വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു; സ്വിഗ്വി ഉയര്‍ന്നു, എല്‍.ഐ.സി താഴ്ന്നു, രൂപക്ക് ഇടിവ്
ഉയര്‍ന്നു വ്യാപാരം തുടങ്ങിയ ശേഷം ഇന്ത്യന്‍ വിപണി ചാഞ്ചാട്ടത്തിലായി
ഉയര്‍ന്നു വ്യാപാരം തുടങ്ങിയ ശേഷം ഇന്ത്യന്‍ വിപണി ചാഞ്ചാട്ടത്തിലായി. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മുഖ്യ സൂചികകള്‍ 0.20 ശതമാനത്തിനടുത്തു കയറി നില്‍ക്കുകയാണ്. ബാങ്ക് നിഫ്റ്റിയും 0.20 ശതമാനം ഉയര്‍ന്നു. മിഡ് ക്യാപ്, സ്മാേള്‍ ക്യാപ് സൂചികകള്‍ നാമമാത്ര നേട്ടത്തിലാണ്.
സോളാര്‍ ഗ്ലാസ് ഇറക്കുമതിക്ക് ആന്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തി. ചൈനയിലും വിയറ്റ്‌നാമിലും നിന്നുള്ള ഇറക്കുമതിക്ക് പിഴച്ചുങ്കം വരും. പുറമേ ചൈന നികുതിയിളവ് കുറച്ചത് ഉല്‍പന്ന വില കൂട്ടിയിട്ടുമുണ്ട്. ഇന്ത്യയില്‍ സോളാര്‍ ഗ്ലാസ് നിര്‍മിക്കുന്ന ബോറാേസില്‍ റിന്യൂവബിള്‍സ് ഉല്‍പന്ന വില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ബോറോസില്‍ ഓഹരി രണ്ടു ശതമാനം കയറി.
കോര്‍ ഡയഗ്‌നോസ്റ്റിക്‌സിനെ ഏറ്റെടുത്ത മെട്രോപ്പോലിസ് ഹെല്‍ത്ത് കെയര്‍ രണ്ടു ശതമാനം ഉയര്‍ന്നു.
ഫുഡ് ക്വിക്ക് കോമേഴ്‌സില്‍ എതിരാളികള്‍ നിരക്ക് ഉയര്‍ത്തിയത് സ്വിഗ്ഗിയുടെ ഓഹരിവില അഞ്ചു ശതമാനം കുതിക്കാന്‍ സഹായിച്ചു. സി.എല്‍.എസ്എ. ഓഹരിക്ക് 708 രൂപ ലക്ഷ്യവില പ്രഖ്യാപിച്ചു.
റെലിഗാര്‍ എന്റര്‍പ്രൈസസില്‍ 26 ശതമാനം ഓഹരി വാങ്ങാനായി ഓപ്പണ്‍ ഓഫര്‍ നടത്താന്‍ ഡാബര്‍ ഉടമകളായ ബര്‍മന്‍ കുടുംബത്തിനു റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇതേ തുടര്‍ന്ന് റെലിഗാര്‍ ഓഹരി എട്ടു ശതമാനം വരെ കയറി.
നവംബറിലെ പ്രീമിയം വരുമാനം കുറവായത് എല്‍ഐസി ഓഹരിയെ നാലു ശതമാനം താഴ്ത്തി.
ഇന്നലെ വലിയ നേട്ടം ഉണ്ടാക്കിയ സിയറ്റ് ഇന്നു നാലു ശതമാനം ഇടിഞ്ഞു
രൂപ ഇന്ന് അല്‍പം ദുര്‍ബലമായി വ്യാപാരം തുടങ്ങി. ഡോളര്‍ ഒന്‍പതു പൈസ കയറി 84.77 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.85 രൂപയിലേക്കു കയറി. റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ശക്തമായിരുന്നില്ല. ഫ്യൂച്ചേഴ്‌സില്‍ ഡോളര്‍ 84.96 രൂപ കടന്നു.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2671 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 600 രൂപ വര്‍ധിച്ച് 57,640 രൂപയായി.
ക്രൂഡ് ഓയില്‍ വില താഴുകയാണ്. ബ്രെന്റ് ഇനം 71.85 ഡോളറിലേക്കു താഴ്ന്നു.