ആശ്വാസറാലിയിൽ ഓഹരി വിപണി കുതിക്കുന്നു
ഫെഡറൽ ബാങ്ക് ഓഹരി വില രണ്ടു ശതമാനത്തിലേറെ ഉയർന്നു
ഏഷ്യൻ വിപണികൾ താഴ്ചയിലേക്കു വീണെങ്കിലും ഇന്ത്യൻ ഓഹരി വിപണി ഉഷാറാേടെ വ്യാപാരം തുടങ്ങി; പിന്നീടു കുറേക്കൂടി ഉയർന്നു. സെൻസെക്സ് 59,400 ലേക്കും നിഫ്റ്റി 17,700 ലേക്കും കയറി. മുഖ്യ സൂചികകൾ രാവിലെ ഒരു ശതമാനത്തിലേറെ ഉയരത്തിലെത്തി.
റിയൽ എസ്റ്റേറ്റ് ഭീമൻ ചൈന എവർഗ്രാൻഡെ കടപ്പത്ര പലിശ മുടക്കിയതിനെ തുടർന്ന് ഓഹരിയുടെ വ്യാപാരം ഹോങ്കോംഗ് വിപണിയിൽ നിർത്തി വച്ചു. രാവിലെ ഉണർവോടെ വ്യാപാരം തുടങ്ങിയ ഏഷ്യൻ വിപണികളെല്ലാം ഇതോടെ താഴോട്ടു പോയി. ഹോങ്കോംഗിലെ ഹാങ് സെങ് സൂചിക രണ്ടു ശതമാനം ഇടിഞ്ഞു.
മെറ്റൽ, എഫ്എംസിജി ഒഴികെയുളള വ്യവസായ മേഖലകളെല്ലാം ഇന്നു രാവിലെ ആശ്വാസ റാലിയിൽ പങ്കെടുത്തു. ബാങ്ക്, ധനകാര്യ, ഫാർമ, പി എസ് യു ബാങ്ക്, ഹെൽത്ത് കെയർ മേഖലകൾ കുതിപ്പിനു മുന്നിൽ നിന്നു.
8300 കോടിയുടെ നികുതി നോട്ടീസ് ഗ്രാസിം ഓഹരികൾ രണ്ടു ശതമാനത്തോളം താഴാനിടയാക്കി.
വായ്പാ വിതരണത്തിൽ പത്തു ശതമാനത്തിലേറെ വർധന നേടിയത് ഫെഡറൽ ബാങ്ക് ഓഹരി വില രണ്ടു ശതമാനത്തിലേറെ ഉയർത്തി.
ജർമൻ കമ്പനിയായ മെർക്ക് വികസിപ്പിക്കുന്ന കോവിഡ് മരുന്ന് മോൾനുപിരാവിറിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമായി. ഈ രാസസംയുക്തത്തിൻ്റെ ഏറ്റവും വലിയ നിർമാതാക്കളിലൊന്നാണു ഡിവീസ് ലാബ്. ഡിവീസിൻ്റെ ഓഹരി വില ഇന്നു രാവിലെ ഏഴു ശതമാനത്താേളം ഉയർന്നു.
റെയിൽവേ സർവീസ് സാധാരണ നിലയിലേക്കു മുങ്ങി വരുന്നത് ടിക്കറ്റ് ബുക്കിംഗും കേറ്ററിംഗും നടത്തുന്ന ഐആർസിടിസിയുടെ വില മൂന്നര ശതമാനം ഉയർത്തി. ഒരു മാസത്തിനകം ഓഹരിവില 30 ശതമാനത്തിലേറെ വർധിച്ചു.
അരബിന്ദോ ഫാർമയുടെ എംഡി രാജിവച്ചതിനെ വിപണി സന്തോഷത്തോടെ സ്വാഗതം ചെയ്തു. ഓഹരി വില മൂന്നു ശതമാനത്തിലേറെ ഉയർന്നു.
ഡോളർ ഇന്ന് ചെറിയ നേട്ടം കുറിച്ചു. അഞ്ചു പൈസ ഉയർന്ന് 74.16 രൂപയിലാണു വ്യാപാരം തുടങ്ങിയത്.
ലോകവിപണിയിൽ സ്വർണം 1760 ഡോളറിലേക്കു താണു. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ 34,800 രൂപയിൽ തുടർന്നു.