ആഗോള സ്വാധീനത്തിൽ വിപണി താഴോട്ട്; രൂപ നേട്ടത്തിൽ

വ്യക്തമായ ദിശാബോധത്തിൽ എത്താൻ ആദ്യമണിക്കൂറിൽ വിപണിക്കു കഴിഞ്ഞില്ല

Update:2022-08-02 11:00 IST

Representational image 

നെഗറ്റീവ് സൂചന നൽകുന്ന ആഗാേള വിപണിയെ പിന്തുടരണോ പോസിറ്റീവ് സൂചന ഉള്ള ഇന്ത്യൻ വിപണിയെ പിന്തുടരണോ എന്ന സന്ദേഹത്തോടെയാണ് ഇന്ന് ഇന്ത്യൻ മാർക്കറ്റ് വ്യാപാരം തുടങ്ങിയത്. വ്യക്തമായ ദിശാബോധത്തിൽ എത്താൻ ആദ്യമണിക്കൂറിൽ വിപണിക്കു കഴിഞ്ഞില്ല. ആഗാേള പ്രവണതയുടെ പിന്നാലെ നീങ്ങി. സൂചികകൾ ക്രമേണ നഷ്ടം വർധിപ്പിച്ചു.

യുഎസിലും ചൈനയിലും ജപ്പാനിലും വ്യവസായ വളർച്ച കുറഞ്ഞു എന്നതാണ് ആഗോള വിപണികളെ മാന്ദ്യഭീതിയിലേക്കു നയിച്ചത്. മെറ്റൽ, ഓയിൽ കമ്പനികൾക്ക് ഇന്നു ക്ഷീണമായി.പൊതുമേഖലാ ബാങ്കുകൾ ഒഴികെയുള്ള ബാങ്കുകളും ധനകാര്യ കമ്പനികളും നഷ്ടത്തിലായി. എഫ്എംസിജി ഒഴികെയുള്ള വ്യവസായ മേഖലകളെല്ലാം ഇന്നു രാവിലെ താഴോട്ടു നീങ്ങി.
കമ്പനി അറ്റാദായം ഉണ്ടാക്കിയില്ലെങ്കിലും പ്രവർത്തന നഷ്ടം ഒഴിവാക്കിയതു സൊമാറ്റാേ ഓഹരി എട്ടു ശതമാനത്തിലധികം ഉയരാൻ സഹായിച്ചു.
ലാഭം 37 ശതമാനത്തിലധികം വർധിപ്പിച്ച കൻസായ് നെരോലാക് കമ്പനിയുടെ ഓഹരി വില 12 ശതമാനത്തിലധികം കുതിച്ചു. ഷാലിമാർ പെയിൻ്റ്സ് നാലു ശതമാനത്തോളം ഉയർന്നു.
ജസ്റ്റ് ഡയൽ ലിമിറ്റഡ് രാവിലെ ആറു ശതമാനത്തോളം നേട്ടമുണ്ടാക്കി.
ഏറ്റവും കൂടുതൽ 5ജി സ്പെക്ട്രം വാങ്ങിയ റിലയൻസിൻ്റെ ഓഹരി രാവിലെ ഉയർന്നെങ്കിലും പിന്നീടു നഷ്ടത്തിലായി.
ഡോളർ ഇന്ന് 78.95 രൂപയിലാണ് ഓപ്പൺ ചെയ്തത്. ആഴ്ചകൾക്കു ശേഷമാണ് ഡോളർ 79 രൂപയ്ക്കു താഴെ വന്നത്. പിന്നീട് ഡോളർ 78.86 രൂപ വരെ താഴ്ന്നു.
സ്വർണം ലോകവിപണിയിൽ 1775 ഡോളറിനു താഴെയായി. കേരളത്തിൽ പവൻ വില 200 രൂപ വർധിച്ച് 37,880 രൂപയിലെത്തി.


Tags:    

Similar News