'യുദ്ധം' ഇന്ത്യന്‍ വിപണിയിലും; ഐ.ടിയും ഫാര്‍മയുമൊഴികെ എല്ലാ ഓഹരികളും താഴ്ചയില്‍

ബാങ്കിംഗ്, മെറ്റല്‍ ഓഹരികളില്‍ വീഴ്ച; അദാനി ഓഹരികളും ഇടിഞ്ഞു

Update:2023-10-09 11:17 IST

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്നു വലിയ താഴ്ചയോടെ വ്യാപാരം തുടങ്ങി. കൂടുതല്‍ താഴ്ന്ന ശേഷം നഷ്ടം ഗണ്യമായി കുറച്ചു. സെന്‍സെക്‌സ് 65,434 വരെയും നിഫ്റ്റി 19,480 വരെയും താണിട്ട് തിരിച്ചു കയറി.

ഐ.ടി, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ എന്നിവ ഒഴികെ എല്ലാ മേഖലകളും രാവിലെ താഴ്ചയിലായി. ബാങ്കുകളും ധനകാര്യ കമ്പനികളും മെറ്റല്‍ കമ്പനികളും തകര്‍ച്ചയ്ക്കു മുന്നില്‍ നിന്നു.

ഐ.ടി കമ്പനികള്‍ വ്യാപാരം തുടങ്ങി കുറേ കഴിഞ്ഞപ്പോള്‍ മികച്ച നേട്ടത്തിലായി. ടി.സി.എസും എച്ച്.സി.എല്ലും ഇന്‍ഫോസിസും ഗണ്യമായി ഉയര്‍ന്നു.

ക്രൂഡ് ഓയില്‍ വില കയറിയത് ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ, ചെന്നൈ പെട്രോ എന്നിവയ്ക്കു നേട്ടമായി. ഏഷ്യന്‍, ബെര്‍ജര്‍ തുടങ്ങിയ പെയിന്റ് കമ്പനികളും ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ തുടങ്ങിയ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളും നഷ്ടത്തിലായി.

അദാനി എന്റര്‍പ്രൈസസ്, പോര്‍ട്‌സ്, പവര്‍, വില്‍മര്‍, ഗ്രീന്‍ തുടങ്ങിയവ ഒന്നു മുതല്‍ മൂന്നു വരെ ശതമാനം ഇടിഞ്ഞു. വാഹന വില്‍പന കഴിഞ്ഞ മാസം ഗണ്യമായി വര്‍ധിച്ചെന്ന് ഫാഡ (ഫെഡറേഷന്‍ ഓഫ് ഓട്ടാേമൊബൈല്‍ ഡീലേഴ്‌സ് അസാേസിയേഷന്‍സ്) കണക്കുകള്‍ കാണിക്കുന്നു. ട്രാക്ടര്‍ ഒഴികെ എല്ലാ വിഭാഗങ്ങളും വളര്‍ച്ച കാണിച്ചു.

കുറേക്കാലമായി മന്ദഗതിയിലായിരുന്ന ടൂ വീലര്‍ വില്‍പന കഴിഞ്ഞ മാസം 22 ശതമാനം വര്‍ധിച്ചു. ത്രീ വീലര്‍ വില്‍പന 49 ശതമാനം കുതിച്ചു. കാറുകള്‍, എസ് യു വികള്‍ എന്നിവയുടെ വില്‍പനയില്‍ 19 ശതമാനമാണു വര്‍ധന. വാണിജ്യവാഹനങ്ങളുടെ വില്‍പന അഞ്ചു ശതമാനമേ കയറിയുള്ളൂ.

ഡോളറും സ്വര്‍ണവും

ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 83.22 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്.

ലോകവിപണിയില്‍ സ്വര്‍ണം 1851 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ വര്‍ധിച്ച് 42,680 രൂപയായി.

ക്രൂഡ് ഓയില്‍ വില 88.8 ഡോളര്‍ വരെ കയറിയിട്ട് 87.7 ഡോളറിലേക്കു താണു.

Read Morning Business News & Stock Market Update Here :

ആഗോള വിപണി യുദ്ധത്തിന്റെ നിഴലിൽ; ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ; സ്വർണം ഉയരുന്നു

Tags:    

Similar News