വിദേശ വിപണികളെ പിന്തുടർന്ന് ഇന്ത്യൻ വിപണി ഇന്നു രാവിലെ നേട്ടത്തിൽ വ്യാപാരം തുടങ്ങി. പിന്നീട് ഉയർന്നു മുഖ്യ സൂചികകളുടെ നേട്ടം അര ശതമാനത്തോളം ആക്കി. അതിനു ശേഷം അൽപം താഴ്ന്നു. സെൻസെക്സ് 65,400 നും നിഫ്റ്റി 19,430 നും മുകളിലായി.
മിഡ്ക്യാപ്, സ്മാേൾ ക്യാപ് സൂചികകളും നല്ല നേട്ടത്തിലാണ്. ബാങ്ക്, വാഹന, റിയൽറ്റി, മെറ്റൽ, ഐടി മേഖലകൾ ഇന്നു നല്ല നേട്ടം ഉണ്ടാക്കി.
സൊമാറ്റോയുടെ പത്തു കോടി (1.17 ശതമാനം) ഓഹരി ഇന്ന് ബൾക്ക് ഡീലിൽ കെെമാറ്റം ചെയ്തു. സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട് 940 കോടി രൂപയ്ക്കാണ് ഓഹരി വിറ്റത്. സൊമാറ്റോ ഓഹരി അഞ്ചു ശതമാനം ഉയർന്നു.
ഓഹരികൾ
ജിയോ ഫൈനാൻഷ്യൽ സർവീസസ് ഓഹരി ഇന്നു രാവിലെ അഞ്ചു ശതമാനത്തോളം ഉയർന്ന് 231.25 രൂപയായി. റിലയൻസും ഇന്നു നേട്ടത്തിലാണ്. സ്പന്ദന സ്ഫൂർത്തിയുടെ 5.5 ശതമാനം ഓഹരി 276 കോടി രൂപയ്ക്കു കൈമാറി. ഓഹരി അഞ്ചു ശതമാനം വരെ താഴ്ന്നു. ഗാർഹിക എൽപിജി വില കുറച്ചതിനെ തുടർന്ന് ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ വില ഒന്നര മുതൽ രണ്ടു വരെ ശതമാനം കുറഞ്ഞു.
രൂപ ഇന്ന് ചെറിയ നേട്ടത്തിൽ തുടങ്ങിയിട്ടു നഷ്ടത്തിലേക്കു മാറി. ഡോളർ രാവിലെ അഞ്ചു പൈസ താണ് 82.66 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 82.74 രൂപയിലേക്കു കയറി. സ്വർണം ലോകവിപണിയിൽ 1936 ഡോളറിലേക്കു താഴ്ന്നു. .കേരളത്തിൽ സ്വർണം പവന് 240 രൂപ കയറി 44,000 രൂപയായി.