ചെറിയ കയറ്റവുമായി ഓഹരി വിപണി; ഐ.ഡി.ബി.ഐ ബാങ്ക് സ്വകാര്യവത്കരണത്തിൽ വീണ്ടും തടസങ്ങൾ
അദാനി ഗ്രൂപ്പ് ഓഹരികൾ പലതും ഇന്നു താഴ്ചയിൽ
വിപണി ഇന്നു തുടക്കത്തിൽ ചെറിയ താഴ്ചയിലേക്കു വീണെങ്കിലും പെട്ടെന്നു തന്നെ തിരിച്ചു കയറി നേട്ടത്തിലായി. ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 110ഉം നിഫ്റ്റി 35ഉം പോയിന്റ് കയറ്റത്തിലാണ്. ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നു നഷ്ടത്തിലായി. ഫാർമ, ഹെൽത്ത് കെയർ, ഓയിൽ - ഗ്യാസ് മേഖലകളാണു ഗണ്യമായ നേട്ടം ഉണ്ടാക്കുന്നത്. റിയൽറ്റിയും മെറ്റലും താഴ്ന്നു.
ഐ.ഡി.ബി.ഐ ബാങ്കിന്റെ സ്വകാര്യവൽക്കരണം വെെകും. ബാങ്കിന്റെ ആസ്തി വില നിർണയിക്കാനുള്ള ഏജൻസിക്കായി വിളിച്ച ടെൻഡർ റദ്ദാക്കി. ഒരു സ്ഥാപനം മാത്രമേ ടെൻഡറിൽ പങ്കെടുത്തുള്ളൂ. ഇനി പുതുതായി താൽപര്യ പത്രം ക്ഷണിക്കണം. ബാങ്ക് ഓഹരി നാലു ശതമാനം താഴ്ന്നു.
അമേരിക്കയിലെ ഒരു കേസിൽ വിധി എതിരായതിനെ തുടർന്ന് 12.5 കോടി ഡോളറിന്റെ ബാധ്യത ടി.സി.എസിനു വന്നു. ഓഹരി അര ശതമാനം താഴ്ന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ കുതിപ്പ് നടത്തിയ ഓട്ടോ കംപോണന്റ് കമ്പനി ടാൽബ്രാേസ് ഇന്നു നാലു ശതമാനം നേട്ടത്തിൽ വ്യാപാരം തുടങ്ങി.
സുസ്ലോൺ എനർജി ഇന്നും അഞ്ചു ശതമാനം താഴ്ന്നു. കഴിഞ്ഞ രണ്ടു വ്യാപാര ദിവസങ്ങളിലും ഓഹരി അഞ്ചു ശതമാനം വീതം താഴ്ന്നതാണ്. ഒരു വർഷം കാെണ്ട് 367 ശതമാനം ഉയർന്നു 44 രൂപയിൽ എത്തിയ ശേഷം തുടർച്ചയായി താഴുകയാണ്.
അദാനി ഗ്രൂപ്പ് ഓഹരികൾ പലതും ഇന്നു താഴ്ചയിലായി.
രൂപ, സ്വർണം, ക്രൂഡ്ഓയിൽ
രൂപ ഇന്നു രാവിലെ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ കുറഞ്ഞ് 83.30 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.27 രൂപയായി കുറഞ്ഞു.
സ്വർണം ലോകവിപണിയിൽ 1997 ഡോളറിലാണ്. കേരളത്തിൽ പവന് വില മാറ്റമില്ലാതെ 45,480 രൂപയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ അൽപം താണു. ബ്രെന്റ് ഇനം ക്രൂഡ് വില 82.25 ഡോളറായി.
Read Morning Business News & Stock Market : മുന്നേറ്റം തുടരാൻ വിപണി; ഫെഡ് മിനിറ്റ്സിൽ യു.എസ് വിപണിക്ക് നിരാശ; ഏഷ്യ ഭിന്നദിശകളിൽ; സ്വർണം കുതിച്ചു