നേട്ടത്തിൽ തുടങ്ങിയെങ്കിലും പിന്നീട് ചാഞ്ചാടി ഓഹരി വിപണി

ബാങ്ക്, ധനകാര്യ സേവന, ഐടി, ഓയിൽ -ഗ്യാസ് തുടങ്ങിയ മേഖലകൾ രാവിലെ ഉയർന്നു

Update:2023-05-11 11:16 IST

രാവിലെ ഉയർന്ന നിലയിൽ വ്യാപാരമാരംഭിച്ച വിപണി അരമണിക്കൂറിനകം നഷ്ടത്തിലേക്കു മാറി. പിന്നീടു ചാഞ്ചാട്ടമായി. എൽ ആൻഡ് ടി, ഡോ. റെഡ്ഡീസ്, ഹിൻഡാൽകോ തുടങ്ങിയവയുടെ വിലത്തകർച്ച നിഫ്റ്റി 50 സൂചികയെ വലിച്ചു താഴ്ത്തി. ബാങ്ക്, ധനകാര്യ സേവന, ഐടി, ഓയിൽ -ഗ്യാസ് തുടങ്ങിയ മേഖലകൾ രാവിലെ ഉയർന്നു.

അദാനി എന്റർപ്രൈസസ് ഓഹരി വിൽപന അടക്കമുള്ള വഴികളിലൂടെ ധനസമാഹരണത്തിന് ഒരുങ്ങുന്നു. ശനിയാഴ്ച ചേരുന്ന ബാേർഡ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എത്ര ഓഹരി വിൽക്കും, വില എത്ര തുടങ്ങിയ കാര്യങ്ങൾ അറിവായിട്ടില്ല. വിപണിവിലയിൽ നിന്ന് 10- 15 ശതമാനം താഴ്ന്ന ഓഫറാണു പ്രതീക്ഷ. എന്റർപ്രൈസസ് ഓഹരി ഇന്നു രാവിലെ മൂന്നു ശതമാനത്തോളം ഉയർന്നു.

രത്നമണി മെറ്റൽസിന്റെ നാലാം പാദ ലാഭം 78 ശതമാനം വർധിച്ചതോടെ ഓഹരിവില 10 ശതമാനം വർധിച്ചു. പിന്നീടു നേട്ടം അൽപം കുറഞ്ഞു. ഡോ. റെഡ്ഡീസ് ലബോറട്ടറീസിന്റെ അമേരിക്കൻ ബിസിനസിലെ വരുമാനവളർച്ചയും ലാഭവും കുറവായതിനെ തുടർന്ന് ഓഹരി വില ആറു ശതമാനത്തിലധികം ഇടിഞ്ഞു.

എൽ ആൻഡ് ടി ഓഹരി താഴ്ന്നു   

എൽ ആൻഡ് ടി യുടെ നാലാം പാദ ലാഭമാർജിൻ കുറഞ്ഞതിനെ തുടർന്ന് ഓഹരി അഞ്ചു ശതമാനം താഴ്ന്നു. കമ്പനിക്കു ധാരാളം പുതിയ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. നാേൺ എക്സിക്യൂട്ടീവ് ചെയർമാൻ എ.എൻ. നായിക്ക് വിരമിച്ചതും വിപണിയെ സ്വാധീനിച്ചു. കമ്പനിയുടെ ലാഭ മാർജിൻ വരും പാദങ്ങളിലും കുറയാൻ സാധ്യത ഉള്ളതായി മോട്ടിലാൽ ഓസ്വാൾ വിലയിരുത്തി.

വിദേശ സബ്സിഡിയറി നാെവേലിസ് റിസൽട്ട് മോശമായത് ഹിൻഡാൽകോ ഓഹരി നാലു ശതമാനത്താേളം താഴാൻ കാരണമായി. മണപ്പുറം ജനറൽ ഫിനാൻസ് ഇന്ന് ഒരു ശതമാനത്തോളം ഉയർന്നു. കഴിഞ്ഞ ദിവസം നല്ല നേട്ടത്തിൽ ലിസ്റ്റ് ചെയ്ത മാൻകൈൻഡ് ഫാർമയുടെ ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്ന വിവരം പരന്നതിനെ തുടർന്ന് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. കോൺഡം വിപണിയിൽ പ്രമുഖ സ്ഥാനത്തുള്ള കമ്പനിയാണു മാൻകൈൻഡ്.

രൂപ ഇന്നു ചെറിയ നേട്ടത്തിലാണ്. ഡോളർ നാലു പൈസ താഴ്ന്ന് 81.95 രൂപയിൽ ഓപ്പൺ ചെയ്തു. സ്വർണം ലോക വിപണിയിൽ 2032 ഡോളറിലാണ്. കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ പവന് 45,560 രൂപയിൽ തുടരുന്നു.

Tags:    

Similar News