ഓഹരികൾ താഴ്ച തുടരുന്നു, രൂപയും വീഴ്ചയിൽ; ഡിവിഡന്‍ഡില്‍ കുതിച്ചുയര്‍ന്ന് ആസ്റ്റര്‍

സ്വർണം ലോകവിപണിയിൽ 2359 ഡോളറിലാണ്

Update:2024-04-15 11:56 IST

Image by Canva

ആഗോള ആശങ്കകൾ ഏറ്റുവാങ്ങിയെങ്കിലും ഇന്ത്യൻ വിപണി അമിതമായി പ്രതികരിച്ചില്ല. വിപണി താഴ്ന്നു വ്യാപാരം തുടങ്ങി. പിന്നീടു താഴ്ച ഒരു ശതമാനമായി. പശ്ചിമേഷ്യൻ സംഘർഷം വലിയ യുദ്ധമായി മാറുകയില്ലെന്ന വിശ്വാസമാണു വിപണി കാണിക്കുന്നത്.

എല്ലാ വ്യവസായ മേഖലകളും രാവിലെ താഴ്ചയിലായി. റിയൽറ്റിയും പൊതുമേഖലാ ബാങ്കുകളും രണ്ടു ശതമാനത്തിലധികം വീണു. മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികൾ രണ്ടു ശതമാനം വീതം ഇടിഞ്ഞു.

ഓഹരി ഒന്നിനു 118 രൂപ വീതം പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ച ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഓഹരി രാവിലെ 20 ശതമാനം വരെ കയറി. പിന്നീട് അൽപം താഴ്ന്നു. ഗൾഫിലെ ബിസിനസ് വിറ്റുകിട്ടിയ തുകയാണ് പ്രത്യേക ലാഭവിഹിതം ആയി നൽകുന്നത്.

മികച്ച റിസൽട്ട് പ്രസിദ്ധീകരിച്ച ടി.സി.എസ് രാവിലെ ഒന്നേകാൽ ശതമാനത്തിലധികം ഉയർന്നു. പിന്നീടു നേട്ടം കുറച്ചു. ബ്രോക്കറേജുകൾ പോസിറ്റീവ് റിപ്പോർട്ടുകൾ നൽകിയതിനെ തുടർന്ന് എക്സൈഡ് ലിമിറ്റഡ് ഓഹരി നാലു ശതമാനത്തോളം കയറി.

പൊതുവേ മെറ്റൽ, സ്റ്റീൽ ഓഹരികൾ താഴ്ന്നപ്പോൾ നാൽകോ, ഹിൻഡാൽകോ ഓഹരികൾ ഉയർന്നു. റഷ്യൻ ലോഹങ്ങൾക്കു വിലക്ക് വന്നതു മൂലം അലൂമിനിയം വില ഉയരുകയാണ്.

രൂപ, സ്വർണം, ക്രൂഡ് ഓയിൽ

രൂപ ഇന്നു തുടക്കത്തിൽ ദുർബലമായി. ഡോളർ മൂന്നു പൈസ നേട്ടത്തിൽ 83.44 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.42 രൂപയായി. രൂപയ്ക്കു കൂടുതൽ താഴ്ച പ്രതീക്ഷിച്ചിരുന്നതാണ്.

സ്വർണം ലോകവിപണിയിൽ 2359 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 440 രൂപ കൂടി 53,640 രൂപയായി. ക്രൂഡ് ഓയിൽ വില അൽപം കുറഞ്ഞു. ബ്രെൻ്റ് ഇനം 90.26 ഡോളറിലേക്കു താഴ്ന്നു

Tags:    

Similar News