി.

വിപ്രോ എം.ഡിയും സി.ഇ.ഒയുമായ തിയറിഡെലാപാേര്‍ട്ട് രാജിവച്ച സാഹചര്യത്തില്‍ ഓഹരി ഒരു ശതമാനം താഴ്ന്നു. നുവാമ,ജെഫറീസ് തുടങ്ങിയ ബ്രോക്കറേജുകള്‍ ഓഹരിയുടെ റേറ്റിംഗ് താഴ്ത്തി.
നാലാം പാദത്തില്‍ എ.സി വില്‍പന 72 ശതമാനം വര്‍ധിച്ച കരുത്തില്‍ വോള്‍ട്ടാസ് ഓഹരി 10 ശതമാനം ഉയര്‍ന്നു.

നാലാം പാദത്തില്‍ മികച്ച ബിസിനസ് വളര്‍ച്ചയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്‍ഫോ എഡ്ജ് ഓഹരി എട്ടു ശതമാനം കയറി.

രൂപ, സ്വര്‍ണം, ക്രൂഡ് ഓയില്‍

രൂപ ഇന്ന് നേട്ടത്തിലാണ്. ഡോളര്‍ അഞ്ചു പൈസ താഴ്ന്ന് 83.25 രൂപയിലായി. ചൈനയുടെ യുവാന്‍ 11.51 രൂപയിലേക്കു രാവിലെ താഴ്ന്നു.

സ്വര്‍ണം ചാഞ്ചാട്ടത്തിലാണ്. രാവിലത്തെ ഇടിവിനു ശേഷം തിരിച്ചു കയറി റെക്കോഡ് മറികടന്നു. ഔണ്‍സിന് 2353.50 ഡോളര്‍ എത്തിയിട്ട് 2343 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ കൂടി 52,520 രൂപയായി.

ക്രൂഡ് ഓയില്‍ അല്‍പം കയറി. ബ്രെന്റ് ഇനം ക്രൂഡ് 89.74 ഡോളറിലാണ്.
Tags:    

Similar News