നേട്ടത്തിൽ തുടങ്ങി നഷ്ടത്തിലേക്ക് നീങ്ങി ഓഹരി വിപണി
അപ്പോളോ ടയേഴ്‌സ് ഓഹരി ഇന്നു രാവിലെ നാലു ശതമാനത്തോളം താഴ്ന്നു
ചെറിയ നേട്ടത്തിൽ തുടങ്ങിയ ഇന്ത്യൻ വിപണി അര മണിക്കൂറിനകം താഴ്ചയിലായി. തുടക്കത്തിൽ കയറ്റത്തിലായിരുന്ന ബാങ്കിംഗ് ഓഹരികളാണു വിപണിയുടെ ഗതി മാറ്റിയത്. പൊതുമേഖലാ ബാങ്കുകൾക്കാണു വലിയ തകർച്ച.
ലേറ്റന്റ് വ്യൂ അനലിറ്റിക്സ് ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. നാലാം പാദ വരുമാനം മൂന്നു ശതമാനവും അറ്റാദായം 35 ശതമാനവും കുറഞ്ഞ സാഹചര്യത്തിലാണത്. ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ (എസ് സി ഐ) ഓഹരി രാവിലെ ഏഴു ശതമാനം ഉയർന്നു 100 രൂപ കടന്നു. കമ്പനിയുടെ നാലാം പാദ അറ്റാദായം 154 ശതമാനം വർധിച്ച് 377 കോടി രൂപയായിരുന്നു.
അപ്പോളോ ടയേഴ്‌സ് ഓഹരി താഴ്ന്നു
നാലാം പാദ റിസൽട്ടിൽ ലാഭമാർജിൻ 4.8 ശതമാനം ഉയർത്തിയ അപ്പോളോ ടയേഴ്‌സ് ഓഹരി ഇന്നു രാവിലെ നാലു ശതമാനത്തോളം താഴ്ന്നു. എംആർഎഫ്, ജെകെ തുടങ്ങി മറ്റു ടയർ കമ്പനി ഓഹരികളും ഇടിഞ്ഞു.
ബ്ലൂ സ്റ്റാർ എയർ കണ്ടീഷണർ വിപണിയിലെ പങ്ക് 13.5 ശതമാനത്തിലേക്ക് ഉയർത്തിയ സാഹചര്യത്തിൽ ഓഹരി വില മൂന്നു ശതമാനത്തോളം ഉയർന്നു. ഒരു വർഷത്തിനകം ഓഹരി 38 ശതമാനം കയറി. വോൾട്ടാസ്, വേൾപൂൾ, ഹാവെൽസ് തുടങ്ങിയവയുടെ ഓഹരി വില താഴ്ന്നു. കമ്പനിയുടെ വരുമാനവും ലാഭവും ലാഭമാർജിനും ഗണ്യമായി വർധിച്ചു.
ലാഭമാർജിൻ 4.5 ശതമാനം ഇടിഞ്ഞ ഗോദ്റെജ് അഗ്രാേവെറ്റ് ഓഹരികൾ അഞ്ചു ശതമാനം വീഴ്ചയിലാണ്. അദാനി ഗ്രൂപ്പ് ഓഹരികളിൽ ഭൂരിപക്ഷവും ഇന്നു താഴോട്ടായി. രൂപ ഇന്ന് അൽപം ദുർബലമായി. ഡോളർ രണ്ടു പൈസ കയറി 82.06 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 81.96 രൂപയിലേക്ക് ഇടിഞ്ഞിട്ട് 82.04 രൂപയിലേക്കു തിരിച്ചു കയറി. സ്വർണം രാജ്യാന്തര വിപണിയിൽ 2034 ഡോളറിലാണ്. കേരളത്തിൽ പവന് 200 രൂപ കൂടി 45,560 രൂപയായി.