ഐ.ടി ഓഹരികളിൽ തളർച്ച; സൂചികകൾ ഇടിവിൽ
എഫ്.എം.സി.ജി, കൺസ്യൂമർ ഡ്യുറബിൾസ്, റിയൽറ്റി മേഖലകളും താഴ്ചയിൽ
വിപണി അനിശ്ചിതത്വം കാണിക്കുന്നു. താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്നു മുഖ്യ സൂചികകൾ ചാഞ്ചാട്ടത്തിലാണ്. സെൻസെക്സും നിഫ്റ്റിയും കയറിയിറങ്ങി. ഐ.ടി, എഫ്.എം.സി.ജി, കൺസ്യൂമർ ഡ്യുറബിൾസ്, റിയൽറ്റി മേഖലകൾ താഴ്ചയിലാണ്.
ശ്രീ സിമന്റ് ഓഫീസിലും പ്രൊമോട്ടർമാരുടെ ആസ്ഥാനത്തും ആദായ നികുതി സർവേ നടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എങ്കിലും ശ്രീ സിമന്റ് ഓഹരികൾ ചെറിയ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടു താഴ്ചയിലായി.
ഗ്ലെൻമാർക്കിന്റെ യു.എസിലെ പ്ലാന്റിന് എഫ്.ഡി.എ യിൽ നിന്നു വിപരീത പരാമർശം. ഓഹരി താണു. ആ പ്ലാന്റിൽ നിന്നുള്ള ഔഷധങ്ങൾ നേരത്തേ പിൻവലിച്ചതാണെന്നും വിൽപനയെ ബാധിക്കില്ലെന്നും കമ്പനി പറഞ്ഞു.
'ലുപിൻ' താഴ്ചയിൽ
സ്പിരിവ (SPIRIVA RESPIMAT) എന്ന ഉൽപ്പന്നത്തിനു യു.എസ് എഫ്ഡിഎ യുടെ അംഗീകാരം കിട്ടിയെങ്കിലും മറ്റു പ്രശ്നങ്ങളാൽ ലൂപിൻ ഓഹരി ഇന്നു താഴ്ചയിലായി. ഇന്നലെ ഓഹരി ആറു ശതമാനം കുതിച്ചതാണ്. ചില വിദേശ ബ്രോക്കറേജുകൾ ലൂപിൻ ഓഹരി വിൽക്കാൻ ശിപാർശ ചെയ്തു.
രണ്ടു മാസം കൊണ്ട് 50 ശതമാനത്താേളം കുതിച്ച ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഇന്നു നാലു ശതമാനം ഇടിഞ്ഞു. രൂപ വീണ്ടും നേട്ടത്തിലായി. ഡോളർ 10 പൈസ താണ് 81.93 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 81.91 രൂപയിലായി.
സ്വർണം ലോകവിപണിയിൽ 1933 ഡോളറിലേക്കു താണു. കേരളത്തിൽ പവനു 160 രൂപ താണ് 43,600 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.