ഓഹരി വിപണിയിൽ വീണ്ടും ചാഞ്ചാട്ടം; കാരണമായത് ഇതെല്ലാം

അദാനി ഗ്രൂപ്പ് കമ്പനികൾ എല്ലാം കയറ്റത്തിൽ

Update: 2021-05-19 05:21 GMT

ഏഷ്യൻ സൂചികകളുടെ ചുവടുപിടിച്ച് ഇന്നു രാവിലെ ഓഹരികൾ താഴ്ചയിൽ തുടങ്ങി. എങ്കിലും 15 മിനിറ്റിനകം സൂചികകൾ ഉയരത്തിലായി. വിൽപന സമ്മർദം ഉണ്ടായതിനാൽ അധിക സമയം പോസിറ്റീവ് സോണിൽ നിൽക്കാൻ മുഖ്യസൂചികകൾക്ക് കഴിഞ്ഞില്ല. ഒരു മണിക്കൂർ കഴിയുമ്പോൾ സെൻസെക്സ് നൂറു പോയിൻ്റിലേറെ താഴ്ചയിലാണ്.

സ്റ്റീൽ, മെറ്റൽ ഓഹരികളുടെ തളർച്ചയും ചില ബാങ്ക് ഓഹരികളുടെ ഇടിവുമാണു മുഖ്യസൂചികകളെ വലിച്ചുതാഴ്ത്തുന്നത്.

ടാറ്റാ സ്റ്റീൽ, സെയിൽ, ജെഎസ് ഡബ്ള്യു, ജെ എസ്പി എൽ, വേദാന്ത, ഹിൻഡാൽകോ തുടങ്ങിയവ രാവിലെ താഴ്ചയിലായിരുന്നു. എന്നാൽ ഹിന്ദുസ്ഥാൻ കോപ്പറും ഹിന്ദുസ്ഥാൻ സിങ്കും ഉയർന്നു.

പ്രതീക്ഷയ്ക്കു വിപരീതമായി വലിയ നഷ്ടം കാണിച്ച ടാറ്റാ മോട്ടോഴ്സ് ഓഹരി തുടക്കത്തിൽ അഞ്ചു ശതമാനത്തിലേറെ താണു. ചില പ്രമുഖ ബ്രോക്കറേജുകൾ ഓഹരിയുടെ പ്രതീക്ഷിക്കാവുന്ന വില കുത്തനെ താഴ്ത്തി. ഗോൾഡ്മാൻ സാക്സ് 254 രൂപയാണ് ഓഹരിക്കു കണക്കാക്കുന്ന വില. നൊമുറ 313 രൂപ കാണുന്നു.

അഡാനി ഗ്രൂപ്പിലെ അഡാനി ഗ്രീൻ റിന്യൂവബിൾസ് 350 കോടി ഡോളറിന് എസ്ബി എനർജിയെ വാങ്ങാൻ ധാരണയായി. അഡാനി ഗ്രൂപ്പ് കമ്പനികൾ എല്ലാം ഇന്നും കയറ്റത്തിലാണ്.

നാലാം പാദത്തിൽ മികച്ച ലാഭം പ്രതീക്ഷിക്കുന്ന എസ്ബിഐയുടെ ഓഹരി വില ഇന്നും വർധിച്ചു. വെള്ളിയാഴ്ചയാണു ബാങ്കിൻ്റെ റിസൽട്ട് പ്രസിദ്ധീകരിക്കുക.

ചുഴലിക്കാറ്റുമൂലം ബാര്‍ജ് മുങ്ങി 80-ലേറെ ജീവനക്കാരെ കാണാതായത് ഒഎൻജിസിയുടെ ഓഹരി വില ഇടിച്ചു.

ഡോളർ വീണ്ടും താണു. രണ്ടു പൈസ താണ് 73.03 രൂപയിൽ വ്യാപാരം തുടങ്ങിയ ഡോളർ പിന്നീട് 72.96 രൂപയിലേക്കു താണു.

ആഗോള വിപണിയിൽ സ്വർണം 1867 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ വില മാറ്റമില്ല പവന് 36,360 രൂപ.

ക്രൂഡ് ഓയിൽ വില 68 ഡോളറിലേക്കു താണു. 

Tags:    

Similar News