വിപണി ആശ്വാസറാലിയിൽ; വാഹന കമ്പനികൾ ഉയരുന്നില്ല, എന്തുകൊണ്ട്?
മിഡ്, സ്മോൾ ക്യാപ് കമ്പനികളും നേട്ടമുണ്ടാക്കി
പ്രതീക്ഷ പോലെ വിപണി ഉയർന്നു വ്യാപാരം തുടങ്ങി. സെൻസെക്സ് 59,830 വരെ ഉയർന്നു. എന്നാൽ ആ നില അധികം തുടരാനായില്ല. കുറേ താണിട്ട് വീണ്ടും ഉയർന്ന് സെൻസെക്സ് 59,750 - നു മുകളിലും നിഫ്റ്റി 17,800നു മുകളിലും എത്തി.
ബാങ്കുകൾ മുതൽ റിയൽറ്റി കമ്പനികൾ വരെ നല്ല നേട്ടമുണ്ടാക്കിയപ്പോൾ വാഹന കമ്പനികൾക്കു കാര്യമായ ഉയർച്ച സാധിച്ചില്ല. വാഹന ഉൽപാദനവും വിൽപനയും മന്ദഗതിയിലായതാണു കാരണം. ഐടി കമ്പനികൾക്കു വില നന്നായി വർധിച്ചു.
മിഡ്, സ്മോൾ ക്യാപ് കമ്പനികളും നേട്ടമുണ്ടാക്കി.
കൽക്കരിയുടെയും പ്രകൃതി വാതകത്തിൻ്റെയും വില കുറഞ്ഞു തുടങ്ങിയത് സിമൻ്റ്, സ്റ്റീൽ, വൈദ്യുതി ഉൽപാദന കമ്പനികൾക്കു സഹായകമായി.
മികച്ച ലാഭവർധന സെയിൽ ഓഹരിക്കു 12 ശതമാനം വില ഉയരാൻ സഹായിച്ചു. ഉയർന്ന സ്റ്റീൽ വില കമ്പനിയുടെ ലാഭം ഒൻപതു മടങ്ങ് വർധിപ്പിച്ചു.
3008 കോടി രൂപയുടെ ഭീമമായ നഷ്ടം വരുത്തിയ ബന്ധൻ ബാങ്കിൻ്റെ ഓഹരി വില ആറു ശതമാനം താണു. കിട്ടാക്കടങ്ങൾക്കായി 4600 കോടി രൂപ വകയിരുത്തേണ്ടി വന്നതാണ് നഷ്ടത്തിനു കാരണം.
രാജ്യാന്തര വിപണിയിൽ സ്വർണ വില 1784 ഡോളറിനടുത്താണ്. കേരളത്തിൽ സ്വർണ വില മാറ്റമില്ല. 35,760 രൂപയാണ് ശനിയാഴ്ച മുതലുള്ള വില.
ഡോളർ 10 പൈസ നേട്ടത്തിൽ 74.97 രൂപയിലാണ് വ്യാപാരം തുടങ്ങിയത്.