ചരിത്ര നേട്ടം! 80,000 കടന്ന് സെന്‍സെക്‌സ്, 24,300നപ്പുറം നിഫ്റ്റി; ബാങ്ക്, ധനകാര്യ കമ്പനി ഓഹരികള്‍ കുതിപ്പിൽ

ഫെഡറല്‍ ബാങ്ക് ഓഹരി നാലര ശതമാനത്തിലധികം ഉയർന്നു

Update:2024-07-03 10:56 IST

Image by Canva

80,000 കടന്നു സെന്‍സെക്‌സും 24,290നു മുകളില്‍ നിഫ്റ്റിയും ഓപ്പണ്‍ ചെയ്തു റെക്കോര്‍ഡ് കുറിച്ചു. പിന്നീടു താഴ്ന്നു എങ്കിലും റെക്കാേര്‍ഡ് നിലവാരത്തിലാണ് സൂചികകള്‍. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 24,300 പോയിന്റും സെന്‍സെക്‌സ് 80,050 പോയിന്റും കടന്നിട്ടു തിരിച്ചിറങ്ങി.

കഴിഞ്ഞ ദിവസങ്ങളിലെ ക്ഷീണം തീര്‍ത്ത് ബാങ്ക്, ധനകാര്യ കമ്പനി ഓഹരികള്‍ ഇന്നു രാവിലെ കുതിച്ചു. രണ്ടു മേഖലകളുടെയും സൂചികകള്‍ 1.65 ശതമാനത്തിലധികം കയറി. നിഫ്റ്റി ബാങ്ക് 53,180 കടന്നു റെക്കോര്‍ഡ് കുറിച്ചു. എച്ച്.ഡി.എഫ്‌.സി ബാങ്ക് മൂന്നു ശതമാനത്തോളം ഉയര്‍ന്നു. വിദേശനിക്ഷേപകര്‍ ബാങ്കില്‍ താല്‍പര്യം എടുക്കും എന്ന നിഗമനത്തിലാണിത്.
1,017 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ ലഭിച്ചതോടെ കെ.ഇ.സി ഇന്റര്‍നാഷണല്‍ ഓഹരി ഏഴു ശതമാനത്തോളം ഉയര്‍ന്നു.
ഒന്നാം പാദത്തിലെ ബിസിനസ് വളര്‍ച്ച മികച്ചതായതിനെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് ഓഹരി നാലര ശതമാനത്തിലധികം ഉയര്‍ന്ന് 182.62 രൂപ എന്ന റെക്കാേര്‍ഡില്‍ എത്തി. പിന്നീടു താണു.
ബ്രോക്കറേജുകള്‍ നല്ല ശിപാര്‍ശ നല്‍കിയത് ആര്‍.ഇ.സി, പി.എഫ്‌.സി, ഐ.ആര്‍.ഇ.ഡി.എ ഓഹരികള്‍ അഞ്ചു ശതമാനം വീതം കയറാന്‍ സഹായിച്ചു.
ഒന്നാം പാദത്തില്‍ മാംഗനീസ് അയിര്  വില്‍പന ഗണ്യമായി വര്‍ധിച്ചത് എം.ഒ.ഐ.എല്‍ ഓഹരിയെ എട്ടു ശതമാനം ഉയര്‍ത്തി.
ഇന്നലെ 20 ശതമാനം കുതിച്ച ജി.എം ബ്രൂവറീസ് ഇന്നു 15 ശതമാനം ഉയര്‍ന്നു 919 രൂപയില്‍ എത്തി. ഈ വര്‍ഷം ഇതുവരെ 62 ശതമാനം കയറ്റം ഓഹരിക്കുണ്ടായി.
രൂപ ഇന്നു തുടക്കത്തില്‍ ദുര്‍ബലമായി. ഡോളര്‍ നിരക്കു മാറാതെ 83.51 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.53 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ 2,332 ഡോളറിലായി. കേരളത്തില്‍ സ്വര്‍ണം പവന് വില മാറ്റം ഇല്ലാതെ 53,080 രൂപയില്‍ തുടരുന്നു.
ക്രൂഡ് ഓയില്‍ ഉയര്‍ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം 86.14 ഡോളറിലാണ്.
Tags:    

Similar News