അനിശ്ചിതത്വം: വിപണി താഴ്ചയില്‍, എഫ്.എം.സി.ജി ഇടിഞ്ഞു, വില്‍പ്പന ഇടിവില്‍ വാഹന ഓഹരികള്‍ക്ക് തളര്‍ച്ച
സെന്‍സെക്‌സ് 84,500നും നിഫ്റ്റി 24,600നും താഴെ
വിപണി അനിശ്ചിതത്വത്തിലേക്കു മാറി. പലിശ ഉടനേ കുറയില്ല എന്നതാണു പ്രധാനവിഷയം. വാഹന വില്‍പനയിലെ ഇടിവും എഫ്.എം.സി.ജി വില്‍പനയിലെ മാന്ദ്യവും വിപണിയെ വലിച്ചു താഴ്ത്തി. രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ മുഖ്യസൂചികകള്‍ കുറച്ചു സമയം നേട്ടത്തില്‍ നിന്നിട്ടു വീണ്ടും നഷ്ടത്തിലായി. എന്നാല്‍ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ തുടക്കം മുതലേ കയറ്റത്തിലാണ്.
സെന്‍സെക്‌സ് 84,500 നും നിഫ്റ്റി 24,600 നും താഴെയായി.
എഫ്.എം.സി.ജി കമ്പനികളുടെ മൂന്നാം പാദത്തിലെ വില്‍പന വളര്‍ച്ചയും ലാഭവും കുറയും എന്ന വിലയിരുത്തല്‍ നിരവധി കമ്പനികള്‍ക്കു തിരിച്ചടിയായി. ഗോദ്റെജ് കണ്‍സ്യൂമര്‍ 12 ശതമാനം ഇടിഞ്ഞു. ഡാബര്‍, മാരികോ, എച്ച്.യു.എല്‍, ടാറ്റാ കണ്‍സ്യൂമര്‍, ബ്രിട്ടാനിയ, നെസ്ലെ തുടങ്ങിയവ താഴ്ന്നു. എഫ്.എം.സി.ജി സൂചിക രണ്ടു ശതമാനത്തിലധികം താഴ്ചയിലായി.
നവംബറില്‍ യാത്രാവാഹന വില്‍പന 31 ശതമാനവും വാണിജ്യ വാഹന വില്‍പന 15 ശതമാനവും കുറഞ്ഞത് വിപണി നേരത്തേ കണക്കാക്കിയിരുന്നതാണ്. എങ്കിലും വാഹനകമ്പനികള്‍ താഴ്ന്നു. ബാങ്ക് നിഫ്റ്റി ആദ്യമണിക്കൂറില്‍ ചാഞ്ചാടിയിട്ട് പിന്നീടു താഴ്ചയിലായി.
ഓഹരികളുടെ മുന്നേറ്റം
ഗ്രാഫൈറ്റ് ഇലക്ട്രോഡ് കയറ്റുമതി സാധ്യത വര്‍ധിച്ചതിനെ തുടര്‍ന്ന് എച്ച്.ഇ. ജി ലിമിറ്റഡ് ആറു ശതമാനത്തോളം കുതിച്ചു.
ആദിത്യ ബിര്‍ല മണി ഓഹരി 13 ശതമാനം കുതിച്ചു.
വെല്‍സ്പണ്‍ കോര്‍പറേഷനു യു.എസില്‍ നിന്നു പുതിയ ഓര്‍ഡറുകള്‍ ലഭിച്ചത് ഓഹരിയെ മൂന്നു ശതമാനം വരെ ഉയര്‍ത്തി.
ഈസി ട്രിപ് പ്ലാനേഴ്‌സ് വിദേശ കമ്പനികളില്‍ നിര്‍ണായക പങ്കാളിത്തം എടുത്തത് ഓഹരിയെ മൂന്നു ശതമാനം വരെ കയറ്റി.
സുവേന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് അമേരിക്കയില്‍ കോണ്‍ട്രാക്റ്റ് മനുഫാക്ചറിംഗ് കമ്പനിയെ ഏറ്റെടുക്കുന്നതിന്റെ പേരില്‍ ഓഹരി നാലു ശതമാനം വരെ ഉയര്‍ന്നു. പിന്നീട് താഴ്ചയിലായി.
ജെ.എസ്.ഡബ്ല്യു എനര്‍ജി ഓഹരി നാലു ശതമാനം ഉയര്‍ന്നു. 400 മെഗാവാട്ടിന്റെ സോളര്‍ പവര്‍ പ്രോജക്ട് നിര്‍മാണ കരാര്‍ ലഭിച്ചതും 160 കോടി ടണ്‍ ഉള്ള കല്‍ക്കരി ഖനി ലേലത്തില്‍ പിടിച്ചതുമാണു കാരണം
മിഷലിന്‍ കമ്പനിയുടെ കാംസോ ബ്രാന്‍ഡും രണ്ടു ഫാക്ടറികളും വാങ്ങിയ സിയറ്റ് ലിമിറ്റഡ് ഓഹരി 11 ശതമാനം കുതിച്ചു. സിയറ്റിന്റെ ലാഭമാര്‍ജിന്‍ കൂട്ടാന്‍ ഈ വാങ്ങല്‍ സഹായിക്കും.
സിംഗപ്പൂരിലെ ഒരു വലിയ നിക്ഷേപം വിറ്റു മാറാന്‍ തീരുമാനിച്ച പേയ്ടിഎം ഓഹരി മൂന്നു ശതമാനം ഉയര്‍ന്നു.
ഐ.ആര്‍.ഡി.എയുടെ ഷോകോസ് നോട്ടീസ് ലഭിച്ച സ്റ്റാര്‍ ഹെല്‍ത്ത് ഓഹരി നാലു ശതമാനം ഇടിഞ്ഞു.
രൂപ, സ്വര്‍ണം, ക്രൂഡ്
രൂപ നിരക്കു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 84.69 പൈസയില്‍ ഓപ്പണ്‍ ചെയ്ത ശേഷം 84.73 രൂപയിലേക്കു കയറി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2640 ഡോളറിനു താഴെയായി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 120 രൂപ കൂടി 57,040 രൂപയില്‍ എത്തി.
ക്രൂഡ് ഓയില്‍ താഴ്ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം 71.41 ഡോളറിലാണ്.