ആഗോള ആശങ്കകളിൽ വിപണി താഴോട്ട്
ഇന്നലെ വലിയ നേട്ടം കുറിച്ച റിലയൻസ് ഇന്നു താഴ്ചയിലായി
ആഗോള ആശങ്കകളുടെ പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയും ഇന്നു താഴ്ചയോടെ വ്യാപാരം തുടങ്ങി. ആദ്യം കൂടുതൽ താഴേക്കു നീങ്ങിയെങ്കിലും പിന്നീട് ഏഷ്യൻ വിപണികളെ അനുകരിച്ച് മുഖ്യസൂചികകൾ അൽപം നഷ്ടം കുറച്ചു. എങ്കിലും വീണ്ടും താഴ്ന്നു.
തുടക്കത്തിൽ രണ്ട് ഓഹരി താഴുമ്പോൾ ഒന്നുമാത്രം ഉയർന്നിരുന്ന നില മാറി ഉയർച്ചയും താഴ്ചയും ഒപ്പത്തിനൊപ്പമായി.
ബാങ്ക് നിഫ്റ്റി തുടക്കത്തിൽ ഒരു ശതമാനം താഴ്ചയിലായിരുന്നതു പിന്നീട് ഒന്നര ശതമാനം നഷ്ടത്തിലായി.
ഇന്നലെ വലിയ നേട്ടം കുറിച്ച റിലയൻസ് ഇന്നു താഴ്ചയിലായി.
ഡ്രെഡ്ജിംഗ് അടക്കം തുറമുഖ -സമുദ്ര സേവനങ്ങൾ ചെയ്യുന്ന ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡിനെ അഡാനി പോർട്സ് 1530 കോടി രൂപയ്ക്കു സ്വന്തമാക്കി. ഈ രംഗത്ത് ഇന്ത്യയിലെ മൂന്നാമത്തെ വലിയ കമ്പനിയാണിത്. അഡാനി പോർട്സ് ഓഹരി മൂന്നു ശതമാനത്താേളം നേട്ടമുണ്ടാക്കി.
വരുമാനത്തിൽ കുറവു വന്നെങ്കിലും ഉയർന്ന ലാഭക്ഷമത സിയൻ്റ് ലിമിറ്റഡിൻ്റെ വില എട്ടു ശതമാനത്തിലധികം കയറാൻ സഹായിച്ചു. ഓഹരി വില 1037 രൂപയിലെത്തുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തി. ഇപ്പാേൾ 800 രൂപയ്ക്കു മുകളിലാണ്.
കഴിഞ്ഞ ദിവസം 20 ശതമാനത്തിലധികം ഉയർന്ന ഏഞ്ചൽ വൺ ഇന്ന് ഒരു ശതമാനത്തോളം താഴോട്ടു പോയി.
രൂപ ഇന്നലത്തെ നേട്ടങ്ങൾ ഇന്നു രാവിലെ നഷ്ടമാക്കി. രാവിലെ 15 പൈസ നേട്ടത്തിൽ 76.30 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.
സ്വർണം ലോകവിപണിയിൽ 1952- 1953 ഡാേളറിലാണ്. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ തുടരുന്നു.
ക്രൂഡ് ഓയിൽ രാവിലെ 108.4 ഡോളറിലേക്കു കയറിയെങ്കിലും പിന്നീട് 107 ഡാേളറിലേക്കു താണു.