വിൽപന സമ്മർദത്തിലും നേട്ടത്തോടെ ഓഹരി വിപണി

ഐടി, റിയൽറ്റി, മെറ്റൽ കമ്പനികൾ ഇന്നു താഴ്ചയിൽ. ബാങ്കുകളും ഓയിൽ ഗ്യാസ് കമ്പനികളും മുന്നേറുന്നു

Update:2023-07-12 11:00 IST

വിപണി നേട്ടത്താേടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീടു കാര്യമായ കയറ്റം ഉണ്ടായില്ല. ഉയർന്ന വിലയിൽ വിൽപനസമ്മർദം കൂടുന്നുണ്ട്. ഐടി, റിയൽറ്റി, മെറ്റൽ കമ്പനികൾ ഇന്നു താഴ്ചയിലാണ്. ബാങ്കുകളും ഓയിൽ ഗ്യാസ് കമ്പനികളും കുതിപ്പിലാണ്.

ഓൺലൈൻ ഗെയിമിംഗിന് 28 ശതമാനം ജിഎസ്ടി ചുമത്തിയതു മൂലം നസറ ടെക്‌നോളജീസ് ഓഹരി 13 ശതമാനവും ഡെൽറ്റ കാേർപ് ഓഹരി 12 ശതമാനവും വരെ ഇടിഞ്ഞു. പിന്നീട് നഷ്ടം ഗണ്യമായി കുറഞ്ഞു. എന്നാൽ ഡിക്സൺ ടെക്നോളജീസ് ഒരു ശതമാനം ഉയർന്നു.

ഗെയിമിംഗിൽ നിന്നുള്ള വരുമാനം അഞ്ചു ശതമാനമേ വരൂ എന്നു നസറ വക്താക്കൾ അവകാശപ്പെട്ടു. ഓൺലൈൻ സ്പോർട്സിന് എൻട്രി ഫീ ഇല്ലാത്തതിനാൽ ജിഎസ്ടി ബാധകമല്ലെന്നും കമ്പനി പറയുന്നു. ഇങ്ങനെ പറഞ്ഞെങ്കിലും കമ്പനിയുടെ ബിസിനസ് തന്ത്രം പൊളിച്ചെഴുതേണ്ടതുണ്ടെന്ന് നസറ സ്ഥാപകൻ നിതീഷ് മിത്രസേൻ അഭിപ്രായപ്പെട്ടു.

സിനിമാശാലകളിൽ വിൽക്കുന്ന ഭക്ഷണ-പാനീയങ്ങൾക്ക് ജിഎസ്ടി അഞ്ചു ശതമാനമായി നിശ്ചയിച്ചത് പിവിആർ ഐനോക്സ്‌ ഓഹരിയെ രണ്ടു ശതമാനത്തോളം ഉയർത്തി.

എലെകോൺ എൻജിനിയറിംഗ് ഓഹരി 

മികച്ച ഒന്നാം പാദ റിസൽട്ടിനെ തുടർന്ന് ഇന്നലെ 15 ശതമാനം ഉയർന്ന എലെകോൺ എൻജിനിയറിംഗ് കമ്പനി ഇന്നു രണ്ടര ശതമാനം കയറ്റത്തിൽ. പിന്നീട് അൽപം താണു. പ്രതീക്ഷയിലും മെച്ചപ്പെട്ട ലാഭമാർജിൻ ഉണ്ടായി.

നാളെ ഒന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കുന്ന ഫെഡറൽ ബാങ്ക് ഓഹരി ഇന്നു 136.4 രൂപ വരെ കയറിയിട്ട് അൽപം താഴ്ന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്നു രാവിലെ ആറു ശതമാനം ഉയർന്ന് 22.70 രൂപയിലെത്തി. ഒരു മാസത്തിനുള്ളിൽ ഓഹരി 20 ശതമാനം ഉയർന്നു.

മുങ്ങിക്കപ്പൽ നിർമാണത്തിന് കരാർ ലഭിച്ച മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിന്റെ ഓഹരി ഇന്നും ആറു ശതമാനം കയറി. ഒരു മാസം കൊണ്ട് മസഗോൺ ഓഹരി 62 ശതമാനം ഉയർന്നിട്ടുണ്ട്.

ഇന്നു റിസൽട്ട് പ്രസിദ്ധീകരിക്കുന്ന ടി.സി.എസിന്റെയും എച്ച്സിഎലിന്റെയും ഓഹരികൾക്കു വില കുറഞ്ഞു.

രൂപ, ഡോളർ, സ്വർണം 

രൂപ ഇന്നും നേട്ടത്തിലാണ്. ഡോളർ 10 പൈസ താണ് 82.27 രൂപയിൽ ഓപ്പൺ ചെയ്തു. സ്വർണം ലോകവിപണിയിൽ 1938 ഡോളറിലായി. കേരളത്തിൽ പവന് 160 രൂപ വർധിച്ച് 43,720 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

Tags:    

Similar News