പ്രതീക്ഷകൾ പാളി, വിപണി താഴ്ചയിൽ
എച്ച്.ഡി.എഫ്.സി , എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വിലകൾ അഞ്ചു ശതമാനത്തോളം ഇടിഞ്ഞു.
ഇന്ത്യൻ വിപണി ഇന്നു താഴ്ചയോടെ വ്യാപാരം തുടങ്ങി. മുഖ്യ സൂചികകൾ അരശതമാനം വരെ താഴ്ന്നു. പിന്നീടു നഷ്ടം കുറച്ചു. സ്വകാര്യ ബാങ്കുകളും ധനകാര്യ കമ്പനികളും ലോഹ കമ്പനികളും താഴ്ചയിലായി. പൊതുമേഖലാ ബാങ്കുകളും കൺസ്യൂമർ ഡ്യുറബിൾസും വാഹനങ്ങളും റിയൽറ്റിയും എഫ്എംസിജിയും നേട്ടത്തിലായി.
മണപ്പുറം , എച്ച്.ഡി.എഫ്.സി
മണപ്പുറം ജനറൽ ഫിനാൻസിലെ റെയിഡ് സംബന്ധിച്ച് ഇഡി പുറത്തു വിട്ട വിവരങ്ങൾ വിപണിയിൽ ഓഹരിവില ഇടിയാൻ കാരണമായി. മണപ്പുറം ഓഹരി തുടക്കത്തിൽ തന്നെ 10 ശതമാനം നഷ്ടത്തിലായി. പിന്നീടു നഷ്ടം 13 ശതമാനമായി. എംഡി വി.പി.നന്ദകുമാറിന്റെ ബാങ്ക് നിക്ഷേപങ്ങൾ അടക്കം 143 കോടി രൂപയുടെ ആസ്തികൾ ഇഡി മരവിപ്പിച്ചിരിക്കുകയാണ്.
എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്കിൽ ലയിക്കുന്നതാേടെ എംഎസ് സിഐ സൂചികയിൽ സംയുക്ത കമ്പനിയുടെ പങ്ക് കുറയ്ക്കുന്നതിന്റെ ഫോർമുല സൂചിക അധികാരികൾ പുറത്തുവിട്ടു. ബാങ്ക് ഓഹരിയിലെ വിദേശനിക്ഷേപം 18 കോടി ഡോളർ കുറയ്ക്കാൻ അതു കാരണമാകും. അതേ തുടർന്ന് ഇരു കമ്പനികളുടെയും ഓഹരി വിലകൾ അഞ്ചു ശതമാനത്തോളം ഇടിഞ്ഞു.
രാവിലെ 140.30 രൂപയിലേക്ക് കയറിയ ഫെഡറൽ ബാങ്ക് ഓഹരി പിന്നീട് 137 രൂപയ്ക്കു താഴെയായി. ടയർ കമ്പനിയായ സിയറ്റിന്റെ നാലാം പാദ ലാഭം ഗണ്യമായി വർധിക്കുകയും ലാഭമാർജിൻ കുറിച്ചുയരുകയും ചെയ്തു. ഓഹരി നാലു ശതമാനം വരെ കയറി.
ടിവിഎസ് മോട്ടോർ ഓഹരി നാലു ശതമാനം ഉയർന്നു
പ്രതീക്ഷയിലും മികച്ച റിസൽട്ടിനെ തുടർന്ന് ടിവിഎസ് മോട്ടോർ ഓഹരി നാലു ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തി. ടയർ കമ്പനി എംആർഎഫ് ഇന്നും കുതിപ്പ് തുടർന്നു. ഓഹരിവില 2439 രൂപ ഉയർന്ന് 97,550 രൂപയിലെത്തി. ഈയാഴ്ച മാത്രം വില 11 ശതമാനം ഉയർന്നതാണ്.
ഓഹരിവില ഒരു ലക്ഷം രൂപയിലെത്താൻ സാധ്യത ഉള്ളതായി സാങ്കേതിക വിശകലനക്കാർ വിലയിരുത്തുന്നു. അത്തരമൊരു നിലവാരത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യൻ ഓഹരിയാകും എംആർഎഫ്. 10 രൂപയാണ് ഓഹരിയുടെ മുഖവില.
ലോകവിപണിയിൽ സ്വർണം 2050 ഡോളറിലാണ്. കേരളത്തിൽ പവന് 160 രൂപ കൂടി 45,760 രൂപയായി. ഇതു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിലയാണ്.