ടാറ്റ മോട്ടോഴ്സ് ഇന്നും പച്ചപ്പിൽ
നിഫ്റ്റി 19,800 പോയിന്റും സെൻസെക്സ് 66,800 പോയിന്റും കടന്നു
നേട്ടത്തോടെ വ്യാപാരമാരംഭിച്ച വിപണിയിൽ മുഖ്യ സൂചികകൾ രാവിലെ 0.7 ശതമാനത്തോളം കയറി. തുടക്കത്തിൽ ചാഞ്ചാടിയ ബാങ്ക് നിഫ്റ്റി പിന്നീടു നേട്ടത്തിലായി. ഒരു മണിക്കൂർ പിന്നിടുമ്പോൾ എല്ലാ വ്യവസായ മേഖലകളും പച്ചപുതച്ചാണ് നിൽക്കുന്നത്.
എഫ്എംസിജി, ഐടി, ഓട്ടോ, ഓയിൽ-ഗ്യാസ്, പി എസ് യു ബാങ്ക്, റിയൽറ്റി തുടങ്ങിയവ നേട്ടത്തിനു മുന്നിൽ നിന്നു. റിലയൻസ്, ഐടിസി തുടങ്ങിയവ നല്ല നേട്ടം കാഴ്ചവച്ചു. നിഫ്റ്റി 19,800 പോയിന്റും സെൻസെക്സ് 66,800 പോയിന്റും കടന്നു. ബാങ്ക് നിഫ്റ്റി 45,900 നു മുകളിലായി.
ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിച്ച എൽ ആൻഡ് ടി യുടെ വില രാവിലെ നാലു ശതമാനത്തിലധികം ഉയർന്നു.
ടാറ്റാ മോട്ടോഴ്സിന്റെ ഓഹരി ഇന്നും മൂന്നു ശതമാനം നേട്ടം ഉണ്ടാക്കി. ടാറ്റാ മോട്ടോഴ്സ് ഡിവിആർ തുടക്കത്തിൽ 17 ശതമാനം കുതിച്ചു. വ്യത്യസ്ത വോട്ടവകാശമുള്ള ഡിവിആർ സാധാരണ ഓഹരിയാക്കി മാറ്റുമെന്നു കമ്പനി ഇന്നലെ പ്രഖ്യാപിച്ചു.
കമ്പനിയിലെ ചില ജീവനക്കാർ 38 കോടിയിലധികം രൂപയുടെ തിരിമറി നടത്തിയെന്ന വാർത്തയെ തുടർന്ന് കാൻഫിൻ ഹോംസ് ഓഹരി എട്ടു ശതമാനം വരെ ഇടിഞ്ഞു. അംബാല ശാഖയിലെ മൂന്നു ജീവക്കാരാണു തട്ടിപ്പു നടത്തിയത്. കമ്പനിയുടെ പണം സ്വകാര്യ അക്കൗണ്ടുകളിലേക്കു മാറ്റിയാണു തട്ടിപ്പ്. തിങ്കളാഴ്ചയാണ് ഇതു കണ്ടു പിടിച്ചത്. കാൻഫിൻ ഹോംസിന്റെ ലാഭത്തിൽ 38 കോടി രൂപ കുറയും.
ഒരാഴ്ചയായി നിരന്തരം താഴ്ന്നു വന്ന ഒലെക്ട്ര ഗ്രീൻ ടെക് ഇന്ന് ഏഴു ശതമാനം തിരിച്ചു കയറി. കമ്പനിയുടെ സാങ്കേതിക പങ്കാളിയായ ചെെനീസ് കമ്പനി ബിവൈഡിയെ കേന്ദ്രം വിലക്കിയതാണ് ഒലെക്ട്ര ശതമാനം ഇടിയാൻ കാരണമായത്.
കഫേ കോഫീ ഡേ ഇടിഞ്ഞു
മാതൃ കമ്പനിയായ കോഫീ ഡേ ഗ്ലോബൽ പാപ്പർ നടപടിയിൽ ആയതോടെ കഫേ കോഫീ ഡേ നടത്തിപ്പുകാരായ കോഫീ ഡേ എന്റർ പ്രൈസസിന്റെ ഓഹരി ഇടിഞ്ഞു. അഞ്ചു ദിവസം കൊണ്ട് 22 ശതമാനമാണ് ഇടിവ്. കമ്പനിയുടെ സ്ഥാപകൻ വി.ജി. സിദ്ധാർഥ് ഏതാനും വർഷം മുൻപ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തിരുന്നു.
രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. പിന്നീട് ഡോളർ 10 പൈസ കയറി 81.98 രൂപയിലെത്തി.
സ്വർണം ലോക വിപണിയിൽ 1964 ഡോളറിനു താഴെയായി. കേരളത്തിൽ സ്വർണം പവന് 120 രൂപ വർധിച്ച് 44,120 രൂപയായി.