വിപണിയില്‍ വീണ്ടും ഇടിവ്, എല്ലാ വിഭാഗം ഓഹരികളെയും ബാധിച്ചു
അദാനി എന്റർപ്രൈസസ് ആറു ശതമാനം താണു
വിപണി താഴോട്ടു യാത്ര തുടരുകയാണ്. വിദേശ നിക്ഷേപകർ വിൽപന കൂട്ടുകയും ചെയ്തു. എല്ലാ മേഖലകളും രാവിലെ നഷ്ടത്തിലായി. ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം കൂടുതൽ താണ സൂചികകൾ അര മണിക്കൂറിനു ശേഷം നഷ്ടം കുറച്ചു. മീഡിയ, മെറ്റൽ, ഐടി, കൺസ്യൂമർ ഡ്യുറബിൾസ് , ഓയിൽ - ഗ്യാസ് തുടങ്ങിവ ഒന്നു മുതൽ രണ്ടു വരെ ശതമാനം ഇടിഞ്ഞു.
ഐടി കമ്പനികൾ ഇന്നും താഴ്ന്നു. ആക്സഞ്ചർ ഭാവി വരുമാന വളർച്ച ദുർബലമാകുമെന്ന മുന്നറിയിപ്പ് നൽകിയത് ഐടി സേവന ദാതാക്കളുടെ ഓഹരികളെ വലിച്ചു താഴ്ത്തി.
ഗൃഹോപകരണ നിർമാതാക്കളായ വോൾട്ടാസ് കടുത്ത മത്സരം നേരിടുന്നതു ചൂണ്ടിക്കാട്ടി ചില ബ്രോക്കറേജുകൾ വില ലക്ഷ്യം താഴ്ത്തി. ഓഹരി ഇന്നു മൂന്നു ശതമാനം താണു.
ലാൻഡ്മാർക്ക് കാർസിന്റെ 11 ശതമാനം ഓഹരി വിദേശ ഫണ്ട് ടിപിജി കാപ്പിറ്റൽ ഇന്നു വിൽപനയ്ക്കു വച്ചു. സ്വദേശി, വിദേശി ഫണ്ടുകളിൽ നിന്നു നല്ല പ്രതികരണമുണ്ടായി. ലാൻഡ്മാർക്ക് ഓഹരി ആറു ശതമാനം ഉയർന്നു.
അദാനി ഗ്രൂപ്പ് ഓഹരികൾ താഴ്ന്നു
തങ്ങളുടെ സാമ്പത്തിക നില ഭദ്രമാണെന്നു കാണിച്ച് അദാനി ഗ്രൂപ്പ് ഇറക്കിയ രേഖ സംബന്ധിച്ചു യു.എസ് ഏജൻസികൾ അന്വേഷണം തുടങ്ങി എന്ന റിപ്പോർട്ട് ഗ്രൂപ്പ് ഓഹരികളെ താഴ്ത്തി. അദാനി എന്റർപ്രൈസസ് ആറു ശതമാനം താണു. പവർ 4.5%, വിൽമർ 2.2%, ടോട്ടൽ 2.6%, ട്രാൻസ്മിഷൻ 3%, പോർട്സ് 3%, അംബുജ സിമന്റ്സ് 2.5%, എസിസി 2%, ഗ്രീൻ 2% എന്നിങ്ങനെ ഓഹരികൾ ഇടിഞ്ഞു.
ക്രൂഡ് ഓയിൽ വീണ്ടും താഴുകയാണ്. ബ്രെന്റ് ഇനം 74 ഡോളറിനു താഴെയായി. രൂപ ഇന്നു ദുർബലമായി. ഡോളർ 11 പൈസ കയറി 82.07 രൂപയിൽ ഓപ്പൺ ചെയ്തു. ലോക വിപണിയിൽ സ്വർണം 1912 ഡോളറിലേക്കു താണു. കേരളത്തിൽ സ്വർണം പവനു 320 രൂപ കുറഞ്ഞ് 43,280 രൂപയായി.