വിപണി ചാഞ്ചാട്ടത്തിൽ, സെന്‍സെക്‌സ് 80,000ത്തിന് താഴെ; എച്ച്.യു.എല്ലും ഹിൻഡാൽകോയും ഇടിവിൽ

കണ്‍സ്യൂമര്‍ കമ്പനി ഓഹരികളെല്ലാം താഴ്ചയില്‍

Update:2024-10-24 10:42 IST

ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയിട്ട് ആദ്യം ഉയരുകയും പിന്നീട് ചാഞ്ചാടിയിട്ടു കൂടുതൽ താഴുകയുമാണു വിപണി ഇന്നു രാവിലെ ചെയ്തത്. സെൻസെക്സ് 80,000 നും നിഫ്റ്റി 24,400 നും താഴെ എത്തി. പിന്നീടും ചാഞ്ചാട്ടമായി.

ആദ്യ മണിക്കൂറിൽ നിഫ്റ്റി 24,341 നും 24,480 നും ഇടയിലും സെൻസെക്സ് 79,813 നും 80,260 നും ഇടയിലും കയറിയിറങ്ങി.
ബാങ്ക് നിഫ്റ്റി ചാഞ്ചാട്ടത്തിനു ശേഷം അര ശതമാനം നേട്ടത്തിലായി. മിഡ്, സ്മോൾ ക്യാപ് സൂചികകൾ ചെറിയ കയറ്റത്തിലാണ്.
എഫ്എംസിജി സൂചിക രാവിലെ രണ്ടു ശതമാനം ഇടിഞ്ഞു. ഐടി, ഓട്ടോ, മെറ്റൽ സൂചികകളും നഷ്ടത്തിലാണ്.

കമ്പനികളുടെ നേട്ടവും നഷ്ടവും 

വിൽപന കാര്യമായി കൂടാത്ത, ലാഭം കുറഞ്ഞ രണ്ടാം പാദ റിസൽട്ടിനെ തുടർന്ന് ഹിന്ദുസ്ഥാൻ യൂണിലീവർ ഓഹരി ആറു ശതമാനം താഴ്ന്നു. നെസ്‌ലെ, ബ്രിട്ടാനിയ, ടാറ്റാ കൺസ്യൂമർ, ഡാബർ, മാരികോ, യുനൈറ്റഡ് സ്പിരിറ്റ്സ്, ഐടിസി തുടങ്ങിയ കൺസ്യൂമർ കമ്പനികൾ ഇന്നു താഴ്ചയിലാണ്.
വരുമാനം കൂടിയെങ്കിലും ലാഭമാർജിൻ കുറഞ്ഞ കെപിഐടി ടെക്‌നോളജീസ് ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെൻ്റ് വഴി 2880 കോടി രൂപയുടെ ഓഹരി വിൽക്കാനും കമ്പനി ഉദ്ദേശിക്കുന്നു.
പ്രതീക്ഷയിലും മികച്ച റിസൽട്ടിനെ തുടർന്ന് ഡോ. ലാൽ പാഥ് ലാബ്സ് മൂന്നും തൈറോകെയർ ടെക്നോളജീസ് അഞ്ചും ശതമാനം ഉയർന്നു. പിന്നീടു ഡോ. ലാൽ നാലു ശതമാനം നഷ്ടത്തിലായി.
പേയ്ടിഎം ഓഹരിയുടെ ലക്ഷ്യവില ചില ബ്രോക്കറേജുകൾ 900 രൂപയിലേക്ക് ഉയർത്തി.
റിസൽട്ട് പ്രതീക്ഷയിലും മോശമായത് എസ്ബിഐ ലൈഫ് ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി.
ലാഭവും ലാഭമാർജിനും വർധിപ്പിച്ച ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഓഹരി 13 ശതമാനം ഉയർന്നു.
ഹിൻഡാൽകോ ഓഹരി എഴു ശതമാനം ഇടിഞ്ഞ് 670 രൂപയ്ക്കു താഴെ എത്തി. ഫ്രഞ്ച് അലൂമിനിയം കമ്പനി കോൺസ്റ്റെല്ലിയത്തിൻ്റെ റിസൽട്ട് ദയനീയമായത് ഹിൻഡാൽകോയെ വീഴ്ത്തുകയായിരുന്നു. കോൺസ്റ്റെല്ലിയം ഓഹരി ഇന്നലെ 28 ശതമാനം ഇടിഞ്ഞു. കമ്പനി വരുമാന പ്രതീക്ഷ താഴ്ത്തി. വാഹനമേഖലയിൽ ഡിമാൻഡ് കുറയുകയാണെന്നു കമ്പനി പറഞ്ഞു. ഈ സാഹചര്യത്തിൽ വിദേശ സബ്സിഡിയറി നൊവേലിസിൻ്റെയും അതുവഴി ഹിൻഡാൽകോയുടെയും റിസൽട്ട് മോശമാകും എന്നാണു വിപണിയുടെ നിഗമനം. യെസ് സെക്യൂരിറ്റീസ് 775 രൂപ ലക്ഷ്യവില ഇട്ട് ഈ ഓഹരി വാങ്ങാൻ ശിപാർശ ചെയ്തിട്ടുണ്ട്.
എസ്കോർട്സ് കുബോട്ടയുടെ റെയിൽവേ ബിസിനസ് സോണാ ബിഎൽഡബ്ല്യു പ്രിസിഷൻ 10 ശതമാനം വരെ നേട്ടത്തിലായി. എസ്കോർട്സ് കുബോട്ട ആറു ശതമാനം ഇടിഞ്ഞു.

രൂപ, സ്വർണം, ക്രൂഡ് 

രൂപ ഇന്ന് ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ രണ്ടു പൈസ നഷ്ടപ്പെടുത്തി 84.06 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 84.07 രൂപയായി.
സ്വർണം ലോക വിപണിയിൽ 2723 ഡോളറിലായി. കേരളത്തിൽ ആഭരണ സ്വർണം പവന് 440 രൂപ കുറഞ്ഞ് 58,280 രൂപയായി.
ക്രൂഡ് ഓയിൽ വില കയറുകയാണ്. ബ്രെൻ്റ് ഇനം ഒന്നേകാൽശതമാനം ഉയർന്ന 75.95 ഡോളർ വരെ എത്തി.
Tags:    

Similar News