നേട്ടത്തിലും ചാഞ്ചാട്ടം; സ്റ്റീല്‍, മെറ്റല്‍ ഓഹരികള്‍ക്കു തകര്‍ച്ച

നിഫ്റ്റി 16,300-നും സെന്‍സെക്‌സ് 54,500-നും മുകളിലെത്തി

Update: 2022-05-23 05:39 GMT

വിപണി നേട്ടത്തോടെ തുടങ്ങിയെങ്കിലും പിന്നീടു ചാഞ്ചാട്ടമായി.അര മണിക്കൂറിനു ശേഷമാണ് ഉറപ്പായും ഉയര്‍ന്നു നീങ്ങാമെന്ന സമീപനം ഉണ്ടായത്. രണ്ടു തവണ നഷ്ടത്തിലായ ശേഷം നിഫ്റ്റി 16,300-നും സെന്‍സെക്‌സ് 54,500-നും മുകളിലെത്തി. പിന്നീടും ചാഞ്ചാട്ടം തുടര്‍ന്നു.

ചിലയിനം സ്റ്റീലിനു 15 ശതമാനം കയറ്റുമതിച്ചുങ്കം ചുമത്തിയത് സ്റ്റീല്‍ കമ്പനികളുടെ വരുമാനവും ലാഭത്തോതും കുറയ്ക്കും. സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് പ്രമുഖ സ്റ്റീല്‍ കമ്പനികളുടെ വിലലക്ഷ്യം ബ്രേക്കറേജുകള്‍ ഗണ്യമായി താഴ്ത്തി. ടാറ്റാ സ്റ്റീല്‍, ജിന്‍ഡല്‍ സ്റ്റീല്‍, ജെ എസ് ഡബ്ല്യു സ്റ്റീല്‍, സെയില്‍, ജെഎസ്പിഎല്‍ തുടങ്ങിയവ പത്തു മുതല്‍ 16 വരെ ശതമാനം ഇടിഞ്ഞു.
വാഹന കമ്പനികള്‍ക്കു സ്റ്റീല്‍ കയറ്റുമതിച്ചുങ്കം നേട്ടമാണ്. ആഭ്യന്തര വില കുറയും എന്ന പ്രതീക്ഷയിലാണത്. മിക്ക വാഹന കമ്പനികളുടെ ഓഹരികളും ഒന്നു മുതല്‍ അഞ്ചു വരെ ശതമാനം ഉയര്‍ന്നു. മാരുതി സുസുകി നാലര ശതമാനം കയറി.
ഇരുമ്പയിര് കയറ്റുമതി നിരുത്സാഹപ്പെടുത്തുന്നത് ആ മേഖലയിലെ കയറ്റുമതിക്കാര്‍ക്കു ക്ഷീണമായി. എന്‍ എം ഡി സി ഓഹരി 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലായി.
ഹിന്‍ഡാല്‍കോ, വേദാന്ത, നാല്‍കോ, ഹിന്ദുസ്ഥാന്‍ കോപ്പര്‍ തുടങ്ങിയ ലോഹ കമ്പനികള്‍ നാലു മുതല്‍ ഏഴു വരെ ശതമാനം ഇടിഞ്ഞു.
ലോഹകമ്പനികളുടെ സൂചിക എട്ടു ശതമാനത്തോളം താഴ്ചയിലായി. ഡോളര്‍ ഇന്നു 11 പൈസ നേട്ടത്തോടെ 77.67 പൈസയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 77.62 രൂപയിലേക്കു താണു. ഡോളര്‍ സൂചിക 102.7 ലേക്കു താഴ്ന്ന സാഹചര്യത്തിലാണിത്.
സ്വര്‍ണം ലോകവിപണിയില്‍ 1854 ഡോളറിലായി. കേരളത്തില്‍ പവന് 80 രൂപ വര്‍ധിച്ച് 37,720 രൂപയായി.


Tags:    

Similar News