താഴ്ന്നു തുടങ്ങി, പിന്നെ നേട്ടം; രൂപ വീണ്ടും ദുർബലം
റിയൽറ്റിയും ഓട്ടോ, മെറ്റൽ കമ്പനികളും നല്ല നേട്ടത്തിലാണ്
ആഗോള സൂചനകളുടെ പിന്നാലെ ഇന്ത്യൻ വിപണിയും നീങ്ങി. രാവിലെ വ്യാപാരത്തുടക്കം താഴ്ചയിലായിരുന്നു. 15 മിനിറ്റിനു ശേഷം മുഖ്യസൂചികകൾ നേട്ടത്തിലായി. എങ്കിലും ഒരു മണിക്കൂർ പിന്നിട്ടിട്ടും കാര്യമായ നേട്ടം സാധിച്ചിട്ടില്ല.
പൊതുമേഖലാ ബാങ്കുകൾ, പൊതുമേഖലാ എണ്ണ കമ്പനികൾ, ഐടി കമ്പനികൾ എന്നിവയാണ് ഇന്നു രാവിലെ വിപണിയെ താഴോട്ടു വലിക്കുന്നത്. ലാഭ മാർജിൻ ഇടിഞ്ഞതോടെ സെൻസാർ ടെക്നോളജീസ് ഓഹരി ആറു ശതമാനത്തോളം താഴ്ചയായി.
റിയൽറ്റിയും ഓട്ടോ, മെറ്റൽ കമ്പനികളും നല്ല നേട്ടത്തിലാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയും മാരുതി സുസുകിയും നേട്ടത്തിനു മുന്നിൽ നിന്നും റിലയൻസ് ഒരു ശതമാനത്തിലധികം ഉയർന്നു.
ഇന്ധനങ്ങളുടെ വിൽപനവില വർധിപ്പിക്കാത്തതു മൂലം പൊതുമേഖലാ ഓയിൽ മാർക്കറ്റ് കമ്പനികൾക്കു വലിയ നഷ്ടം നേരിട്ടു. മൂന്നു കമ്പനികൾക്കും കൂടി 18,480 കോടിയുടെ നഷ്ടമാണ് ഒന്നാം പാദത്തിൽ ഉള്ളത്. കൂടുതൽ നഷ്ടം വരുത്തിയ എച്ച്പിസിഎൽ ആറു ശതമാനവും ബിപിസിഎൽ അഞ്ചു ശതമാനവും ഇടിഞ്ഞു. ഐഒസിയുടെ നഷ്ടവും വിലയിടിവും കുറവായിരുന്നു.
ധാരാളം സർക്കാർ കടപ്പത്രങ്ങൾ വാങ്ങി വച്ചിട്ടുള്ള ബാങ്കുകൾക്ക് കടപ്പത്ര വില താഴ്ന്നതു മൂലം വലിയ നഷ്ടം സഹിക്കേണ്ടി വന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭം ഒന്നാം പാദത്തിൽ താഴോട്ടു പോകാൻ കാരണം കടപ്പത്രങ്ങളിലെ നഷ്ടമാണ്. കടപ്പത്രവില പിന്നീടു കൂടുമ്പോൾ ഈ നഷ്ടം നികത്താനാകും. പക്ഷേ വിപണി ഇന്നലെ എസ്ബിഐ ഓഹരിയെ മൂന്നു ശതമാനം വരെ താഴ്ത്തി.
രൂപ ഇന്നും താഴോട്ടു പോയി. ലോക വിപണിയിൽ ഡോളർ സൂചിക ഉയർന്നതാണു കാരണം. ഡോളർ 30 പൈസ നേട്ടത്തിൽ 79.53 രൂപയിലേക്കു കയറി.
ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെൻ്റ് ഇനത്തിൻ്റെ വില 95.7 ഡോളർ വരെ കയറി.
സ്വർണം രാജ്യാന്തര വിപണിയിൽ 1772-17736 ഡാേളറിലാണ്. കേരളത്തിൽ പവന് വിലമാറ്റമില്ലാതെ 38,040 രൂപയിൽ തുടർന്നു.