ഓഹരി വിപണി ഉത്സാഹത്തിൽ

സെൻസെക്സ് 65,750 ഉം നിഫ്റ്റി 19,475 ഉം പിന്നിട്ടു

Update:2023-07-11 11:04 IST

Representational Image From Pixabay

ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചിട്ടു കൂടുതൽ ഉയരത്തിലേക്കു കയറി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 65,750 ഉം നിഫ്റ്റി 19,475 ഉം പിന്നിട്ടു. ബാങ്ക് നിഫ്റ്റി 45,000 കടന്നു.

റിയൽ എസ്റ്റേറ്റ് ഒഴികെ എല്ലാ മേഖലകളും ഇന്നു രാവിലെ കയറ്റത്തിലാണ്. വാഹന, ഫാർമ, ഹെൽത്ത് കെയർ കമ്പനികൾ നേട്ടത്തിനു മുന്നിൽ നിന്നു. സെമി കണ്ടക്ടർ ചിപ്പുകൾ നിർമിക്കാനുള്ള സംയുക്ത സംരംഭത്തിൽ നിന്ന് ഫോക്സ് കോൺ പിന്മാറിയതിനെ തുടർന്ന് വേദാന്ത ഓഹരി രണ്ടര ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു.

പിസിബിഎൽ (ഫിലിപ്സ് കാർബൺ ബ്ലാക്ക്) പുതിയ പ്ലാന്റ് ഉൽപാദനം ആരംഭിച്ചു. സ്പെഷാലിറ്റി കെമിക്കലുകൾ നിർമിക്കാനുള്ള പ്ലാന്റ് ഗുജറാത്തിലെ മുൻധ്രയിലാണ്. കമ്പനിയുടെ ഓഹരി ഒൻപതു ശതമാനം ഉയർന്നു.

ഒ.എൽ.എക്സ് ഇന്ത്യ

ഒ.എൽ.എക്സ് ഇന്ത്യയുടെ വാഹന വിൽപന ബിസിനസ് ഏറ്റെടുത്ത കാർ ട്രേഡ് ടെകിന്റെ ഓഹരി വില 14 ശതമാനം കയറി. 537 കോടി രൂപയ്ക്കാണു സോബെക് ഓട്ടോയെ കാർ ട്രേഡ് സ്വന്തമാക്കുന്നത്.

മൂന്ന് അന്തർവാഹിനികളുടെ നിർമാണത്തിന് പ്രതിരോധ മന്ത്രാലയത്തിൽ നിന്നു കരാർ ലഭിച്ചെന്ന റിപ്പോർട്ടുകളെ തുടർന്ന് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ഓഹരി ഏഴു ശതമാനം കയറി.

രൂപ, ഡോളർ, സ്വർണം 

രൂപ ഇന്നും നേട്ടത്തിലാണ്. ഡോളർ 17 പൈസ നഷ്ടപ്പെടുത്തി 82.40 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 82.35 രൂപയിലേക്കു താണു.

സ്വർണം ലോകവിപണിയിൽ 1927 ഡോളറിലേക്കു കയറി. കേരളത്തിൽ വില മാറ്റമില്ല. സ്വർണം പവനു 43,560 രൂപ തുടരുന്നു.

Tags:    

Similar News