വീണ്ടും പുതിയ ഉയരങ്ങളിൽ ഓഹരി വിപണി
ബാങ്ക് നിഫ്റ്റി ഇന്നും വിപണിയുടെ കുതിപ്പിനു നേതൃത്വം നൽകി
എല്ലാ ആശങ്കകളും മാറ്റിവച്ച് ഇന്ത്യൻ വിപണി ഉയർച്ച തുടരുകയാണ്. രാവിലെ ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് കയറിയിറങ്ങി. സെൻസെക്സ് 66,985 വരെയും നിഫ്റ്റി 19,811 വരെയും കയറി റെക്കാേഡ് കുറിച്ചിട്ടു താഴ്ന്നു.
ബാങ്ക് നിഫ്റ്റി ഇന്നും വിപണിയുടെ കുതിപ്പിനു നേതൃത്വം നൽകി. ഐസിഐസിഐ ബാങ്ക് 52 ആഴ്ചയിലെ ഉയർന്ന നിലയിലെത്തി.
കുർലോണിനെ ഏറ്റെടുത്ത ഷീല ഫോമിന്റെ ഓഹരി 10 ശതമാനം വരെ കയറി 1300 രൂപ കടന്നു. ഷീല ഫോമിന്റെ വിറ്റുവരവ് ഇരട്ടിക്കാൻ ഏറ്റെടുക്കൽ സഹായിക്കും.
മറ്റ് ഓഹരികൾ
അമരരാജ ബാറ്ററീസിന്റെ 16 ശതമാനം ഓഹരി ഇന്നു കൈമാറ്റം ചെയ്യപ്പെട്ടു. അമരരാജയുടെ ഓഹരി ആറു ശതമാനം ഇടിഞ്ഞു. കരസേനയ്ക്കു പീരങ്കികളും മറ്റും വഹിക്കുന്ന ട്രക്കുകൾക്കായി അശോക് ലെയ്‌ലൻഡിന് 800 കോടി ഡോളറിന്റെ കരാർ ലഭിച്ചു. ഒരു വർഷത്തിനകം ഇവ നൽകണം. ഓഹരിവില ഉയർന്നിട്ടു താണു.
റാലിസ് ഇന്ത്യയുടെ 97 ലക്ഷം ഓഹരികൾ ടാറ്റാ കെമിക്കൽസ് വാങ്ങി. റാലിസ് ഓഹരി ആറു ശതമാനം വരെ ഉയർന്നു. ടാറ്റാ കെമിക്കൽസ് ഓഹരി 1.3 ശതമാനം വരെ കയറി.
200 കോടി ഡോളറിന്റെ ബിസിനസ് കരാർ ലഭിച്ചത് ഇൻഫോസിസ് ടെക്നോളജീസ് ഓഹരിയെ ഒന്നര ശതമാനം ഉയർത്തി.
ഏഞ്ചൽ വൺ ഓഹരി ഇന്നും അഞ്ചു ശതമാനം താണു. കമ്പനിക്കെതിരായ സെബി നടപടിയാണു കാരണം.
രൂപ, ഡോളർ, സ്വർണം
രൂപ ഇന്ന് നേട്ടം കുറിച്ചു. ഡോളർ അഞ്ചു പൈസ നഷ്ടത്തിൽ 81.99 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 82.06 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ 1960 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ വർധിച്ച് 44,080 രൂപയായി.