ആഗോള വിപണികളുടെ വഴിയിൽ നിന്നു മാറി ഇന്ത്യൻ വിപണി വീണ്ടും ഉയർച്ചയിൽ

മണപ്പുറം ഫിനാൻസ് ഓഹരി അഞ്ചു ശതമാനത്തോളം ഉയർന്നു

Update:2023-05-09 11:31 IST

ആഗോള വിപണികളുടെ വഴിയിൽ നിന്നു മാറി വീണ്ടും ഇന്ത്യൻ വിപണി ഉയർച്ചയിൽ. ഇന്നു രാവിലെ ചെറിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച പ്രധാന സൂചികകൾ പിന്നീട് 0.40 ശതമാനം വരെ ഉയർന്നു. ബാങ്ക്, ധനകാര്യ, വാഹന ഓഹരികൾ നേട്ടത്തിലായി. പൊതുമേഖലാ ബാങ്കുകൾ നഷ്ടത്തിലാണ്.

കൻസായ് നെരോലാക് പെയിന്റ്സിന്റെ നാലാം പാദ അറ്റാദായം നാലുമടങ്ങ് വർധിച്ച് 96 കോടി രൂപയായി. ഓഹരിവില എട്ടു ശതമാനം ഉയർന്നു.

മണപ്പുറം ഫിനാൻസ് ഓഹരി ഇന്ന് അഞ്ചു ശതമാനത്തോളം ഉയർന്നു. മഹാനഗർ ഗ്യാസിന്റെ പ്രവർത്തന ലാഭ മാർജിൻ രണ്ടുവർഷത്തിനുള്ളിലെ ഉയർന്ന നിലയിൽ എത്തി. ഓഹരി ഏഴു ശതമാനം കയറി.

വായ്പാവളർച്ച സംബന്ധിച്ച പ്രതീക്ഷ കുറവായത് കനറാ ബാങ്ക് ഓഹരിയെ രണ്ടര ശതമാനം താഴ്ത്തി. 1080 രൂപയ്ക്ക് ഓഹരി ഇഷ്യു ചെയ്ത മാൻ കൈൻഡ് ഫാർമ ഓഹരി 20 ശതമാനം ഉയർന്ന് 1300 രൂപയിൽ ലിസ്റ്റ് ചെയ്തു.

രൂപ ഇന്ന് അൽപം ദുർബലമായി. ഡോളർ നാലു പൈസ നേട്ടത്തിൽ 81.84 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 81.94 രൂപയിലേക്കു കയറി. സ്വർണം ലോക വിപണിയിൽ 2024 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ വർധിച്ച് 45,360 രൂപയായി. 

Tags:    

Similar News