ചെറിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു; പിന്നീട് പ്രധാന സൂചികകൾ നഷ്ടത്തിലായി
മിഡ് ക്യാപ്, സ്മാേൾ ക്യാപ് ഓഹരികൾ ഇന്നും നല്ല നേട്ടം കാണിച്ചു
ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും താമസിയാതെ പ്രധാന സൂചികകൾ നഷ്ടത്തിലായി. വിപണി കുറേ സമയം ചാഞ്ചാടിയെങ്കിലും പിന്നീടു പ്രധാന സൂചികകൾ ചെറിയ കയറ്റത്തിലായി. പക്ഷേ മുന്നോട്ടുള്ള ആക്കം ശക്തമായിരുന്നില്ല. സൂചികകൾ വീണ്ടും നഷ്ടത്തിലായി.
അമേരിക്കയിൽ ഇന്നലെ വ്യാപാരാവസാനം കടപ്പത്രവിലകൾ ഉയർന്നത് ഇന്ന് ഇന്ത്യയിലും സർക്കാർ കടപ്പത്രങ്ങളുടെ വില കൂട്ടി. പലിശ പ്രതീക്ഷയിൽ ആശ്വാസകരമായ മാറ്റം കണ്ടതു രൂപയെയും സഹായിച്ചു.
മിഡ് ക്യാപ്, സ്മാേൾ ക്യാപ് ഓഹരികൾ ഇന്നും നല്ല നേട്ടം കാണിച്ചു.
മെറ്റൽ, മീഡിയ, ഐടി, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ ഇന്നു രാവിലെ ഗണ്യമായി ഉയർന്നു.
ലോക വിപണിയിൽ രാസവള വില താഴോട്ടായി. ഘടക രാസവസ്തുകളുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഫാക്ട് അടക്കം രാസവള കമ്പനികളുടെ ഓഹരികൾ ഉയർന്നു.
ഔഷധ കമ്പനി സിപ്ലയെ വാങ്ങാൻ ടൊറന്റ് ശ്രമം
ഔഷധ കമ്പനി സിപ്ലയെ വാങ്ങാൻ ടൊറന്റ് ഫാർമ ശ്രമം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. സിപ്ല ഓഹരി രാവിലെ 2.4 ശതമാനം ഉയർന്നു. ടൊറന്റ് ഫാർമ ഒരു ശതമാനം താണു. ചില പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളുമായി ചേർന്നാണു ടൊറന്റിന്റെ നീക്കം. സിപ്ല പ്രാെമോട്ടർമാരായ ഹമീദ് കുടുംബവുമായി ടൊറന്റിന്റെ മേത്താ കുടുംബം ചർച്ച തുടങ്ങി എന്നാണു സൂചന.
ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരി ഇന്നു രാവിലെയും അഞ്ചു ശതമാനം ഇടിഞ്ഞു. ഇന്ന് 224.65 രൂപയാണ് എൻഎസ്ഇയിലെ വില. മൂന്നു ദിവസം കൊണ്ട് വില 15 ശതമാനം കുറഞ്ഞു. ദിവസവും വില ലോവർ സർകീട്ടിൽ എത്തിയതിനാൽ വിപണി സൂചികകളിൽ നിന്ന് ജിയോ ഫിൻ നീക്കുന്നത് ഓഗസ്റ്റ് 29-ലേക്കു മാറ്റിയിരുന്നു.
വിദേശ ബ്രോക്കറേജ് സിഎൽഎസ്എ റേറ്റിംഗ് ഉയർത്തിയതിനെ തുടർന്ന് ക്രോംപ്ടൺ ഓഹരി അഞ്ചു ശതമാനം ഉയർന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്നു രാവിലെ നാലം ശതമാനം കയറി 24.65 രൂപ വരെ എത്തി.
രൂപ, ഡോളർ, സ്വർണം
രൂപ ഇന്നു തുടക്കത്തിൽ ദുർബലമായിട്ടു തിരിച്ചു കയറി. ഡോളർ ആറു പൈസ കയറി 83 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 82.92 രൂപ വരെ താണു. സ്വർണം ലോക വിപണിയിൽ 1900 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ കൂടി 43,440 രൂപയായി.
In case you have missed the morning update :