ഓഹരി വിപണി: താഴ്ചയില്‍ തുടക്കം, പിന്നീടു നഷ്ടം കുറഞ്ഞു
ശോഭ ഡവലപ്പേഴ്‌സ് ഓഹരി ഇന്നു മൂന്നു ശതമാനത്തോളം ഉയര്‍ന്നു
വിദേശ വിപണികളുടെ പിന്നാലെ ഇന്ത്യന്‍ വിപണിയും താഴ്ന്നു. മീഡിയ, മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ എന്നിവ ഒഴികെ എല്ലാ മേഖലകളും താഴ്ചയിലായി. താഴ്ന്ന തുടക്കത്തിനു ശേഷം മുഖ്യ സൂചികകള്‍ 0.61 ശതമാനം വരെ താണു. പിന്നീടു നഷ്ടം ഗണ്യമായി കുറച്ചു. യുഎസ് ഫ്യൂച്ചേഴ്‌സ് നേട്ടം വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണിത്. വിപണി നേട്ടത്തിലേക്കു മാറുമെന്ന സൂചനയാണ് രാവിലത്തെ വ്യാപാരം പരിശോധിക്കുമ്പോള്‍ കണ്ടെത്താനാകുന്നത്.
ബാങ്ക് നിഫ്റ്റി
ആദ്യം മുതല്‍ നഷ്ടത്തിലായിരുന്ന ബാങ്ക് നിഫ്റ്റിയും കുറേ കഴിഞ്ഞു നഷ്ടം കുറച്ചു. ഐടി മേഖലയാണ് ഇന്നു വീഴ്ചയ്ക്കു മുന്നില്‍ നിന്നത്. യുഎസ്, യൂറോപ്യന്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചെലവു ചുരുക്കാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ ഐടി കമ്പനികള്‍ക്കു വരുമാനവും ലാഭവും കുറയുമെന്നാണു വിപണി കരുതുന്നത്. ടിസിഎസ്, ഇന്‍ഫി, വിപ്രോ, എച്ച്‌സിഎല്‍ തുടങ്ങിയവയെല്ലാം ഒരു ശതമാനമോ അതില്‍ കൂടുതലോ താഴ്ചയിലായി.
ഓഫര്‍ ഫോര്‍ സെയില്‍ പ്രഖ്യാപിച്ചതോടെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ഓഹരിയുടെ വില ആറു ശതമാനത്തോളം താണു. വിപണി വിലയേക്കാള്‍ ഗണ്യമായി കുറവാണ് ഗവണ്മെന്റ് വില്‍ക്കുന്ന ഓഹരിയുടെ ഓഫര്‍ വില.
ചില കമ്പനികള്‍ നേട്ടത്തില്‍
അദാനി എന്റര്‍പ്രൈസസ് ഇന്നു താഴ്ന്നു തുടങ്ങിയിട്ടു പിന്നീടു നേട്ടത്തിലായി. അംബുജ സിമന്റ്‌സ് ഒഴികെ ഗ്രൂപ്പ് കമ്പനികളെല്ലാം നേട്ടത്തിലാണ്. ആദായ നികുതി പരിശോധന നടന്നതിനെ തുടര്‍ന്ന് ഇന്നലെ വിലയിടിഞ്ഞ ശോഭ ഡവലപ്പേഴ്‌സ് ഓഹരി ഇന്നു മൂന്നു ശതമാനത്തോളം ഉയര്‍ന്നു. രൂപ ഇന്നു നല്ല നേട്ടത്തോടെ തുടങ്ങി. 28 പൈസ നഷ്ടത്തില്‍ 82.38 രൂപയിലാണു ഡോളര്‍ വ്യാപാരമാരംഭിച്ചത്. പിന്നീട് 82.26 രൂപയായി. ലോകവിപണിയില്‍ സ്വര്‍ണം 1977 ഡോളറിലേക്കു കയറി. കേരളത്തില്‍ പവന് 480 രൂപ കൂടി 43,840 രൂപയായി.