പണം ഒഴുകി വരുന്നു; ഇന്ത്യൻ ഓഹരി സൂചികകൾ കുതിക്കുന്നു

സൂചികകൾ പുതിയ ഉയരങ്ങളിലേക്ക്

Update: 2021-08-09 05:34 GMT

ആഗോള ആശങ്കകൾ അവഗണിച്ച് ഇന്ത്യൻ വിപണി കുതിക്കുന്നു. ദ്വിതീയ വിപണിയിലേക്കും ഐപിഒ വിപണിയിലേക്കും അനുസ്യൂതം ഒഴുകിയെത്തുന്ന പണം ദിവസേന പുതിയ ഉയരങ്ങളിലേക്ക് സൂചികകളെ നയിക്കുന്നു.

ഇന്നു രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കയറിയിറങ്ങി. നിഫ്റ്റി 16,300 കടന്നു. സെൻസെക്സ് 54,500-നു മുകളിലെത്തി.
ബാങ്ക്, ഐടി ഓഹരികൾ ഇന്നത്തെ കുതിപ്പിനു മുന്നിൽ നിന്നു. സിഎസ്ബി ബാങ്ക് ഒഴികെയുള്ള കേരള ബാങ്കുകളുടെ ഓഹരിവില രാവിലെ കൂടി. സ്വർണവില ഇടിയുന്നത് സ്വർണപ്പണയ വായ്പകൾ ധാരാളമുള്ള ഫിനാൻസ് കമ്പനികളുടെ വില കുറയാൻ കാരണമായി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നും ദുർബലമായി.
ആമസാേണുമായുള്ള നിയമയുദ്ധത്തിൽ തിരിച്ചടി നേരിട്ട ഫ്യൂച്ചർ റീട്ടെയിലിൻ്റെ വില ഇന്നു 10 ശതമാനം താണു. രണ്ടു ദിവസം കൊണ്ട് ഓഹരിക്ക് 24 ശതമാനം ഇടിവാണുണ്ടായത്. ഫ്യൂച്ചറിനെ വാങ്ങാൻ കരാർ ഉണ്ടാക്കിയിരുന്ന റിലയൻസിൻ്റെ വിലയും താണു.
വളരെ മികച്ച ലാഭത്തോടെ ഒന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ച ഹിൻഡാൽകോയുടെ ഓഹരി വില ലാഭമെടുക്കലിനെ തുടർന്നു താണു. അലൂമിനിയം ദൗർലഭ്യം തുടരുന്ന സാഹചര്യത്തിൽ ഹിൻഡാൽകോ ഓഹരി മികച്ച നേട്ട സാധ്യത ഉള്ളതായി ബ്രോക്കറേജുകൾ വിലയിരുത്തി.
രൂപ ഇന്നു ദുർബലമായി. ഡോളർ അഞ്ചു പൈസ നേട്ടത്തിൽ 74.21 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 74.25 രൂപയിലേക്കുയർന്നു.
ലോക വിപണിയിൽ വലിയ ചാഞ്ചാട്ടത്തിനു ശേഷം സ്വർണം ഔൺസിന് 1740 ഡോളറിനടുത്തായി. കേരളത്തിൽ പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയായി. രണ്ടു ദിവസം കൊണ്ട് 1000 രൂപ താണു. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ 42,000 രൂപ എന്ന റിക്കാർഡിൽ നിന്ന് 7320 രൂപ താഴെയാണ് ഇപ്പാേൾ.


Tags:    

Similar News