മൂന്ന് ലക്ഷം കോടിക്കരികില്‍ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം

ഇന്ത്യന്‍ വിപണിയുടെ മൊത്തം മൂല്യം റെക്കോഡ് ഉയരത്തിൽ

Update:2023-06-15 11:12 IST

യുഎസ് ഫെഡ് ഭാവിയില്‍ പലിശ കൂട്ടുമെന്നു സൂചിപ്പിച്ചത് ഇന്ത്യന്‍ വിപണിയെ തുടക്കത്തില്‍ താഴ്ത്തി. എന്നാല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോൾ വിപണി നേട്ടം തിരിച്ചുപിടിച്ചു. മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇന്നും നല്ല കയറ്റത്തിലാണ്.

മുഖ്യ സൂചികകള്‍ ആദ്യം താഴ്ന്നെങ്കിലും  ഇന്ത്യന്‍ വിപണിയുടെ മൊത്തം മൂല്യം രൂപാ കണക്കില്‍ റെക്കോഡ്  ആയി. ബി.എസ്.ഇയിലെ മുഴുവന്‍ കമ്പനികളുടെയും കൂടി വിപണിമൂല്യം രാവിലെ 291.25 ലക്ഷം കോടി രൂപയായി.

ബാങ്ക്, ഐ.ടി ഓഹരികള്‍ ഇന്നും താഴ്ചയിൽ

ബാങ്ക്, ധനകാര്യ സേവന ഓഹരികള്‍ വിപണിയെ വലിച്ചു താഴ്ത്തി. ഐ.ടി ഓഹരികള്‍ ഇന്നും താഴ്ചയിലാണ്. ഇന്‍ഫോസിന്റെ നേതൃത്വത്തില്‍ മുന്‍ നിര കമ്പനികള്‍ ഇടിഞ്ഞു. മിഡ് ക്യാപ് ഐടി കമ്പനികളില്‍ പകുതിയിലേറെ നേട്ടത്തിലാണ്.

മെറ്റല്‍ ഓഹരികളും ഇന്നു ക്ഷീണത്തിലാണ്. എന്നാല്‍ വാഹന, ഹെല്‍ത്ത് കെയര്‍, എഫ്എംസിജി കമ്പനികള്‍ നല്ല നേട്ടം ഉണ്ടാക്കി. വരുണ്‍ ബിവറേജ് ഓഹരികള്‍ എക്‌സ് സ്പ്ലിറ്റ് ആയതിനെ തുടര്‍ന്ന് ഓഹരി വില അഞ്ചു ശതമാനം ഇടിഞ്ഞു.

ബിപോര്‍ ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കച്ചിലെ സിമന്റ് പ്ലാന്റ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയത് സാംഘി ഇന്‍ഡസ്ട്രീസ് ഓഹരിയെ ആറു ശതമാനം താഴ്ത്തി.

രൂപ, ഡോളർ, സ്വർണം 

രൂപ ഇന്ന് അല്‍പം ദുര്‍ബലമായി. ലോക വിപണിയില്‍ ഡോളര്‍ കയറിയതാണു കാരണം. ഡോളര്‍ അഞ്ചു പൈസ കയറി 82.15 രൂപയില്‍ ഓപ്പണ്‍ ചെയ്തു. സ്വര്‍ണം ലോകവിപണിയില്‍ 1936 ഡോളറിലാണ്. കേരളത്തില്‍ പവന് 280 രൂപ കുറഞ്ഞ് 43,760 രൂപയായി. രണ്ടു ദിവസം കൊണ്ട് പവന് 560 രൂപ ഇടിഞ്ഞു.



Tags:    

Similar News