വിപണിയില്‍ കരുത്ത് കാട്ടി എനര്‍ജി സര്‍വീസ് കമ്പനി, ഒരു വര്‍ഷത്തിനിടെ സമ്മാനിച്ചത് 1,200 ശതമാനം നേട്ടം

കമ്പനി അടുത്തിടെ 3:1 എന്ന അനുപാതത്തില്‍ ബോണസ് ഷെയറുകളും പ്രഖ്യാപിച്ചിരുന്നു

Update: 2022-06-08 06:15 GMT

ഒരു വര്‍ഷം മുമ്പത്തെ ഒരു ലക്ഷം രൂപയുടെ നിക്ഷേപം. പിന്നീട് ഓഹരി കുതിച്ചുപാഞ്ഞപ്പോള്‍ നിക്ഷേപകര്‍ക്ക് ലഭിച്ചതാകട്ടെ 12 ലക്ഷം രൂപ. ഓഹരി വിപണിയില്‍ ഈ അസാധാരണ നേട്ടം സമ്മാനിച്ചത് ഒരു എനര്‍ജി സര്‍വീസ് കമ്പനിയാണ്, ഇകെഐ എനര്‍ജി സര്‍വീസ് ലിമിറ്റഡ് (EKI Energy Services Ltd). ഒരു വര്‍ഷത്തിനിടെ 1,204 ശതമാനത്തിന്റെ നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്. അതായത്, ഒരു വര്‍ഷം മുമ്പ് 554 രൂപയുണ്ടായിരുന്ന ഓഹരി വില ഇന്ന് (08-06-2022, 10.22) എത്തിനില്‍ക്കുന്നത് 7,297 രൂപയിലാണ്. എന്നിരുന്നാലും കഴിഞ്ഞ ആറ് മാസത്തിനിടെ 20 ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണ് ഇകെഐ എനര്‍ജി സര്‍വീസ് ലിമിറ്റഡിന്റെ ഓഹരി വിലയിലുണ്ടായത്. ആഗോളതലത്തിലെ കാര്‍ബണ്‍ ക്രെഡിറ്റ് ഡെവലപ്പറും വിതരണക്കാരുമാണ് ഇകെഐ എനര്‍ജി.

2021 ഏപ്രില്‍ ഒമ്പതിന് ബിഎസ്ഇയില്‍ എത്തിയ എനര്‍ജി സര്‍വീസ് കമ്പനി ഇതുവരെയായി വന്‍കുതിപ്പാണ് ഓഹരി വിപണിയില്‍ നടത്തിയത്. 4,359 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ 14 മാസത്തിനിടെ  ഓഹരി കണ്ടത്. അതായത്, അന്ന് ഒരു ലക്ഷം രൂപ ഈ ഓഹരിയില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്ന് അത് 43 ലക്ഷമായി ഉയര്‍ന്നിട്ടുണ്ടാകും. 162 രൂപയിലാണ് ഈ കമ്പനി ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കമ്പനി കാഴ്ചവെച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 383.36 കോടി രൂപയാണ് ഏകീകൃത അറ്റാദായത്തില്‍ രേഖപ്പെടുത്തിയത്. 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 18.69 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്ത വരുമാനം 191.01 കോടി രൂപയില്‍ നിന്ന് 1801.31 കോടി രൂപയായും ഉയര്‍ന്നു. 3:1 എന്ന അനുപാതത്തില്‍ ബോണസ് ഷെയറുകളും കമ്പനി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, എസ്എംഇ വിഭാഗത്തില്‍ നിന്ന് ബിഎസ്ഇയിലെ പ്രധാന ബോര്‍ഡിലേക്ക് കമ്പനിയുടെ മൈഗ്രേഷനും ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.

Tags:    

Similar News