ചാഞ്ചാട്ടത്തോടെ ആശ്വാസറാലി; മണപ്പുറം ഓഹരി 12 ശതമാനം ഇടിഞ്ഞു
മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ വലിയ വിൽപന സമ്മർദം;
നേട്ടത്തോടെ തുടങ്ങി. വീണ്ടും കയറി. പക്ഷേ വിൽപന സമ്മർദത്തിൽ സൂചികകൾ പിന്നോട്ടു പോന്നു. വീണ്ടും കയറ്റിറക്കം തുടർന്നു. സെൻസെക്സ് 56,955 വരെയും നിഫ്റ്റി 16,998.95 വരെയും ഉയർന്നിട്ടാണ് താണത്.
ഇന്ന് ആശ്വാസ റാലിക്കു ശ്രമിച്ച വിപണിയിൽ രാവിലെ വിദേശ നിക്ഷേപകരും റീട്ടെയിൽ നിക്ഷേപകരും വിൽപനക്കാരായി. ബാങ്ക് ഓഹരികളിലും മിഡ്, സ്മോൾ ക്യാപ് ഓഹരികളിലുമാണ് വലിയ വിൽപന സമ്മർദം. മിഡ് ക്യാപ് സൂചിക മുക്കാൽ ശതമാനവും സ്മോൾ ക്യാപ് സൂചിക ഒരു ശതമാനവും താഴ്ചയിലായി. ബാങ്ക്, ധനകാര്യ, റിയൽറ്റി, മെറ്റൽ, മീഡിയ, ഫാർമ, ഓട്ടോ, ഹെൽത്ത് കെയർ സൂചികകൾ നഷ്ടത്തിലാണ്. ഐടിയും എഫ്എംസിജിയും നേട്ടം കാണിച്ചു.
പ്രൊമോട്ടർമാർ രണ്ടര ശതമാനത്തിലേറെ ഓഹരി വിറ്റു എന്ന റിപ്പോർട്ട് സിപ്ലയുടെ ഓഹരി വില നാലു ശതമാനത്തോളം താഴ്ത്തി.
ഐഷർ മോട്ടോഴ്സിൻ്റെ വരുമാനവും ലാഭ മാർജിനും കുറഞ്ഞത് ഓഹരി വില മൂന്നു ശതമാനം ഇടിച്ചു.
റെപ്കോ ഹോം ഫിനാൻസിൻ്റെ റിസൽട്ട് മോശമായതും കിട്ടാക്കടങ്ങൾ പെരുകിയതും മൂലം ഓഹരി വില പത്തു ശതമാനത്തോളം ഇടിഞ്ഞു.
സിംഗപ്പുർ എക്സ്ചേഞ്ചിൽ ഇരുമ്പയിര് വില 12 ശതമാനം ഇടിഞ്ഞത് എൻഎംഡിസി ഓഹരി വില നാലര ശതമാനം താഴാൻ കാരണമായി. സ്റ്റീൽ വില കുറയ്ക്കാൻ ചൈന ശ്രമിക്കുന്നതാണ് ഇരുമ്പയിര് വില കുറയാൻ കാരണം.
മൂന്നാം പാദ റിസൽട്ട് പ്രതീക്ഷയിലും മോശമായതിനെ തുടർന്ന് മണപ്പുറം ജനറൽ ഫിനാൻസ് ഓഹരി 12 ശതമാനം ഇടിഞ്ഞു. ഇന്നലെയും ഓഹരി കുത്തനേ താണിരുന്നു. മുത്തൂറ്റ് ഫിനാൻസ് ഓഹരി മൂന്നു ശതമാനത്തോളം താണു.
പേ ടിഎം ബിസിനസിൽ വലിയ വളർച്ച കാണിച്ചെങ്കിലും ഓഹരി വില ഇന്നും താഴോട്ടു നീങ്ങി. സൊമാറ്റോയും താഴ്ചയിലാണ്. പിബി ഫിൻടെക്കും നൈകായും ഇന്ന് ഉയർന്നു.
കോവിഡ് കുറഞ്ഞതോടെ ഡയഗ്നോസ്റ്റിക് കമ്പനികളുടെ ഓഹരി വിലയിൽ വലിയ ഇടിവുണ്ടായി. മെട്രാേപ്പോലിസ് ഹെൽത്ത് കെയറിന് രണ്ടു ദിവസം കൊണ്ട് 10 ശതമാനം വിലയിടിഞ്ഞു.ഡോ. ലാൽ പാത് ലാബും നല്ല ഇടിവിലാണ്.
ലോക വിപണിയിൽ സ്വർണ വില 1878 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ പവനു 400 രൂപ വർധിച്ച് 37,440 രൂപയായി.
ഡോളറിന് 10 പൈസ കൂടി 75.70 രൂപയായി.