ഈ ബാറ്ററി കമ്പനി ഓഹരിയില്‍ മുന്നേറ്റത്തിന് സാധ്യത

പുതിയ ലിഥിയം അയോണ്‍ ബാറ്ററി നിര്‍മാണ കേന്ദ്രം ആരംഭിക്കുന്നു, കയറ്റുമതിയില്‍ മികച്ച നേട്ടം

Update: 2023-06-22 06:47 GMT

Image : Canva

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ലെഡ് ആസിഡ് ബാറ്ററി നിര്‍മാതാക്കളാണ് അമര രാജ ബാറ്ററീസ് (Amara Raja Batteries Ltd). കമ്പനി നിര്‍മിക്കുന്ന 70% ഉത്പന്നങ്ങളും ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. ബാക്കി മറ്റു വ്യവസായങ്ങള്‍ക്കും. 2022-23 ല്‍ മികച്ച നേട്ടം കൈവരിച്ച സാഹചര്യത്തില്‍ ഈ ഓഹരിയുടെ തുടര്‍ന്നുള്ള വളര്‍ച്ചാ സാധ്യതകള്‍ നോക്കാം:

1. 2022-23 ല്‍ വരുമാനം 19.43% വര്‍ധിച്ച് 10,386 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ആദായം 32.5% വര്‍ധിച്ച് 1,355 കോടി രൂപയായി. അറ്റാദായം 45.4% വര്‍ധിച്ച് 745 കോടി രൂപയായി.
2. മറ്റു ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിച്ചു. ഈയത്തിന് വില കുറഞ്ഞിട്ടുണ്ട്. അതിനാല്‍ ലാഭം വര്‍ധിച്ചു.
3. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്നുണ്ട്. അതില്‍ നിന്ന് ലഭിച്ചത് 250 കോടി രൂപയുടെ വരുമാനം. 2023-24 ല്‍ 750 കോടി രൂപ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
4.ലിഥിയം അയോണ്‍ ബാറ്ററികളുടെ ബിസിനസ് വികസിപ്പിക്കാനായി പ്രത്യേക ഉപകമ്പനി സ്ഥാപിക്കും. ഇതിലൂടെ കൂടുതല്‍ നിക്ഷേപങ്ങള്‍ സാധ്യമാകുമെന്ന് കരുതുന്നു.
5. പുനരുപയോഗ, ഹരിത ഊര്‍ജ പദ്ധതികള്‍ക്ക് വേണ്ട ബാറ്ററികളുടെ നിര്‍മാണത്തിലേക്കും കടക്കുകയാണ്. രണ്ടു വര്‍ഷം കൊണ്ട് ഉത്പാദനം ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
6. വൈദ്യുത വാഹനങ്ങള്‍ക്ക് ലെഡ് ആസിഡ് ബാറ്ററികള്‍ ആവശ്യമില്ല, എന്നാല്‍ ലിഥിയം അയോണ്‍ ബാറ്ററികളുടെ ഡിമാന്‍ഡ് പ്രതീക്ഷിച്ച നിലയിലേക്ക് ഉയര്‍ന്നിട്ടില്ല. ഇത് ലെഡ് ആസിഡ് ബാറ്ററി നിര്‍മാതാക്കളെ ആശങ്കയിലാക്കുന്നുണ്ട്.
7. ലിഥിയം ബാറ്ററികള്‍ക്കായി കമ്പനിക്ക് സ്വന്തമായ ഗവേഷണ ഉത്പാദന സംവിധാനം ഉണ്ട്. വാഹന നിര്‍മാതാക്കളുമായി (ഒ.ഇ.എം) പങ്കാളിത്ത വ്യവസ്ഥിതിയില്‍ ബിസിനസ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നു.
8. ഈയത്തിന്റെ വില കുറഞ്ഞതിനാല്‍ മാര്‍ജിന്‍ മെച്ചപ്പെടുമെന്ന് കരുതുന്നു. ഓട്ടോമൊബൈല്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത് ലെഡ് ആസിഡ് ബാറ്ററി നിര്‍മാതാക്കള്‍ക്ക് നേട്ടമാണ്.
9. പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയും കയറ്റുമതി വര്‍ധിപ്പിച്ചും കമ്പനി സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില -762 രൂപ
നിലവില്‍ - 647 രൂപ
Stock Recommendation by Geojit Financial Services. 

(Equity investing is subject to market risk. Always do your own research before investing)

Tags:    

Similar News