വിപണി വീണ്ടും താഴോട്ട്

ഐടി, ബാങ്ക്, മെറ്റൽ, മീഡിയ, ഫാർമ, ഓയിൽ തുടങ്ങിയ മേഖലകൾ വലിയ നഷ്ടത്തിലായി

Update:2023-05-12 11:17 IST

വിപണി തുടക്കം മുതൽ താഴ്ചയിലായി. ചെറിയ താഴ്ചയിൽ തുടങ്ങിയ ശേഷം അര ശതമാനം ഇടിവിലേക്കു വീണു. ഐടി, ബാങ്ക്, മെറ്റൽ, മീഡിയ, ഫാർമ, ഓയിൽ തുടങ്ങിയ മേഖലകൾ വലിയ നഷ്ടത്തിലായി. വാഹന മേഖല മാത്രമാണു ഗണ്യമായ നേട്ടം കുറിച്ചത്.

മികച്ച റിസൽട്ടിനെ തുടർന്ന് രാവിലെ 10.5 ശതമാനം വരെ ഉയർന്ന സൗത്ത് ഇന്ത്യൻ ബാങ്ക് പിന്നീടു നേട്ടം കുറച്ചു. വരുമാനം 19 ശതമാനം കൂടുകയും അറ്റാദായം 48 ശതമാനം വർധിക്കുകയും ചെയ്തത് ഐഷർ മോട്ടോഴ്സിനെ ഏഴു ശതമാനം ഉയർത്തി.

ലാഭം 93 ശതമാനം വർധിപ്പിച്ച കിർലോസ്കർ ബ്രദേഴ്സ് ഓഹരി 10 ശതമാനം കയറി. പിന്നീടു നേട്ടം കുറച്ചു. നാലാം പാദം മികച്ചതായതിനെ തുടർന്ന് സെൻസാർ ടെക്‌നോളജീസ്, ഇന്റലിജൻറ് ഡിസെെൻ ഓഹരികൾ എട്ടു ശതമാനത്തിലധികം ഉയർന്നു.

ലാഭവും വിറ്റുവരവും വർധിച്ചെങ്കിലും വിപണി പ്രതീക്ഷിച്ച മികവ് നാലാം പാദത്തിൽ കെെവരിക്കാത്ത ഏഷ്യൻ പെയിന്റ്സ് ഓഹരി ഇന്നു മൂന്നു ശതമാനം ഇടിഞ്ഞു.

നാലാം പാദ റിസൽട്ട് വരാനിരിക്കെ മണപ്പുറം ജനറൽ ഫിനാൻസ് ഓഹരി രണ്ടര ശതമാനത്തോളം താണു. എംഎസ് സിഐ ലിസ്റ്റിൽ നിന്നു പുറത്താകുന്ന അദാനി ട്രാൻസ്മിഷനും അദാനി ടോട്ടൽ ഗ്യാസും അഞ്ചു ശതമാനം വീതം ഇടിഞ്ഞു.

രൂപ ഇന്നും ചാഞ്ചാടി. ഡോളർ 82.10 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 82.14 രൂപയിലേക്കു കയറിയിട്ടു തിരിച്ചിറങ്ങി 82.08 രൂപയായി. വീണ്ടും കയറി. സ്വർണം ലോകവിപണിയിൽ 2011 ഡോളറിലേക്കു താണു. കേരളത്തിൽ സ്വർണം പവന് 45,560 രൂപയിൽ നിന്ന് 320 രൂപ കുറഞ്ഞ് 45,240 രൂപയായി.


Tags:    

Similar News