രൂപയ്ക്കു വൻ ഇടിവ്; ഓഹരികൾ തകർച്ചയിൽ
സെൻസെക്സും നിഫ്റ്റിയും സർവകാല റിക്കാർഡിൽ നിന്നു 15 ശതമാനത്തോളം താഴെ
വിപണിയിൽ നല്ലതും ചീത്തയും ഇല്ലാതാകുന്നു. എല്ലാം താഴോട്ടാണ്. സെൻസെക്സ് 52,700-നു താഴോട്ട് ഇടിഞ്ഞു. നിഫ്റ്റി 15,800 നു താഴേക്കും. ബാങ്ക് നിഫ്റ്റി 33,000 നു കീഴെയായി. പിന്നീട് അൽപം കയറി.
സെൻസെക്സും നിഫ്റ്റിയും സർവകാല റിക്കാർഡിൽ നിന്നു 15 ശതമാനത്തോളം താഴെയായി.
ഏതെങ്കിലും കമ്പനിയോ വ്യവസായ മേഖലയോ നല്ലതാണെന്നോ ചീത്തയാണെന്നോ ഉള്ള വിലയിരുത്തലല്ല ഈ തകർച്ചയ്ക്കു പിന്നിൽ. വിപണിയിൽ നിന്നു മാറാനാണു തത്രപ്പാട്. വിദേശ നിക്ഷേപകർ വിൽപനയുടെ തോതു കൂട്ടി. അതിനനുസരിച്ചു വാങ്ങാൻ സ്വദേശി ഫണ്ടുകൾക്കു കഴിയുന്നില്ല.
ബാങ്കുകളും വാഹന കമ്പനികളുമാണ് ഏറ്റവുമധികം ഇടിഞ്ഞത്. ചിപ്പ് ക്ഷാമവും ലോഹങ്ങളുടെ വിലക്കയറ്റവും അപൂർവ ധാതുക്കളുടെ ദൗർലഭ്യവും ഒക്കെ ചേർന്ന് വാഹന നിർമാണത്തിൽ കുറവ് വരുത്തും എന്നും വിപണി വിലയിരുത്തുന്നു.
ഇടയ്ക്ക് എൻഎസ്ഇയിൽ വ്യാപാരവും വിലയും രേഖപ്പെടുത്തുന്നതിൽ അമാന്തം വന്നു. ഒരു പ്രശ്നവും ഇല്ലെന്ന് എക്സ്ചേഞ്ച് വിശദീകരിച്ചെങ്കിലും 9.30-നു ശേഷം നിരക്കുകൾ കൃത്യമായി പുതുക്കുന്നുണ്ടായിരുന്നില്ല. എൻഎസ്ഇ യുടെ മുൻ മേധാവി ചിത്രാ രാമകൃഷ്ണയെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എക്സ്ചേഞ്ചിലെ കുറേ ഉന്നതർ കൂടി സിബിഐ യുടെ വലയിൽ കുടുങ്ങുമെന്നു സംസാരമുണ്ട്. ചില ബ്രാേക്കറേജുകളും നിരീക്ഷണത്തിലാണ്. മറ്റു ബ്രോക്കറേജുകളേക്കാൾ മുൻപേ വിപണി നിരക്കുകൾ ചില ബ്രോക്കർമാർക്കു കിട്ടാൻ സൗകര്യമുണ്ടാക്കി എന്ന കേസിലാണ് ചിത്ര അറസ്റ്റിലായത്.
ആഗാേള വിപണിയിൽ സ്വർണം 2002 ഡോളർ വരെ കയറിയിട്ട് 1992 ലേക്കു താഴ്ന്നു. കേരളത്തിൽ പവന് 800 രൂപ വർധിച്ച് 39,520 രൂപയായി. 2020 ഓഗസ്റ്റ് 19-നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
രൂപ വീണ്ടും ഇടിഞ്ഞു. 76.93 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. തലേന്നത്തേക്കാൾ 77 പൈസയാണു (1.03 ശതമാനം) ഡോളറിനു കൂടിയത്. രൂപയുടെ ഇടിവ് ഐടി കമ്പനികളുടെ ഓഹരി വില ഉയർത്തി.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 129 ഡോളറിനു മുകളിലായി. സ്പോട്ട് വിപണിയിൽ വില 133 ഡോളറിലെത്തി.